ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വീണ്ടും ഹൈക്കോടതിയുടെ തിരിച്ചടി. കേരള സർവലാശാല വൈസ് ചാൻസലറെ തെരഞ്ഞെടുക്കാനുള്ള സെർച്ച് ആന്റ് സെലക്ഷൻ കമ്മിറ്റിയിലേക്ക് സെനറ്റിന്റെ പ്രതിനിധിയെ ഒരു മാസത്തിനകം നാമനിർദേശം ചെയ്യണമെന്ന ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ് സ്‌റ്റേ ചെയ്‌ത് ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നാല് സെനറ്റംഗങ്ങൾ നൽകിയ അപ്പീൽ ഹർജിയിലാണ് ചീഫ് ജസ്‌റ്റിസ് എസ് മണികുമാർ, ജസ്‌റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങുന്ന ബെഞ്ച് വിധി പറഞ്ഞത്.
സെർച്ച് കമ്മിറ്റി രൂപീകരിക്കേണ്ടത് ചാൻസലർ അല്ലെന്ന ഹർജിക്കാരുടെ വാദം അംഗീകരിച്ചു കൊണ്ടാണ് കോടതി ഉത്തരവ്. നിശ്ചിത സമയപരിധിയിൽ നോമിനിയെ നൽകിയില്ലെങ്കിൽ യുജിസി ചട്ടവും കേരള സർവകലാശാല നിയമവും അനുസരിച്ചു ചാൻസലർക്കു നടപടിയെടുക്കാമെന്നും സെനറ്റ് നോമിനിയെ നൽകിയാൽ ആ വ്യക്തിയെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കണമെന്നും സമയപരിധി നിശ്ചയിച്ച് എത്രയും വേഗം വൈസ് ചാൻസലറെ തെരഞ്ഞെടുക്കണമെന്നുമാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടിരുന്നത്.
കമ്മിറ്റിയിലേക്കുള്ള നോമിനിയെ നൽകുന്നില്ലെങ്കിൽ സെനറ്റ് പിരിച്ചുവിടാൻ ചാൻസലറോടു നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സെനറ്റിലെ യുഡിഎഫ് അംഗം എസ് ജയറാം നൽകിയ ഹർജിയിലായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിധി. ഇതാണ് ഇപ്പോൾ ഡിവിഷൻ ബെഞ്ച് തള്ളിയത്.
കേരള സർവകലാശാല വി സി നിയമനത്തിനായി ഗവർണർ സെർച്ച് കമ്മറ്റിയെ നിയോഗിച്ചിരുന്നു. എന്നാൽ ഏകപക്ഷീയ തീരുമാനം അംഗീകരിക്കാൻ സെനറ്റ് തയ്യാറായിരുന്നില്ല. ചാൻസലറെ പിന്തുണക്കുന്ന സെനറ്റ് അംഗം നേടിയ അനുകൂല ഉത്തരവ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തത് ഗവര്‍ണർക്ക് തിരിച്ചടിയായി.
സര്‍വകലാശാല ഭേദഗതി ബില്‍ രാജ്ഭവന് കൈമാറി
തിരുവനന്തപുരം: സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവിയില്‍നിന്നു ഗവര്‍ണറെ നീക്കുന്നതിനുള്ള കേരള സര്‍വകലാശാല ഭേദഗതി ബില്‍ രാജ്ഭവന് കൈമാറി സര്‍ക്കാര്‍. ഈ മാസം പതിമൂന്നിനാണ് നിയമസഭ ബില്‍ പാസാക്കിയത്. ഒന്‍പതു ദിവസത്തിനു ശേഷമാണ് ബില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പരിഗണനയ്ക്കായി അയച്ചിരിക്കുന്നത്. ചാന്‍സലര്‍ നിയമനത്തിനു മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്പീക്കറും ഉള്‍പ്പെടുന്ന സമിതി രൂപീകരിക്കണമെന്നാണ് ബില്ലിലെ പ്രധാന വ്യവസ്ഥ.
English Summary: VC appointment: Stay on single bench order
You may also like this video