Site iconSite icon Janayugom Online

വിയറ്റ്നാം സഹകരണം കാർഷിക മേഖലയ്ക്ക് ഊർജം പകരും: മന്ത്രി പി പ്രസാദ്

കേരളവും വിയറ്റ്നാമും സംയുക്ത സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതികൾ കാർഷിക‑കൃഷിയനുബന്ധ മേഖലകളുടെ വികസനത്തിനും കാലാവസ്ഥാ അതിജീവനത്തിനും ഗുണപ്രദമായിരിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. വിയറ്റ്നാം അംബാസിഡർ ഫാം സാൻഹ് ചൗവിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘവുമായി തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കാർഷികമേഖലയിൽ വിയറ്റ്നാം സർക്കാരുമായി സംയോജിച്ച് നടപ്പിലാക്കാൻ കഴിയുന്ന പദ്ധതികളെ സംബന്ധിച്ച ചർച്ചയാണ് വിയറ്റ്നാം സംഘവുമായി തിരുവനന്തപുരത്ത് നടന്നത്.

പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുന്ന നെല്ലിനങ്ങളുടെ പരസ്പര കൈമാറ്റം, സംയോജിത കൃഷിസമ്പ്രദായ വിദ്യകളുടെ കൈമാറ്റം, പൈനാപ്പിൾ, ചക്ക, കശുമാവ്, റബർ തുടങ്ങിയ വിളകളിൽ മൂല്യവർധന ശൃംഖലയിലെ സാങ്കേതികവിദ്യകളുടെ കൈമാറ്റം, അത്യുല്പാദനശേഷിയുള്ള റബർ ഇനങ്ങളുടെ കൈമാറ്റം എന്നിവയാണ് വിയറ്റ്നാമുമായി സഹകരിച്ച് നടപ്പിലാക്കുന്നതിന് സാധിക്കുക. കുരുമുളക് കൃഷിയിൽ വിയറ്റ്നാം അനുവർത്തിക്കുന്ന അതി സാന്ദ്രത കൃഷി രീതി, സൂക്ഷ്മ ജലസേചനം, കാപ്പി കൃഷിയിൽ അനുവർത്തിക്കുന്ന യന്ത്രവല്‍ക്കരണം, വിളവെടുപ്പാനന്തര പരിചരണ മുറകൾ, സൂക്ഷ്മ ജലസേചനം എന്നിവയും ചെറു കൃഷിഭൂമികൾക്കു അനുയോജ്യമായ യന്ത്രവൽകൃത മാതൃകകൾ എന്നിവയും വിയറ്റ്നാമിൽ നിന്നും സ്വീകരിക്കുവാൻ സംസ്ഥാനം ആഗ്രഹിക്കുന്നതായി മന്ത്രി അറിയിച്ചു.

സാധ്യമായ മേഖലകളിൽ സാങ്കേതിക വിദ്യകളും അറിവും കൈമാറുന്നതിനുള്ള ധാരണയാണ് സന്ദർശന ലക്ഷ്യമെന്ന് വിയറ്റ്നാം അംബാസിഡർ ഫാം സാൻഹ് ചൗ പറഞ്ഞു. ഇരു സർക്കാരുകൾ തമ്മിലും അവിടത്തെ കർഷക,വ്യവസായ സംഘങ്ങൾ തമ്മിലും സഹകരണം സാധ്യമാണെന്നും വിയറ്റ്നാം അംബാസിഡർ അറിയിച്ചു. ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി കെ രാമചന്ദ്രൻ, സ്പെഷ്യൽ ഓഫീസർ (വിദേശ സഹകരണം ) ഡോ. വേണു രാജാമണി, കാർഷിക സർവകലാശാല വൈസ് ചാൻസിലർ ഡോ. ചന്ദ്രബാബു, കൃഷി വകുപ്പ് സെക്രട്ടറി സി എ ലത, വിയറ്റ്നാം അംബാസിഡറുടെ പ്രൈവറ്റ് സെക്രട്ടറി സൺ ഹൊയാങ് മെയ്ഡങ്, വിയറ്റ്നാം പൊളിറ്റിക്കൽ കൗൺസിലർ നുയെൻ തൈനോക് ഡങ്, ട്രേഡ് കൗൺസിലർ ബിട്രങ് തു വാങ്, കൗൺസിലർ നോയൻ തൈതാൻഹ് ക്വാൻ, വോയ്സ് ഓഫ് വിയറ്റ്നാം ബ്യൂറോ ചീഫ് ഫാൻ താങ് ടങ്, കൃഷി ഡയറക്ടർ ടി വി സുഭാഷ്, ഡബ്ല്യുടിഒ സ്പെഷ്യൽ ഓഫീസർ ആരതി, സ്പെെസസ് ബോർഡ് ചെയർമാൻ ഡോ. രാജശേഖരൻ എന്നിവർ പങ്കെടുത്തു.

eng­lish sum­ma­ry: Viet­nam coop­er­a­tion will boost agri­cul­ture: Min­is­ter P Prasad

you may also like this video

Exit mobile version