Site iconSite icon Janayugom Online

സ്ത്രീകള്‍ക്കെതിരായ അതിക്രമം: പ്രതിപ്പട്ടികയില്‍ 155 ജനപ്രതിനിധികള്‍, മുന്നില്‍ ബിജെപി

രാജ്യത്തെ എംപിമാരും എംഎല്‍എമാരും അടക്കമുള്ള 155 ജനപ്രതിനിധികള്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം നടത്തിയ കേസില്‍ ഉള്‍പ്പെട്ടവര്‍. ഇതില്‍ 16 എംപിമാരും 135 എംഎല്‍എമാരും ഉള്‍പ്പെടുന്നു. കൊല്‍ക്കത്തയില്‍ പിജി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തില്‍ ഉള്‍പ്പെട്ട രാജ്യത്തെ എംപിമാരുടെയും എംഎല്‍എമാരുടെയും ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. ദി അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിംഫോസ് (എഡിആര്‍) നാഷണല്‍ ഇലക്ഷന്‍ വാച്ച് (എന്‍ഇബ്ല്യൂ) തുടങ്ങിയ സംഘടനകളാണ് വനിതകള്‍ക്കെതിരെ അതിക്രമം നടത്തിയ ജനപ്രതിനിധികളുടെ വിവരം പരസ്യമാക്കിയത്. 

പട്ടികയിലെ ഏറിയപങ്കും ബിജെപി എംപിമാരും എംഎല്‍എമാരുമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പട്ടികയിലെ രണ്ട് എംപിമാര്‍ ഗുരുതര കുറ്റമായ ബലാത്സംഗ കേസിലെ പ്രതികളാണെന്നും രേഖകള്‍ പറയുന്നു. എംപി-എംഎല്‍എമാരുടെ എണ്ണത്തില്‍ 54 പേര്‍ ബിജെപിയില്‍ നിന്നാണ്. കോണ്‍ഗ്രസ് 23, ടിഡിപി 17, എഎപി 13 , തൃണമൂല്‍ കോണ്‍ഗ്രസ് 10 എന്നിങ്ങനെയാണ് പാര്‍ട്ടി അനുസരിച്ചുള്ള കണക്ക്.
ബിജെപി, കോണ്‍ഗ്രസ് ജനപ്രതിനിധികളില്‍ അഞ്ച് പേര്‍ വീതം ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവരാണ്. എഎപി, ബിഎസ്‌പി, എഐയുഡിഎഫ്, തൃണമൂല്‍ കോണ്‍ഗ്രസ്, ടിപിഡി അംഗങ്ങള്‍ക്കെതിരെ ഓരേ കേസുകളാണുള്ളത്. 

സംസ്ഥാനങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ ഏറ്റവും കൂടുതല്‍ പേര്‍ പ്രതി ചേര്‍ക്കപ്പെട്ടത് പശ്ചിമബംഗാളാണ്, 25 പേര്‍. ആന്ധ്രാ പ്രദേശ് 21, ഒഡിഷ 17 എന്നിങ്ങനെയാണ് സംസ്ഥാനങ്ങളുടെ ക്രമം. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, ബലാത്സംഗം തുടങ്ങിയ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നത് ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണെന്ന് എഡിആറും എന്‍ഇബ്ല്യൂയും ചൂണ്ടിക്കാട്ടുന്നു. ഗുരുതര കുറ്റകൃത്യങ്ങളും സ്ത്രീകള്‍ക്കെതിരെ അതിക്രമവും നടത്തുന്നവരെ തെരഞ്ഞെടുപ്പില്‍ അയോഗ്യരാക്കാനുള്ള തീരുമാനം വൈകുന്നതും കോടതി നടപടികള്‍ നീണ്ടുപോകുന്നതുമാണ് കുറ്റാരോപിതര്‍ വിഹരിക്കാന്‍ ഊര്‍ജം പകരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Exit mobile version