Site iconSite icon Janayugom Online

ഇടുക്കി ഹര്‍ത്താലില്‍ വ്യാപക അക്രമം

ഇടുക്കിയിൽ കോൺഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം. തുറന്ന കടകൾ ഉടമകളെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തി അടപ്പിച്ചു. വാഹനങ്ങൾ തടഞ്ഞു. മിക്കയിടങ്ങളിലും ഭീതിപരത്തുന്നവിധമായിരുന്നു ഹര്‍ത്താലനുകൂലികളുടെ പ്രവര്‍ത്തനങ്ങള്‍. ഭൂമി നിയമ ഭേദഗതി വേഗത്തിൽ നടപ്പിലാക്കുക, വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക, അമിക്യസ്കൂരീ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് ഇടുക്കി ജില്ലാ കളക്ടർ 13 പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിർമ്മാണ നിരോധനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇടുക്കി ഡിസിസിയുടെ നേതൃത്വത്തിൽ ജില്ലയില്‍ ഹർത്താൽ നടത്തുന്നത്.

കട്ടപ്പനയിൽ ഹർത്താൽ അനുകൂലികൾ കടകളടപ്പിക്കാൻ ശ്രമിച്ചതും പൂപ്പാറക്കടുത്ത് ബിഎൽറാമിൽ വാഹനം തടഞ്ഞതും നേരിയ സംഘർഷത്തിന് ഇടയാക്കി. മൂന്നാർ മേഖലയിൽ വിനോദസഞ്ചാരികളുടെ വാഹനങ്ങൾ അല്പസമയം തടഞ്ഞിട്ടതിനു ശേഷം വിട്ടയച്ചു. സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. അതേസമയം കെഎസ്ആർടിസി സർവീസ് നടത്തി. തൊടുപുഴ മേഖലയെ ഹർത്താൽ കാര്യമായി ബാധിച്ചില്ല. തമിഴ്‌നാട്ടിൽ നിന്നും അതിർത്തി കടന്ന് ഇടുക്കിയിലെ തോട്ടം മേഖലയിലേക്ക് തൊഴിലാളി വാഹനങ്ങൾ എത്താത്തത് തോട്ടമേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

Eng­lish Sam­mury: Wide­spread vio­lence in Iduk­ki Con­gress hartal

Exit mobile version