Site iconSite icon Janayugom Online

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ ഗുരുതര പ്രത്യാഘാതം; പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ

അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ നടത്തുന്ന പ്രകോപനപരമായ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പുമായി ഇന്ത്യ. പഹൽഗാം ഭീകരാക്രമണത്തിനു ശേഷം തുടരെ 51 തവണ വെടിനിർത്തൽ കരാർ ലംഘനമുണ്ടായി. തുടര്‍ച്ചയായ ആറാം ദിവസം ജമ്മു കശ്മീരിലെ നൗഷേര, സുന്ദർബാനി, അഖ്നൂർ സെക്ടറുകളിൽ പാക് വെടിവയ്പുണ്ടായി. സൈന്യം ഇതിന് തിരിച്ചടി നല്‍കി. ഏറ്റവും പുതിയ നടപടിയായി പാകിസ്ഥാന്റെ വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമാതിര്‍ത്തി നിഷേധിക്കുകയും ചെയ്തു. ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതിയുടെ യോഗം തിരിച്ചടിക്ക് സൈന്യത്തിന് പൂര്‍ണ അനുമതി നല്‍കിയെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലാണ് സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി യോഗം ചേര്‍ന്നത്. രാവിലെ 11ന് ആരംഭിച്ച യോഗം ഒരു മണിയോടെ അവസാനിച്ചു. 

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ക്യാബിനറ്റ് സെക്രട്ടറി ടി സി സോമനാഥന്‍, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ പി കെ മിശ്ര, ശക്തികാന്ത ദാസ് എന്നിവര്‍ പങ്കെടുത്തു. ഇന്ത്യ തിരിച്ചടിക്ക് സജ്ജമായി നില്‍ക്കുകയാണെന്നും ഏത് നിമിഷവും സംഭവിച്ചേക്കാമെന്നും പാകിസ്ഥാന്‍ വാര്‍ത്താ വിതരണ മന്ത്രി അത്താവുള്ള തരാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യക്കെതിരായ നീക്കത്തിന് പാക് സൈന്യം സര്‍ക്കാരിനോട് അനുമതി തേടിയെന്നും സൂചനയുണ്ട്. പാകിസ്ഥാന്റെ വ്യോമത്താവളങ്ങളെല്ലാം സജ്ജമാക്കി. സ്കര്‍ദു, ഗില്‍ജിത്ത് വിമാനത്താവളങ്ങളില്‍ നിന്ന് കറാച്ചി, ലാഹോര്‍, ഇസ്ലാമാബാദ് എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന എല്ലാ വിമാനങ്ങളും പാകിസ്ഥാന്‍ നിര്‍ത്തിവച്ചു. പ്രകോപനപരമായ അവകാശവാദങ്ങളും പാകിസ്ഥാന്‍ തുടരുകയാണ്. കശ്മീരില്‍ പട്രോളിങ്ങിനെത്തിയ നാല് റഫാല്‍ യുദ്ധവിമാനങ്ങള്‍ എയര്‍ഫോഴ്സിന്റെ ഇടപെടലിനെ തുടര്‍ന്ന് പിന്‍വാങ്ങിയെന്ന് പാകിസ്ഥാന്‍ ഇന്നലെ അവകാശവാദം ഉന്നയിച്ചു. നേരത്തെ ഇന്ത്യയുടെ രണ്ട് ഡ്രോണുകള്‍ വെടിവച്ചിട്ടതായും അവകാശപ്പെട്ടിരുന്നു. 

Exit mobile version