Site iconSite icon Janayugom Online

തിരുനക്കരയില്‍ പൊതുദര്‍ശനം ആരംഭിച്ചു

സമയം രാവിലെ 11.12. ഉമ്മന്‍ ചാണ്ടിയെ വഹിച്ചുള്ള വിലാപയാത്ര തിരുനക്കരയിലെത്തി. 11.15ഓടെ ഭൗതികശരീരം വാഹനത്തില്‍ നിന്ന് പുറത്തെടുത്ത് മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തില്‍ കിടത്തി. ഇവിടെ കൂടിയിരിക്കുന്ന ഓരോരുത്തര്‍ക്കും ഉമ്മന്‍ ചാണ്ടിയുടെ ചേതനയറ്റ ശരീരം ഒരുനോക്കുകാണാന്‍ അവസരമൊരുക്കുക എന്നത് അസാധ്യമാണ്. അത്രമേല്‍ തിരുനക്കര മൈതാനവും വീഥികളും ജനങ്ങളാല്‍ തിങ്ങിനിറഞ്ഞിരിക്കുകയാണ്.‍

10.25നാണ് വിലാപയാത്ര ഡിസിസിയിലെത്തിയത്. ഡിസിസി പ്രസിഡന്റുള്‍പ്പെടെ ഏതാനും പ്രധാന നേതാക്കള്‍ അദ്ദേഹത്തിന്റെ മൃതദേഹത്തില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ അവസരമൊരുക്കിയിരുന്നു. തുടര്‍ന്ന് പുറപ്പെട്ട വിലാപയാത്രയാണ് ഒരു മണിക്കൂര്‍കൊണ്ട് അരകിലോ മീറ്റര്‍ ദൂരം മാത്രമുള്ള തിരുനക്കരയെത്തിയത്.

ഉമ്മന്‍ചാണ്ടിയുടെ നിരവധി രാഷ്ട്രീയ പ്രസംഗങ്ങൾക്ക് വേദിയായിരുന്ന തിരുനക്കര മൈതാനം. ഇവിടെ ലക്ഷക്കണക്കിനാളുടെ നിലവിളികളും മുദ്രാവാക്യങ്ങളും അലയടിക്കുകയാണ്. എപ്പോഴാണ് വിലാപയാത്ര പുതുപള്ളിയിലേക്ക് പുറപ്പെടുകയെന്ന് പറയാനാവില്ല.

ഇന്ന് ഉച്ചവരെ പുതുപ്പള്ളിയിലെ വസതിയിലും പുതിയതായി പണിയുന്ന വീട്ടിലും പൊതുദർശനത്തിന് വയ്ക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഉച്ചകഴിഞ്ഞായിരിക്കും മൈതാനത്തുനിന്ന് പുതുപ്പള്ളിയിലേക്ക് പുറപ്പെടാനാവുക. അതേസമയം തറവാട്ടു വസതിയില്‍ മതപരമായ പ്രാര്‍ത്ഥനയും പ്രഭാഷണങ്ങളും വൈദികരുടെ നേതൃത്വത്തില്‍ തുടരുകയാണ്. പള്ളിയ്ക്കുള്ളിലാണ് സമാപന ശുശ്രൂഷ.  പള്ളിയുടെ വടക്കേ പന്തലിൽ പൊതുദർശനത്തിനും ഏര്‍പ്പാടായിക്കഴിഞ്ഞു. സംസ്കാര ചടങ്ങുകൾക്കുള്ള ഒരുക്കങ്ങള്‍ തീര്‍ത്തിട്ടുണ്ട്. 20 ബിഷപ്പുമാരും ആയിരത്തോളം വൈദികരും സമാപശുശ്രൂഷയില്‍ പങ്കാളികളാകും. അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം ഔദ്യോഗിക ബഹുമതികൾ ഒഴിവാക്കിയാണ് സംസ്ക്കാര ചടങ്ങുകൾ. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കേരള നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍, രാഹുല്‍ഗാന്ധി, കേരളത്തിലെയും കര്‍ണാടകയിലെയും വവിധ മന്ത്രിമാര്‍ തുടങ്ങിയവര്‍ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കും.

Eng­lish Sam­mury: oom­men chandy’s body at thirunakkara maithan

Exit mobile version