Site iconSite icon Janayugom Online

സെല്‍ഫിയെടുക്കാന്‍ കയറിയ ഓട്ടോറിക്ഷാ ഡ്രൈവറെ വന്ദേഭാരത് പറ്റിച്ചു

തിരുവല്ലയില്‍ നിര്‍ത്തിയ വന്ദേഭാരതില്‍ കയറി ഒരു സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച റെയില്‍വേ സ്റ്റേഷനിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് പറ്റിയത് ഒന്നാംതരം പറ്റായിപ്പോയി. ഉച്ചക്ക് 1.39നാണ് ഉദ്ഘാടന യാത്രയ്ക്കിടെ വന്ദേഭാരത് തിരുവല്ലയിലെത്തിയത്. എത്ര സമയം അവിടെ നിര്‍ത്തുമെന്നോ എപ്പോള്‍ എടുക്കുമെന്നോ യാതൊരു അറിയിപ്പും ഉണ്ടായില്ല. ബിജെപി പ്രവര്‍ത്തകരും അതുവഴി ഏര്‍പ്പെടുത്തിയവരുമായ 89 പേര്‍ക്ക് തിരുവല്ലയില്‍ നിന്ന് കോട്ടയം വരെ സൗജന്യ യാത്ര പറഞ്ഞിരുന്നു. ഇത്രയും പേര്‍ കയറുന്നതിനുമുമ്പേ ഒരു സെല്‍ഫി തരപ്പെടുത്തുക മാത്രമായിരുന്നു ഓട്ടോറിക്ഷാ ഡ്രൈവറുടെ ലക്ഷ്യം.

ട്രെയിന്‍ നിര്‍ത്തിയതോടെ ചില്ലുവാതിലുകള്‍ തുറന്നു. നിരവധി പേര്‍ ഇതോടെ സെല്‍ഫിയെടുക്കാന്‍ തുടങ്ങി. അകത്തുകയറിയും സെല്‍ഫിയെടുപ്പ് തുടര്‍ന്നു. തിക്കിത്തിരക്കിയാണ് ഓട്ടോ ഡ്രൈവറും അകത്ത് കടന്നത്. തിരക്കില്‍ അകപ്പെട്ടതാണെന്നും പറയുന്നു. പൊടുന്നനെ വാതിലുകള്‍ അടഞ്ഞു. ട്രെയിനും നീങ്ങി. പിന്നെ ചെന്നുനിന്നത് കോട്ടയത്താണ്.

വന്ദേഭാരതില്‍ ആദ്യമായി തൊടാന്‍ ‘ഭാഗ്യം’ കിട്ടിയ കുടുംബത്തെപ്പോലെ, ലക്ഷ്യം പിഴച്ച് ആദ്യമായി വന്ദേഭാരതില്‍ അകപ്പെട്ട ഖ്യാതി ഇനി തിരുവല്ലയിലെ ഓട്ടോ ഡ്രൈവര്‍ക്ക് സ്വന്തം.

Eng­lish Sam­mury: Vande Bharat Self­ie, autorick­shaw dri­ver got into trou­ble in Vandebharat

Exit mobile version