വാരണാസിയിലെ പ്രശസ്തമായ പര്‍വത നിരകളിലെ സൂര്യോദയത്തിന് സാക്ഷ്യം വഹിക്കുകയും ഗംഗാ നദിയില്‍ നിന്നുള്ള പൂജയായ ഗംഗാ ആരതി വീക്ഷിക്കുകയും ചെയ്ത ശേഷം ഹൃദയാത്മക കുറിപ്പ് പങ്ക് വച്ച് യുഎസ് അംബാസിഡര്‍ എറിക് ഗാര്‍സിറ്റി.”പാരമ്പര്യം നമ്മെ എങ്ങനെ രൂപപ്പെടുത്തുന്നു എന്നതിന്റെ ഓര്‍മപ്പെടുത്തല്‍” എന്നാണ് അദ്ദേഹം കുറിച്ചത്.
ഇന്ത്യയിലെ ആത്മീയ നഗരത്തിലേക്കുള്ള തന്റെ സന്ദര്‍ശനത്തിന്റെ ചിത്രങ്ങളും അദ്ദേഹം എക്‌സിലൂടെ പോസ്റ്റ് ചെയ്തു.
”അസി നിരകളില്‍ നിന്ന് ഗംഗാ നദിയുടെ മുകളിലൂടെയുള്ള സൂര്യോദയം അനുഭവിച്ചറിയുക എന്നത് അത്ഭുതകരമായ ഒന്നായിരുന്നു. ഈ സൗന്ദര്യത്തിന് സാക്ഷ്യം വഹിക്കുന്നതിനായി അതിരാവിലെ ഒത്തുകൂടിയ ആളുകളുമായി ഈ നിമിഷം പങ്കിടാന്‍ കഴിഞ്ഞത് അതിലേറെ സന്തോഷം”. ഇങ്ങനെയായിരുന്നു അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ പങ്ക് വച്ചത്.
ഗംഗാ നദിയുടെ തീരത്ത് വച്ച് നടന്ന ഒരു പൂജയ്ക്ക് സാക്ഷ്യം വഹിച്ചതിനെക്കുറിച്ച് ഗാര്‍സിറ്റി മറ്റൊരു പോസ്റ്റിലൂടെ പങ്കുവച്ചു.
ദശാശ്വമേധ് നിരകളിലെ ഗംഗാ ആരതി ഒരു ചടങ്ങ് മാത്രമല്ല. പാരമ്പര്യം നമ്മെ എങ്ങനെ രൂപപ്പെടുത്തുന്നു എന്നതിന്റെ മനോഹരമായ ഒരു ഓര്‍മപ്പെടുത്തല്‍ ആയിരുന്നു ഇത്. നദിയിലൂടെ പ്രതിഫലിക്കുന്ന വിളക്കുകളും രാത്രിയില്‍ പ്രതിധ്വനിക്കുന്ന മണികളുടെ ശബ്ദവും അവിസ്മരണീയമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു. വാരണാസി നീ എന്റെ ആത്മാവില്‍ തൊട്ടു എന്നാണ് അദ്ദേഹം കുറിച്ചത്.