ബംഗളൂരു: കര്‍ണാടകയിലെ ബിജെപി എംഎൽഎ മാദൽ വിരൂപാക്ഷപ്പയെ ലോകായുക്ത അറസ്റ്റ് ചെയ്തു. പ്രശസ്ത മൈസൂർ സാൻഡൽ സോപ്പ് നിർമ്മിക്കുന്ന കെഎസ്ഡിഎല്ലുമായി ബന്ധപ്പെട്ടാണ് കൈക്കൂലി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ വിരൂപാക്ഷപ്പയുടെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്.
ദാവൻഗരെ ജില്ലയിലെ ചന്നഗിരിയിൽ നിന്നുള്ള എംഎൽഎയായ വിരൂപാക്ഷപ്പയെ തിങ്കളാഴ്‌ച തുംകൂർ ക്യാത്‌സാന്ദ്ര ടോളിന് സമീപം വച്ചാണ് ലോകായുക്ത പൊലീസ് പിടികൂടിയത്. ഇയാളെ ബംഗളൂരുവിലേക്ക് കൊണ്ടുവരുന്നതായാണ് റിപ്പോര്‍ട്ട്.
കൈക്കൂലി വാങ്ങുന്നതിനിടെ കെഎഎസ് ഉദ്യോഗസ്ഥനായ മകൻ പ്രശാന്ത് മദൽ അറസ്റ്റിലായതിനെ തുടര്‍ന്ന് കർണാടക സോപ്‌സ് ആന്റ് ഡിറ്റർജന്റ്‌സ് ലിമിറ്റഡ് (കെഎസ്‌ഡിഎൽ) ചെയർമാൻ സ്ഥാനം രാജിവച്ചിരുന്നു. ഇതിനുപിറകെ മകന്‍ മുഖേന കൈക്കൂലി ആവശ്യപ്പെട്ടു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് എംഎല്‍എയ്ക്കെതിരെ കേസെടുത്തത്. ഒരു ബിൽ പാസാക്കാൻ 81 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നും അതിൽ 40 ലക്ഷം രൂപ വാങ്ങുന്നതിനിടെയാണ് വിരൂപാക്ഷപ്പയുടെ മകൻ പ്രശാന്ത് കുടുങ്ങിയതും. പിന്നീട് വിരൂപാക്ഷപ്പയുടെ വസതിയിൽ നിന്ന് ഏഴ് കോടിയിലധികം രൂപ പിടിച്ചെടുക്കുകയും ചെയ്തു.
English Sammury: Karnataka BJP MLA Madal Virupakshappa arrested in bribery case