പലസ്‌തീനിൽ ഇസ്രയേൽ നടത്തുന്നത് ഒരു പ്രത്യേക വിഭാഗത്തിനെതിരായ അക്രമമല്ലെന്നും അത് മനുഷ്യത്വത്തിനെതിരെയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ശിവഗിരി തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യേശുക്രിസ്‌തു ജനിച്ച ബത്‌ലഹേമിൽ ഇക്കുറി ക്രിസ്‌മസ് ആഘോഷം ഉണ്ടായിരുന്നില്ല, നക്ഷത്രങ്ങളോ അലങ്കാര വിളക്കുകളോ കണ്ടില്ല. പുൽക്കൂട് വേണ്ടിടത്ത് തകർന്നടിഞ്ഞ കെട്ടിടങ്ങളാണ്. ഉണ്ണിയേശു കിടക്കേണ്ടിടത്ത് പിഞ്ചുകുഞ്ഞുങ്ങളുടെ ചോരപുരണ്ട ശരീരങ്ങളാണുള്ളത്. ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങളുടെ തെളിച്ചം ആ മണ്ണിലും മനസിലും എത്തിയിരുന്നെങ്കിൽ ചോരപ്പുഴ ഒഴുകുമായിരുന്നില്ല. ഗുരു സന്ദേശങ്ങളുടെ പ്രസക്തിയും പ്രാധാന്യവും ആവർത്തിച്ച് ഉറപ്പിക്കുന്ന സംഭവങ്ങളാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് ലോകത്ത് പലയിടത്തും സംഭവിക്കുന്ന സംഘർഷങ്ങളിൽ മിക്കതിനും അടിസ്ഥാനം രാഷ്ട്രീയമല്ല, മറിച്ച് വംശീയതയാണ്. വംശവിദ്വേഷത്തിന്റെ കലാപത്തീയാണ് പടർന്നു വ്യാപിക്കുന്നത്. ഈ വംശവിദ്വേഷം അവസാനിപ്പിക്കാനുള്ള ഒറ്റമൂലി ഗുരുസന്ദേശത്തിലുണ്ട്. നരനും നരനും തമ്മിൽ സാഹോദര്യമുദിക്കണം, അതിന്നു വിഘ്നമായുള്ളതെല്ലാം ഇല്ലാതെയാകണം എന്ന ഗുരുവിന്റെ തത്വം ലോകമെങ്ങുമെത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Updating.…
English Summary;Violence against humanity committed by Israel in Palestine: Chief Minister
You may also like this video