Site iconSite icon Janayugom Online

തൊഴിലാളികളെ കൊണ്ടുവരാന്‍ ജാര്‍ഖണ്ഡില്‍ പോയ ജീവനക്കാരെ ഗ്രാമവാസികള്‍ ബന്ദികളാക്കി; ടൂറിസ്റ്റ് ബസും തടവില്‍

labourlabour

തോട്ടം തൊഴിലാളികളെ ജാർഖണ്ഡിൽ നിന്നും കൊണ്ടുവരാൻ പോയ ടൂറിസ്റ്റ്ബസും രണ്ടു ജീവനക്കാരെയും അവിടെത്തെ ഗ്രാമവാസികൾ ബന്ധികളാക്കി. ജാർഖണ്ഡ് ഭിംവാടി ജില്ലയിലെ ജുമാ പൊലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. കട്ടപ്പന സ്വദേശി സാബു ജോസഫിന്റെ ടൂറിസ്റ്റ് ബസിലെ ജീവനക്കാരായ ഇടുക്കി, കൊച്ചറ, ചെമ്പകത്തിനാൽ കെ പി അനീഷ് (39), ചപ്പാത്ത് അയ്യപ്പൻകോവിൽ, മേരികുളം, പാലക്കൽ, പി ബി ഷാജി(46) എന്നിവരെയാണ് ജാർഖണ്ഡിലെ പ്രദേശ വാസികൾ ബന്ധികളാക്കിയത്. കേരളത്തിലെ ഏലതോട്ടങ്ങളിലേക്ക് സ്‌ഥിരമായി തൊഴിലാളികളെയുമായി പോയി വരുന്ന ബസും ജീവനക്കാരുമാണ് ബന്ധിയാക്കപെട്ടത്.
കേരള പോലിസ് ആവശ്യപ്പെട്ടതനുസരിച്ച് ജാർഖണ്ഡ് പോലീസ് സ്ഥലത്തെത്തി രണ്ട് ജീവനക്കാരെയും രക്ഷപ്പെടുത്തി സമീപത്തെ ജമു പോലീസ് സ്റ്റേഷനിൽ എത്തിച്ചുവെങ്കിലും ബസ് വിട്ടു നൽകുവാൻ പ്രദേശ വാസികളുടെ തയ്യാറായിട്ടില്ല. മുൻപ് പ്രദേശത്തു നിന്ന് തമിഴ് നാട്ടിൽ ജോലിക്ക് പോയ അഞ്ച് തൊഴിലാളികളുടെ ശമ്പള കുടിശിഖ ബസിലെ ജീവനക്കാർ നൽകണമെന്നാണ് ഇവരുടെ ആവശ്യം. ശനിയാഴ്ച ഉച്ചയോടെ പ്രദേശത്തെ ചില നേതാക്കൾ അവർക്ക് തൊഴിലാളികളിൽ നിന്ന് ലഭിച്ച ട്രാവൽ ഏജൻസിയുടെ ഫോൺ നമ്പർ മുഖേനെ ബസ് ജീവനക്കാരെ ഫോണിൽ വിളിച്ചു 15 തൊഴിലാളികൾ കേരളത്തിലേക്ക് പോകാനുണ്ടെന്നും അവരെ കയറ്റികൊണ്ട് പോകാൻ ബസ് സ്ഥലത്തേക്ക് വരണമെന്നും അറിയിച്ചു. അതനുസരിച്ചു ഗ്രാമത്തിലെത്തിയ ബസ്സും ജീവനക്കാരെയും അറുപതോളം പേർ വരുന്ന സംഘം തടഞ്ഞുവച്ചു ബന്ധികളാക്കുകയായിരുന്നു. തൊഴിലാളികൾക്ക് നൽകാനുള്ള ശമ്പള കുടിശികയായി ഒരാൾക്ക് 6000 രൂപ വീതം അഞ്ചുതൊഴിലാളികളുടെ കുടിശിഖ ശമ്പളം നൽകണമെന്നു ആവശ്യപ്പെട്ടു. തുടർന്ന് അറുപതോളം വരുന്ന പ്രദേശവാസികൾ വടികളും ആയുധങ്ങളുമായി ജീവനക്കാരെ ബസിനുള്ളിലാക്കി ലോക്ക് ചെയ്തു പുറത്തു കാവൽ നിന്നു. മൂന്ന് ലക്ഷം രൂപ നൽകിയാലേ ജീവനക്കാരെയും ബസും വിട്ടുകൊടുക്കു എന്ന നിലപാട് സ്വീകരിച്ചു. ബസ് ജീവനക്കാർ മുൻപ് തൊഴിലാളികളെ ജോലിക്ക് കൊണ്ടു പോയത് തങ്ങളല്ലെന്നും തൊഴിലാളികളെ തങ്ങൾക്കറിയില്ലെന്നും പറഞ്ഞു. തുടർന്ന് കുപിതരായ പ്രദേശ വാസികൾ ജീവനക്കാരെ മർദിക്കുകയും അവരെ ബന്ധികളാക്കുകയും ചെയ്തു. ജീവനക്കാരോടെപ്പമുണ്ടായിരുന്ന മറ്റൊരാൾ ഈ സംഭവം ബസ് ഉടമയെ അറിയിക്കുകയും അദ്ദേഹം കേരള പോലീസിലെ ഉന്നത ഉദ്യോഗസ്ഥരെ ബന്ധപെടുകയുമായിരുന്നു. ഇതേ തുടർന്ന് കേരള പോലീസ് ജാർഖണ്ഡ് പോലീസിനെ ബന്ധപെട്ടു ജീവനക്കാരെ രക്ഷപെടുത്തി ജമു പോലീസ് സ്റ്റേഷനിൽ എത്തിച്ചു. എന്നാൽ ബസ് ഇപ്പോഴും പ്രദേശ വാസികളുടെ പിടിയിലാണ്. ബസ് പ്രദേശ വാസികളിൽ നിന്നു പിടിച്ചെടുത്തു ജീവനക്കാരെ സഹിതം കേരളത്തിലേക്ക് അയക്കാൻ വേണ്ട നടപടികൾ കേരള പോലീസ് ജാർഖണ്ഡ് പോലീസുമായി ചേർന്ന് സ്വീകരിച്ചു വരുകയാണ്.

Eng­lish Sum­ma­ry: Vil­lagers held hostages of work­ers who went to Jhark­hand to fetch work­ers; The tourist bus is also in custody

You may like this video also

Exit mobile version