Site iconSite icon Janayugom Online

വിജയ് ഏഴ് മണിക്കൂർ വൈകിയാണ് എത്തിയത്; കരൂര്‍ ദുരന്തത്തില്‍ ടിവികെ മേധാവിയെ വിമര്‍ശിച്ച് എംകെ സ്റ്റാലിന്‍

41 പേരുടെ മരണത്തിന് ഇടയാക്കിയ കരൂര്‍ ദുരന്തത്തില്‍ വിജയിയെയും തമിഴ് വെട്രി കഴകം പാര്‍ട്ടിയെയും നിശിതമായി വിമര്‍ശിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നിയമസഭയില്‍. 

ടിവികെയുടെ സമയക്രമങ്ങളിലെ പിഴവാണ് കരൂരില്‍ തിക്കും തിരക്കും ഉണ്ടാകാന്‍ കാരണമായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഉച്ച കഴിഞ്ഞ് 3 മണിമുതല്‍ 5 മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന പരിപാടി പ്രതീക്ഷിക്കാമെന്നാണ് പൊലീസിനോട് പറഞ്ഞിരുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു. എന്നാല്‍ ഉച്ചയോടെ വിജയ് വേദിയിലെത്തുമെന്നും പൊലീസ് വിന്യാസം പുനപരിശോധിക്കണമെന്നും ടിവികെ പാര്‍ട്ടി അറിയിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വിജയ് 7 മണിക്കൂര്‍ വൈകിയാണ് എത്തിയതെന്നും ഇത് വന്‍ തിരക്കിന് കാരണമാകുകയായിരുന്നുവന്നും സ്റ്റാലിന്‍ പറഞ്ഞു.

“കുടിവെള്ളം, സ്ത്രീകൾക്ക് മതിയായ ശൗചാലയം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടതിന്” സംഘാടകരെ, അതായത് ടിവികെയെ അദ്ദേഹം വിമർശിച്ചു. ടിവികെ പ്രവർത്തകർ രണ്ട് ആംബുലൻസ് ഡ്രൈവർമാരെ ‘ആക്രമിച്ചുവെന്നും സ്റ്റാലിന്‍ ആരോപിച്ചു.

പരിക്കേറ്റവരെ സഹായിക്കാൻ ശ്രമിക്കുന്നതിനിടെ അടിയന്തര സേവന ജീവനക്കാർക്ക് പരിക്കേറ്റുവെന്നും അവരുടെ വാഹനങ്ങൾ നശിപ്പിക്കപ്പെട്ടുവെന്നും സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു. ഇതില്‍ പൊലീസ് കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Exit mobile version