Site iconSite icon Janayugom Online

കെ സുധാകരന്റെ സാമ്പത്തിക സ്രോതസില്‍ വിജിലന്‍സ് അന്വേഷണം

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ സാമ്പത്തിക സ്രോതസുകളെ സംബന്ധിച്ച് വിജിലന്‍സിന്റെ കോഴിക്കോട് യൂണിറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. സുധാകരന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് വന്ന പണത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. സാമ്പത്തിക സ്രോതസ് സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ടെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ കെ സുധാകരന്‍ സ്ഥിരീകരിച്ചു. പൊലീസിന്റെ രഹസ്യാന്വേഷണ വിഭാ​ഗമാണ് അന്വേഷിക്കുന്നതെന്നായിരുന്നു സുധാകരന്റെ വിശദീകരണം. എന്നാല്‍ വിജിലന്‍സാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

അക്കൗണ്ട് വിവരങ്ങൾ അറിയിക്കാൻ ഭാര്യക്ക് കത്ത് ലഭിച്ച വിവരവും കെ സുധാകരൻ ഡല്‍ഹിയില്‍ വെളിപ്പെടുത്തി. ഭാര്യയുടെ 2001 മുതലുള്ള ശമ്പളത്തിന്റെയും മറ്റ് ആനുകൂല്യങ്ങളുടെയും വിവരങ്ങളാണ് വിജിലന്‍സ് തേടിയത്. സുധാകരന്റെ ഭാര്യ ജോലി ചെയ്തിരുന്ന സ്‌കൂളിലെ പ്രിന്‍സിപ്പലിനും വിജിലന്‍സ് നോട്ടീസ് നല്‍കിയിട്ടുണ്ട്. മോന്‍സന്‍ മാവുങ്കല്‍ കേസില്‍ സുധാകരന്റെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് വിജിലന്‍സ് വിശദമായി അന്വേഷിക്കുന്നുണ്ട്. ഇതിന് പുറമേയാണ് സുധാകരന്റെ ഭാര്യയുടെ സാമ്പത്തിക വിവരങ്ങളും വിജിലന്‍സ് തേടിയിരിക്കുന്നത്.

സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി​ ​ഗോവിന്ദനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും കെ സുധാകരൻ പറഞ്ഞു. ഏത് വിധത്തിലുള്ള അന്വേഷണവുമായും പൂർണമായി സഹകരിക്കുമെന്നും കെ സുധാകരൻ പറഞ്ഞു. തനിക്കെതിരെ ഒരു ആരോപണം ഉയര്‍ന്നു കഴിഞ്ഞാൽ അത് തെളിയിക്കാനുള്ള മാർ​ഗം വ്യവസ്ഥാപിതമായ സംവിധാനത്തിലൂടെ ചോദ്യം ചെയ്യുക എന്നത് തന്റെ ധർമ്മമാണ്, തന്റെ ആവശ്യവുമാണെന്ന് കെ സുധാകരൻ വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി ഡി സതീശനുമൊത്താണ് രാഹുല്‍ ഗാന്ധിയെ കാണാനായി കെ സുധാകരന്‍ ഡല്‍ഹിയിലേക്ക് പോയത്.

Eng­lish Sam­mury: Vig­i­lance inves­ti­ga­tion into finan­cial resources of K Sudhakaran

Exit mobile version