Site icon Janayugom Online

വടിവില്ലാത്ത ആത്മഹത്യാകുറിപ്പ്

ഓന്റെ ഭീരുത്വം
ഖദർപേപ്പറിന്റെ
നിവർന്ന പള്ളയിൽ
കൂന്തൽ വിഷത്തിന്റെ
തെറിച്ച ചാരുതയാൽ
കൊത്തിവച്ചത്
ഗതിവേഗത്തിൽ
തുരന്നെടുക്കരുതെന്നുറച്ച്
കാലിക്കുടുക്കയുടെ
വിണ്ട മൂടിയിൽ തിരുകിവച്ച
പരേതന്റെ കർമ്മകുശലതയെ
ഒരുവൾ
ശ്വാസമടക്കി വായിക്കാനെടുത്തു
********************
‘അ ’ വേണ്ടത്ര വടിവൊത്തില്ല
എത്ര ചുരുണ്ടിട്ടും
പൊക്കിൾവള്ളി
കെട്ടിപ്പിടിച്ചിട്ടേയില്ലെന്ന്
പരേതൻ പറഞ്ഞിരുന്നല്ലോ!
അതുകൊണ്ടാകും.
‘ഇ ’ മുരടിച്ചു വിണ്ടുപോയി
വളമിടാതൊരിഷ്ടവും
വിരൽ കൊരുക്കില്ലെന്ന്
വയറിരമ്പത്തിലും
ശ്രുതി തെറ്റാതയാൾ
പാടിയിരുന്നല്ലോ!
അതിനാലാകും
‘ഒ ’ ഒരൽപ്പംപോലും ഒട്ടിയിരുന്നേയില്ല
ഒരുമയുണ്ടെങ്കിൽ
കിടക്കാമെന്നുറച്ച
ഉരൽക്കിടക്ക
ഓലക്കീറിലെ
കുഞ്ഞോട്ടയിൽ നിന്നിറ്റുവീണ
മാരിനൂലിനൊപ്പം
പടിയിറങ്ങി പോയിരുന്നല്ലോ!
അങ്ങനെയാകാം
‘ക’ തീർത്തും അവശനായിരുന്നു
കടവും കാടിയും
കുഞ്ഞും കൂരയും
കൂനായ് വന്ന്
കൂരിരുട്ടുമായ്
കൂട്ട് വെട്ടിയിട്ടാകും
അല്ലേ
‘വ’ കടുപ്പം കൊണ്ട് തെളിഞ്ഞേ നിന്നു
വായെടുത്തും
വിരൽ ചൂണ്ടിയും
വിഷം ചൊരിഞ്ഞോനല്ലേ
വയററിയാതെ
വാളെടുത്തു
വീട് വിറ്റോനല്ലേ
**************
ഒടുവിലെ തണുത്ത
കൈയൊപ്പിൽ
അച്ഛനെന്നെഴുതിയ
ചേർത്തെഴുത്തിൽ
ഒരറ്റം മാഞ്ഞുപോയല്ലോ
കണ്ണീരടർന്നോ
കൈ നനഞ്ഞോ? 

Exit mobile version