Site iconSite icon Janayugom Online

വെ‍ഞ്ഞാറമൂട് കൂട്ടക്കൊല; സാമ്പത്തിക പ്രതിസന്ധി തന്നെയെന്ന് ഉറപ്പിച്ച് പൊലീസ്

വെഞ്ഞാറമൂട്ടില്‍ സഹോദരനെയും പെൺസുഹൃത്തിനെയും ബന്ധുക്കളെയും അടക്കം അഞ്ച് പേരെ ചുറ്റികയ്ക്ക് അടിച്ചുകൊന്ന സംഭവത്തിന് പിന്നില്‍ സാമ്പത്തിക പ്രതിസന്ധി തന്നെയെന്ന് ഉറപ്പിച്ച് പൊലീസ്. പ്രതിയായ അഫാന്റെ (23) പിതാവ് അബ്ദുള്‍ റഹീമിന്റെ സൗദിയിലെ ബിസിനസ് തകര്‍ന്നതിനെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. കുടുംബത്തിന്റെ വരുമാനം നിലച്ചതോടെ അഫാനും മാതാവ് ഷെമിയും സഹോദരൻ അഫ്സാനും അടങ്ങുന്ന കുടുംബം ബുദ്ധിമുട്ടിലായി. ഇതിനിടയിൽ ചിട്ടിപിടിച്ചും, കടംവാങ്ങിയുമൊക്കെയാണ് ഷെമി കുടുംബം മുന്നോട്ട് കൊണ്ടുപോയത്. വരുമാനം കുറഞ്ഞെങ്കിലും അഫാന്റെ ആഡംബര ജീവിതം കടം വീണ്ടും പെരുകാനിടയാക്കി. ഇതിനിടയിൽ ഷെമിയും റഹീമും തമ്മിലും പ്രശ്നങ്ങളുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇതാണ് കുടുംബത്തിലെ സാമ്പത്തിക ബാധ്യതയെപ്പറ്റി റഹീമിന് അറിവില്ലാതായതിന് കാരണമായി പൊലീസ് പറയുന്നത്. 

അഫാന് മാതാവ് ഷെമിയോടും സഹോദരൻ അഫ്സാനോടും പെൺസുഹൃത്ത് ഫർസാനയോടും മാത്രമാണ് അടുപ്പമുണ്ടായിരുന്നത്. കുടുംബത്തിൽ എല്ലാവരും ആത്മഹത്യ ചെയ്യാൻ പദ്ധതിയിട്ടിരുന്നെന്നും മരണം ഉറപ്പാക്കാനാണ് താൻ തന്നെ കൊലപാതകം ചെയ്തതെന്നുമാണ് അഫാൻ പൊലീസിനോട് പറഞ്ഞത്. ഇക്കാര്യം മാതാവ് ഷെമിയോട് പറഞ്ഞപ്പോൾ പേടി കാരണം സമ്മതിച്ചില്ലെന്നും അഫാൻ പൊലീസിനോട് പറഞ്ഞു. മകനെ സംരക്ഷിക്കുന്ന തരത്തിൽ ഷെമി മൊഴി നൽകുന്നത് ഇത് അറിവുള്ളതിനാലാണെന്നാണ് സൂചന. അതേസമയം ഭാര്യയ്ക്കും മകൻ അഫാനും 65 ലക്ഷം രൂപയുടെ ബാധ്യതയുള്ളതായി തനിക്ക് അറിയില്ലെന്ന് റഹീം പൊലീസിന് മൊഴി നല്‍കി. തന്റെ അറിവിൽ അഞ്ച് ലക്ഷം രൂപ വായ്പ അടക്കം 15 ലക്ഷത്തോളം ബാധ്യതയാണ് ഉള്ളത്. മറ്റു ബാധ്യതകൾ ഭാര്യയോ മകനോ തന്നെ അറിയിച്ചിരുന്നില്ല. സൗദിയിലെ തൊഴിൽ പ്രശ്നം കാരണം കുറച്ച് കാലം നാട്ടിലേക്ക് വിളിച്ചിരുന്നില്ല. അഫാന്റെ പെണ്‍സുഹൃത്ത് ഫര്‍സാനയുടെ സ്വർണമാല പണയം വച്ചത് എടുത്തുകൊടുക്കാനായി 60,000 രൂപ അയച്ചുകൊടുത്തിരുന്നുവെന്നും റഹീം പറഞ്ഞു.
തനിക്കുണ്ടായ സാമ്പത്തിക ബുദ്ധിമുട്ട് ഒരുതരത്തിലും മകനെ അറിയിച്ചിരുന്നില്ലെന്നും റഹീം മൊഴിയിൽ പറയുന്നു. വീടുവച്ചതിൽ കടം ഇല്ലെന്ന് ഭാര്യ ഷെമിയെ ആശുപത്രിയില്‍ കണ്ടശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

ഷെമിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ആരോഗ്യ കാര്യങ്ങളല്ലാതെ മറ്റൊന്നും സംസാരിച്ചില്ലെന്നും വീട് പണയത്തിലല്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന് ഒരാഴ്ച മുമ്പും മകനുമായി വാട്സാപ്പ്‌ വഴി സംസാരിച്ചിരുന്നു. അതേസമയം, അഫാനെ തിങ്കളാഴ്ച മെഡിക്കൽ കോളജിൽ നിന്ന് ഡിസ്ചാർജ് ചെയ്തേക്കും. അന്ന് തന്നെ കസ്റ്റഡി അപേക്ഷ നൽകുമെന്ന് പൊലീസ് അറിയിച്ചു. ഇന്നോ നാളെയോ മറ്റ് കേസുകളിൽ കൂടി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തും. സഹോദരൻ അഫ്സാൻ, പെൺസുഹൃത്ത് ഫർഹാന, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ സജിതാബീവി എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ് ചെയ്യുക. പിതൃമാതാവ് സൽമാബീവിയെ കൊലപ്പെടുത്തിയ കേസിൽ നേരത്തെ അഫാനെ അറസ്റ്റ് ചെയ്തിരുന്നു. ആശുപത്രി സെല്ലിൽ റിമാൻഡിലുള്ള അഫാനെ ഡിസ്ചാർജ് ചെയ്യുന്നതോടെ ജയിലിലേക്ക് മാറ്റും. കസ്റ്റഡിയിൽ ലഭിച്ചാലുടൻ കൊലപാതകം നടന്ന വീടുകളിലെത്തിച്ച് തെളിവെടുക്കും. 

Exit mobile version