Site iconSite icon Janayugom Online

വൈഗ അഗ്രി-ഹാക്ക് 2023ന് തുടക്കമായി; കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്ക് സാങ്കേതികവിദ്യയിലൂടെ പരിഹാരം: മന്ത്രി പി പ്രസാദ്

കാലാവസ്ഥാ വ്യതിയാനം, പ്രകൃതിക്ഷോഭം, വന്യജീവി ആക്രമണം തുടങ്ങി കാർഷിക ഉല്പാദന മേഖലയിലെ നിരവധി പ്രശ്നങ്ങൾക്ക് ആധുനിക സാങ്കേതിക വിദ്യയിലൂടെ പരിഹാരങ്ങൾ കണ്ടെത്താൻ കഴിയുമെന്ന് കൃഷി മന്ത്രി പി പ്രസാദ്. പരമ്പരാഗതമായി കാർഷിക ഉല്പാദനം മെച്ചപ്പെടുത്തൽ, കർഷകക്ഷേമം എന്നിവയിലൂടെയാണ് കർഷകരുടെ വരുമാനം വർധിപ്പിച്ചിരുന്നത്. എന്നാൽ, മൂല്യവർധനവിന്റെയും വിപണന വിദ്യകളുടെയും പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്തി കർഷകരുടെ വരുമാന വർധനവ് സാധ്യമാക്കാനാണ് കൃഷിവകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ 2023നോട്‌ അനുബന്ധിച്ച് വെള്ളായണി കാർഷിക കോളജിൽ ആരംഭിച്ച അഗ്രി-ഹാക്ക് 2023 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

വൈഗയുടെ ആറാമത് പതിപ്പ് കാർഷിക മേഖലയിലെ സംരംഭകത്വ പ്രോത്സാഹനത്തിനായി ഡിപിആർ ക്ലിനിക് പ്രത്യേകമായി വിഭാവനം ചെയ്തു നടപ്പാക്കുകയാണെന്നും, പദ്ധതിയുടെ ആവശ്യകത മനസിലാക്കി തുടർന്നും രണ്ട് മാസത്തിലൊരിക്കൽ ഡിപിആർ ക്ലിനിക്കുകൾ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. കാർഷികോല്പാദന കമ്മിഷണർ ബി അശോക് മുഖ്യപ്രഭാഷണം നടത്തി. കാർഷികമേഖലയിലെ ഏറ്റവും വലിയ അഗ്രിഹാക്കത്തോൺ ആയ വൈഗ അഗ്രിഹാക്ക് ഇന്നും നാളെയുമായി ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥികൾ, സ്റ്റാർട്ടപ്പുകൾ, പ്രൊഫഷണലുകൾ, കർഷകർ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ടാണ് നടത്തുന്നത്. 

കാർഷിക മേഖലയിലെ തെരഞ്ഞെടുക്കപ്പെട്ട 15 പ്രശ്നങ്ങള്‍ക്ക് സാങ്കേതിക വിദ്യയിലധിഷ്ഠിതമായ പരിഹാരമാർഗങ്ങൾ വികസിപ്പിക്കുവാനും ഹാക്കത്തോൺ ലക്ഷ്യമിടുന്നു. 36 മണിക്കൂർ നീണ്ട പ്രശ്ന പരിഹാര മത്സരത്തിനോടൊപ്പം, മത്സരാർത്ഥികൾക്ക് അവരുടെ ആശയങ്ങളെ പരിപോഷിപ്പിക്കുന്നതിന് സാങ്കേതിക വിദഗ്ധരുടെ പിന്തുണയുമുണ്ടാകും. വ്യത്യസ്ത ഘട്ടങ്ങളായി നടക്കുന്ന വിലയിരുത്തലിൽ വിജയികളാകുന്ന ടീമുകൾക്ക് കാഷ് അവാർഡുകള്‍ നല്‍കുന്നതോടൊപ്പം, അവരുടെ ആശയങ്ങളെ കാർഷിക മേഖലയുടെ പുരോഗതിക്കായി തെരഞ്ഞെടുക്കുകയും ചെയ്യും. 

Eng­lish Summary;Vaiga Agri-Hack launched 2023; Solu­tion to prob­lems in agri­cul­ture sec­tor through tech­nol­o­gy: Min­is­ter P Prasad
You may also like this video

Exit mobile version