വാഹനങ്ങളുടെ വില വര്‍ധിപ്പിച്ച് രാജ്യത്തെ മുന്‍നിര ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്. തെരഞ്ഞെടുത്ത മോട്ടോർസൈക്കിളുകളുടെയും സ്കൂട്ടറുകളുടെയും വില രണ്ട് ശതമാനം വര്‍ധിപ്പിക്കുമെന്ന് ഹീറോ മോട്ടോകോർപ് അറിയിച്ചു. അടുത്തമാസം മുതല്‍ വിലവര്‍ധനവ് പ്രാബല്യത്തില്‍ വരും. കർശനമായ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾക്കനുസൃതമായി ഉല്പാദനച്ചെലവിലെ വർധനവിന്റെ ആഘാതം നികത്തുന്നതിനു വേണ്ടിയാണ് നടപടിയെന്നും കമ്പനി അറിയിച്ചു.
വാഹനവിപണിയിലെ മുന്‍നിരക്കാരായ ടാറ്റ മോട്ടോഴ്സ് വാഹനങ്ങളുടെ വില വീണ്ടും വർധിപ്പിക്കാൻ പോകുന്നതായി കഴിഞ്ഞദിവസം സൂചന നല്‍കിയിരുന്നു. എല്ലാ വാണിജ്യ വാഹനങ്ങൾക്കും അഞ്ച് ശതമാനം വില കമ്പനി വർധിപ്പിക്കുമെന്നാണ് വിവരം. പഴയ വാഹനങ്ങളുടെ വില്പനയും മാർച്ച് 31 വരെ മാത്രമേ നടക്കൂ. ഇതിനുശേഷം പുതിയ സീരീസ് കാറുകൾ മാത്രമേ വിൽക്കൂ. ടാറ്റ മോട്ടോഴ്സ് നിലവിൽ പഴയ വാഹനങ്ങൾക്ക് വൻ വിലക്കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ട്. യാത്രാ വാഹനത്തിന്റെ വില്പനയിൽ ടാറ്റ മോട്ടോഴ്സ് അതിവേഗം വളരുമ്പോൾ വാണിജ്യ വാഹന വില്പനയിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. 2023 ഫെബ്രുവരിയിലെ വില്പന പരിശോധിച്ചാൽ, 36,565 യൂണിറ്റുകളാണ് വിറ്റത്. കൂടാതെ 2022 ഫെബ്രുവരിയിൽ 37,552 യൂണിറ്റുകളായിരുന്നു വില്പന. മൂന്ന് ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി.
ടാറ്റ യോദ്ധ പിക്ക് അപ്പ്, ടാറ്റ ഇൻട്ര, ടാറ്റ 407 ഗോൾഡ്, ടാറ്റ എയ്സ് ഇവി, ടാറ്റ 1512 തുടങ്ങിയവയാണ് കമ്പനിയുടെ വാണിജ്യ വാഹനങ്ങളിലെ പ്രധാനികൾ. എട്ടുലക്ഷം മുതൽ 23.5 ലക്ഷം വരെയാണ് വാഹനങ്ങളുടെ വില. കൂടാതെ ടാറ്റ സിഗ്ന, ടാറ്റ 912 എന്നിവയും വില്പനയിലെ പ്രധാനികളാണ്. നേരത്തെ ടാറ്റ മോട്ടോഴ്‌സ് യാത്ര വാഹനങ്ങളുടെ വിലയിൽ വലിയ മാറ്റം വരുത്തി 30,000 രൂപ വർധിപ്പിച്ചിരുന്നു. ഫെബ്രുവരി 10ന് കമ്പനി ടിയാഗോ ഇവിയുടെ എല്ലാ വേരിയന്റുകളുടെയും വില 20,000 രൂപ വർധിപ്പിച്ചിരുന്നു. അതേസമയം, നെക്‌സോണിന്റെ വിലയിലും 15,000 രൂപ വർധന ഉണ്ടായി. മറ്റ് കാറുകളുടെ വിലയും ടാറ്റ വർധിപ്പിച്ചിട്ടുണ്ട്.
നികുതി വര്‍ധനയ്ക്കു മുമ്പ് വാഹനം വാങ്ങാൻ തിരക്ക്
സംസ്ഥാന ബജറ്റ് നിർദേശം അനുസരിച്ച് ഏപ്രിൽ ഒന്നു മുതൽ പുതിയ വാഹനങ്ങളുടെ റോഡ് നികുതി കൂടുന്നതിനാൽ വാഹന വില്പനയിൽ വൻ കുതിപ്പ്. ഈ മാസം 31ന് മുമ്പ് രജിസ്റ്റർ ചെയ്താൽ മാത്രമേ നിലവിലുള്ള നിരക്കിൽ റോഡ് നികുതി അടയ്ക്കാൻ കഴിയൂ. അവസാന ദിവസങ്ങളിലെ തിരക്ക് മുൻകൂട്ടി കണ്ട് പരമാവധി വാഹനങ്ങൾ 25നകം രജിസ്റ്റർ ചെയ്യുകയാണ് വാഹന ഡീലർമാരുടെ ലക്ഷ്യം. ബജറ്റ് അനുസരിച്ച് അഞ്ച് ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങൾക്ക് ഒരു ശതമാനം, അഞ്ചുലക്ഷം മുതൽ 15 ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് രണ്ട് ശതമാനം, 15 ലക്ഷം മുതൽ 20 ലക്ഷം വരെയും, 20 ലക്ഷം മുതൽ 30 ലക്ഷം വരെയും അതിനു മുകളിലും ഒരു ശതമാനം വീതമാണ് നികുതി വർധന. വിൽക്കുന്ന ഭൂരിപക്ഷം കാറുകളും 5–15 ലക്ഷം രൂപ നിലവാരത്തിലുള്ളതാണ്. രണ്ടുശതമാനം നിരക്ക് കൂടുമ്പോൾ നികുതിയിലെ വർധന 10,000 മുതൽ 30,000 രൂപ വരെ. 15–20 ലക്ഷമാണ് വിലയെങ്കിൽ ഒരു ശതമാനം വർധന അനുസരിച്ച് 15,000 രൂപ മുതൽ 20,000 രൂപ വരെ അധികം നൽകണം. ഇതൊഴിവാക്കാനാണ് ഈ മാസം തന്നെ രജിസ്റ്റർ ചെയ്യാനുള്ള തിരക്കുകൂട്ടൽ.
English Sammury: Vehicles Prices are Rising, Hero has increased the price by two percent and Tata increased by five percent