Site icon Janayugom Online

വികെഎന്നിന്റെ പത്നി വേദവതി അന്തരിച്ചു

സാഹിത്യകാരൻ വി കെ എന്നിന്റെ (വടക്കേക്കൂട്ടാല നാരായണൻകുട്ടി നായര്‍) സഹധര്‍മ്മിണി പുതിയങ്കം മേതിൽ കുടുംബാംഗമായ വേദവതി അമ്മ (90) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ നടക്കും. പാലക്കാട് പുതിയങ്കം മേതിൽ കുടുംബാംഗമായിരുന്നു വേദവതി. മക്കൾ: രഞ്ജന, പരേതനായ ബാലചന്ദ്രൻ. മരുമക്കൾ: പരേതനായ കൃഷ്ണകുമാർ (ആർമി എൻജിനീയർ), രമ. (വി കെ എൻ സ്മാരകം കെയർ ടേക്കർ). തലശ്ശേരിയിൽ മലബാർ ദേവസ്വം ബോർഡിൽ വി കെ എൻ ജോലി ചെയ്തിരുന്ന കാലത്താണ് ഇരുവരും കണ്ടുമുട്ടുന്നത്. ജീവിതയാത്രയിൽ നേരിടേണ്ടിവന്ന പ്രതിസന്ധികൾക്കിടയില്‍ വേദവതിയമ്മ വി കെ എന്നിന് താങ്ങും തുണലുമായി.

വി കെ എന്നിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഓർമകളും സ്മാരകത്തിനായുള്ള പരിശ്രമവുമായാണ് അവസാനശ്വാസം വരെ വേദവതി കഴിഞ്ഞത്. വി കെ എന്നിനെ കുറിച്ച് അറിയാനും പഠിക്കാനും അദ്ദേഹം ജീവിച്ച വീട് കാണാനും എത്തുന്നവരോടെല്ലാം വേദവതിയമ്മ ആ ഓർമകൾ പങ്കിടുക പതിവായിരുന്നു. അദ്ദേഹത്തെക്കുറിച്ച് നല്ലതുമാത്രം എഴുതണേ എന്നും അഭ്യർത്ഥിക്കുകയും ചെയ്യും.

വേദവതിയമ്മയുടെ വേർപാടിൽ സാഹിത്യകാരന്‍ അശോകന്‍ ചെരുവില്‍ ദുഃഖം രേഖപ്പെടുത്തി. വികെഎന്നിന്റെ ഏറ്റവും വലിയ പിൻബലം അവരായിരുന്നു എന്നു തോന്നിയിട്ടുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അഷ്ടമൂർത്തിയും കെ രഘുനാഥനുമൊത്തുള്ള സന്ദർശനങ്ങളുടെ കാലത്ത് ആത്മാർത്ഥമായ സ്‌നേഹവും വാത്സല്യവുമാണ് അവർ പകർന്നു തന്നിട്ടുള്ളത്. ഭക്ഷണം കഴിക്കാതെ അവിടന്നിറങ്ങാൻ അവർ സമ്മതിക്കാറില്ല. കഴിഞ്ഞ രണ്ടുവർഷങ്ങളിലും വികെഎൻ സ്മരണദിനങ്ങളിൽ തിരുവില്വാമല പോയിരുന്നു. വാർദ്ധക്യകാല രോഗങ്ങൾ കൊണ്ട് ഓർമ്മകൾ തെല്ലു മങ്ങിയ അവസ്ഥയിലായിരുന്നു വേദവതിയമ്മ. എങ്കിലും തന്നെ വേഗം തിരിച്ചറിഞ്ഞത് വീട്ടുകാർക്കും കൗതുകമായി. അശോകന്‍ ചെരുവില്‍ അനുസ്മരിച്ചു.

Eng­lish Sam­mury: VKN’s wife ved­h­vathi passed away

Exit mobile version