Site iconSite icon Janayugom Online

കണ്ണീര്‍ക്കയങ്ങളില്‍ നിന്നും വെള്ളാര്‍മലയുടെ വിജയം

ഉരുള്‍ പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്നുപോയ വെള്ളാര്‍മല വിദ്യാലയം കളിക്കൂട്ടുകാരെയെല്ലാം ചേര്‍ത്ത് മേപ്പാടിയിലെത്തിയപ്പോഴും വിജയ പ്രതീക്ഷ കൈവിട്ടില്ല. 55 കുട്ടികള്‍ പരീക്ഷയെഴുതിയ ഈ വിദ്യാലയത്തില്‍ നിന്നും ഒരു മുഴുവന്‍ എ പ്ലസ് അടക്കം എല്ലാവരും വിജയിച്ചു. ഇരുള്‍ നിറഞ്ഞ ആ പ്രളയകാലത്തെ പിന്നിലാക്കിയാണ് അവര്‍ ഒരു അധ്യയന വര്‍ഷം മറികടന്നത്. 

ദുരന്തത്തില്‍ പൂര്‍ണമായും തകര്‍ന്ന മുണ്ടക്കൈ, വെള്ളാര്‍മല സ്കൂളിലെ കുട്ടികള്‍ മേപ്പാടിയിലെ സര്‍ക്കാര്‍ വിദ്യാലയത്തിലാണ് ഇത്തവണ പഠനം തുടര്‍ന്നത്. മുണ്ടക്കൈ ജിഎപി സ്കൂളിലെ 61 കുട്ടികളും വെളളാര്‍മല ജിവിഎച്ച്എസ്എസിലെ 546 കുട്ടികളുമാണ് പുതിയ ക്ലാസ് മുറികളില്‍ പഠനം തുടര്‍ന്നത്. ഇവര്‍ക്കായി ഇവരുടെ അധ്യാപകരെയും ഇവിടേക്ക് എത്തിച്ചിരുന്നു. ഈ വേദനകള്‍ക്കിടയിലായിരുന്നു ഇത്തവണ പത്താം ക്ലാസ് പരീക്ഷ.

കരുതലാര്‍ന്ന കൈത്താങ്ങുകളിലൂടെ ഈ കുട്ടികളെയും ക്ലാസ് മുറികള്‍ പുതിയ പാഠങ്ങളിലേക്ക് കൈപിടിച്ചു. നഷ്ടപ്പെട്ടുപോയ പാഠപുസ്തകങ്ങളും പുതുവസ്ത്രങ്ങളും ബാഗുകളും, പുനഃപ്രവേശനോത്സവവുമെല്ലാം അവര്‍ക്കായൊരുക്കി. ചൂരല്‍മലയില്‍ നിന്നും രാവിലെയും വൈകിട്ടും കെഎസ്ആര്‍ടിസി ബസും ഇവര്‍ക്കായി പ്രത്യേക സര്‍വീസുകള്‍ നടത്തി. ദുരന്തത്തിന്റെ നടുക്കുന്ന കാഴ്ചകളെ കണ്ണില്‍ നിന്നും മായാത്ത കുരുന്നു മനസുകള്‍ക്ക് ദുരന്ത അതിജീവനത്തിനുള്ള പാഠങ്ങളും അധ്യാപകര്‍ കൂട്ടിച്ചേര്‍ത്തു.

ദുരന്തത്തില്‍ 36 കുട്ടികള്‍ മരിക്കുകയും 17 കുട്ടികളെ കാണാതാവുകയും ചെയ്തിരുന്നു. 316 കുട്ടികള്‍ ദുരിതാശ്വാസ ക്യാമ്പുകളിലുമായിരുന്നു. ഉറ്റവരെയും വീടിനെയും വിദ്യാലയത്തെയും നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പഠന സൗകര്യം ഒരുക്കുകയെന്നതും താല്‍ക്കാലിക പുനരധിവാസം പോലെ പ്രധാനപ്പെട്ടതായിരുന്നു.

Exit mobile version