Site iconSite icon Janayugom Online

വെഞ്ഞാറമൂട് കൂട്ടക്കൊല; പിന്നില്‍ സാമ്പത്തിക ബാധ്യതയെന്ന് നിഗമനം

അഞ്ചുപേരെ കൂട്ടക്കൊല ചെയ്തതിന് പിന്നില്‍ പ്രതി അഫാന്റെ കുടുംബത്തിനുണ്ടായിരുന്ന വൻ സാമ്പത്തിക ബാധ്യതയെന്ന നിഗമനത്തില്‍ പൊലീസ്. 65 ലക്ഷം രൂപയുടെ കടം അഫാന്റെ പിതാവ് അബ്ദുള്‍ റഹീമിനുണ്ടായിരുന്നതായാണ് അന്വേഷണ സംഘം പറയുന്നത്. പിതൃമാതാവ് സൽമാബീവിയെ കൊലപ്പെടുത്തിയ ശേഷം അഫാൻ ചില കടങ്ങൾ വീട്ടിയിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സൽമാബീവിയെ കൊന്ന ശേഷം കൈക്കലാക്കിയ മാല പണയം വച്ച് കിട്ടിയ 74,000 രൂപയിൽ 40,000 രൂപ സ്വന്തം അക്കൗണ്ട് വഴി അഫാൻ കടക്കാർക്കു നൽകി. ശേഷിച്ച പണം കൊണ്ട് ഭക്ഷണം വാങ്ങുകയും മദ്യപിക്കുകയും ചെയ്തു. അനുജനെ കൊലപ്പെടുത്തിയ ശേഷം, കൈയിൽ ബാക്കിയുണ്ടായിരുന്ന പണം മൃതദേഹത്തിനു സമീപം വിതറുകയായിരുന്നു. 

പിതാവ് വിദേശത്ത് കടബാധ്യതയിലായതും അമ്മ ഷെമിയുടെ അസുഖവും കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി വര്‍ധിപ്പിച്ചു. വട്ടിപ്പലിശക്കാരില്‍ നിന്ന് പണംവാങ്ങിയിരുന്നു. ആഴ്ചയില്‍ 9,000 രൂപ വരെ ഇത്തരത്തില്‍ മടക്കിനല്‍കേണ്ട സ്ഥിതിയുമുണ്ടായി. ഇതിന് പണമില്ലാതെ വന്നതോടെ ബന്ധുക്കളുടെ സ്വര്‍ണവും പണയത്തിനായി വാങ്ങിയെന്നും സൂചനയുണ്ട്. ആഡംബര ജീവിതം നയിക്കാനാവാതെ വന്നതോടെ നിരാശയിലായ അഫാൻ പലരും പണം മടക്കി ചോദിച്ച് തുടങ്ങിയതോടെ അസ്വസ്ഥനുമായി. വിദേശത്ത് കടബാധ്യത ഉള്ളതിനാല്‍ റഹീമിന് നാട്ടിലേക്ക് പോകാൻ യാത്രാ വിലക്കുണ്ട്. കൂട്ട ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചെങ്കിലും മാതാവ് ഷെമി തയ്യാറായില്ല. ഇതോടെയാണ് മറ്റുള്ളവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് അഫാൻ ചിന്തിച്ചത്. എന്നാല്‍, കൊലപാതകങ്ങള്‍ക്ക് ശേഷം മനസ് മാറുകയും സ്റ്റേഷനില്‍ എത്തുകയായിരുന്നു എന്നുമാണ് പൊലീസ് ഇപ്പോള്‍ അനുമാനിക്കുന്നത്. 

ഇക്കാര്യങ്ങളെല്ലാം ഉറപ്പിക്കണമെങ്കില്‍ അഫാനെ വിശദമായി ചോദ്യം ചെയ്യണം. എലിവിഷം കഴിച്ചെന്ന് പറഞ്ഞതിനെ തുടര്‍ന്ന് തിരുവനന്തപുരം മെ‍ഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള അഫാന്റെ മൊഴി രേഖപ്പെടുത്താനോ വിവരങ്ങള്‍ ചോദിച്ചറിയാനോ പൊലീസിനായിട്ടില്ല. ഇന്നുവരെയാണ് അഫാനെ നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. മറ്റു പ്രശ്നങ്ങളില്ലെന്ന് കണ്ടാല്‍ നാളെ ചോദ്യം ചെയ്യാനാണ് തീരുമാനം.
അഫാന്റെ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കൊലപാതകങ്ങൾക്കിടെ അഫാൻ ബാറിലെത്തി മദ്യപിച്ചെന്നും മദ്യം പാഴ്സ‍ൽ വാങ്ങിയെന്നും പൊലീസ് സ്ഥിരീകരിച്ചു. അതേസമയം, അഫാന്റെ ആക്രമണത്തിൽ പരിക്കേറ്റ് വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷെമിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. ഷെമി സംസാരിച്ചു തുടങ്ങിയെന്ന് ഡോക്ടർമാർ പറഞ്ഞു. ഷെമിയുടെ താടിയെല്ലും തലയോട്ടിയും പൊട്ടിയിട്ടുണ്ട്.
അതിനിടെ അഫാന്റെ പെണ്‍സുഹൃത്ത് ഫര്‍സാന മരിക്കുന്നതിന് മുമ്പുള്ള സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. മുക്കന്നൂരിലെ വീട്ടിൽ നിന്ന് വെഞ്ഞാറമൂട് ഭാഗത്തേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്.

Exit mobile version