താല്‍ക്കാലീക വൈദ്യുതി കണക്ഷന്‍ സ്ഥിരം കണക്ഷനായി മാറ്റി നല്‍കുന്നതിന് വീട്ടുടമസ്ഥരില്‍ നിന്നും 10,000 രൂപാ കൈക്കുലി വാങ്ങുന്നതിനിടെ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ഓവര്‍സിയര്‍ വിജിലന്‍സ് പിടിയിലായി. കുറവിലങ്ങാട് കെഎസ്ഇബി ഓഫീസിലെ ഓവര്‍സിയര്‍ കീഴൂര്‍ കണ്ണാര്‍വയല്‍ എം കെ രാജേന്ദ്രന്‍ (51)നെയാണ് വിജിലന്‍സ് സംഘം അറസ്റ്റുചെയ്തത്.
കുറവിലങ്ങാട് പകലോമറ്റം പള്ളിക്കുസമീപം താമസിക്കുന്നപ്രവാസിയുടെ വീടിന്റെ വൈദ്യുതി കണക്ഷന്റെ ആവശ്യത്തിനാണ് ഓവര്‍സിയര്‍ കൈക്കൂലി വാങ്ങിയത്. വിജിലന്‍സ് കിഴക്കന്‍മേഖല എസ്.പി വി ശ്യംകുമാറിന്റെ നിര്‍ദ്ദേശാനുസരണം ഡിവൈഎസ്പി നിര്‍മ്മല്‍ ബോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ഓവര്‍സിയറെ പിടികൂടിയത്.
പകലോമറ്റം പള്ളിക്കുപിന്‍ഭാഗത്ത് രണ്ടുവര്‍ഷം മുമ്പാണ് പ്രവാസി സ്ഥലംവാങ്ങി വീടുവച്ചത്. വീടിന്റ നിര്‍മ്മാണജോലികള്‍ പൂര്‍ത്തീകരിച്ചതോടെ താല്‍ക്കാലീക കണക്ഷന്‍ മാറി സ്ഥിരം കണക്ഷന്‍ കെഎസ്ഇബിയോടെ ആവശ്യപ്പെട്ടു. ത്രീ ഫേസ് കണക്ഷനാണ് ആവശ്യപ്പെട്ടത്.എന്നാല്‍ ത്രീ ഫേസ് ലൈന്‍ കടന്നുപോകുന്നത് വീടിനു 500 മീറ്റര്‍ അകലെകൂടിയാണ്. ഇതില്‍ നിന്നു ലൈന്‍ വലിക്കാന്‍ 65000 രൂപ ചെലവഴിക്കേണ്ടിവരുമെന്ന് ഓവര്‍സിയര്‍ പറഞ്ഞു. 15000 രൂപ ആദ്യഘട്ടമായി നല്‍കിയാല്‍ ഇത് ശരിയാക്കി നല്‍കാമെന്നും ഇയാള്‍ വീട്ടുകാരോട് പറഞ്ഞിരുന്നു. ഇക്കാര്യം കോട്ടയം ഓഫീസില്‍ പരാതിപ്പെട്ടതോടെയാണ് വിജിലന്‍സ് സംഘം പ്രവാസിയുടെ വീട്ടിലെത്തിയത്. വീട്ടിലെത്തിയാല്‍ പണം നല്‍കാമെന്നു ഓവര്‍സിയറെ അറിയിച്ചതിനെത്തുടര്‍ന്നു ഇയാള്‍ വീട്ടിലെക്കെത്തി പണം കൈപ്പറ്റുമ്പോള്‍ വിജിലന്‍സിന്റെ പിടിയിലാകുകയായിരുന്നു.
സി ഐ മാരായ സജു കെ ദാസ്,മനു വി നായര്‍, എസ് ഐ മാരായ സ്റ്റാന്‍ലി തോമസ്,സുരേഷ്‌കുമാര്‍,പി എന്‍ പ്രദീപ്, കെ സി പ്രസാദ്, എഎസ് ഐമാരായ കെ എസ് അനില്‍കുമാര്‍, എം ജി രജീഷ്,ഇ പി രാജേഷ്, കെ പി രഞ്ജിനി, പി എസ് അനൂപ്, കെ എ അനൂപ്, ആര്‍ സുരേഷ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ വൈകിട്ട് കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.