വിസ തട്ടിപ്പിനിരയായ യുവതി തൂങ്ങി മരിച്ചു. ഭാര്യയുടെ വിയോഗം താങ്ങാനാവാതെ ഭർത്താവ് ആത്മഹ്യക്ക് ശ്രമിച്ചു. തലവടി മാളിയേക്കൽ ശരണ്യ (34) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. വിദേശത്ത് ജോലിനോക്കി വരികയായിരുന്ന ശരണ്യ നാട്ടിലെത്തിയ ശേഷം പുതിയ വിസയിൽ വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. പാല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യക്തിക്ക് വിസയ്ക്കും വിമാന ടിക്കറ്റിനുള്ള പണം കൈമാറി. വിദേശത്തേക്ക് പോകാനുള്ള വസ്ത്രങ്ങൾ ഉള്‍പ്പെടെ പാക്ക് ചെയ്ത ശേഷമാണ് തട്ടിപ്പ് അറിയുന്നത്. ഇതിൽ മനംനൊന്ത ശരണ്യ കിടപ്പുമുറിയിൽ തൂങ്ങുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സംഭവസ്ഥലത്തെത്തി ശരണ്യയുടെ ഭർത്താവിനോട് വിവരങ്ങൾ അന്വേഷിച്ചറിഞ്ഞത്. പൊലീസ് നാട്ടുകാരുമായി ആശയവിനിമയം നടത്തുന്നതിനിടെ ഇയാള്‍ വീടിന്റെ വാതിൽപൂട്ടിയ ശേഷം തൂങ്ങി മരിക്കാൻ ശ്രമിച്ചു. പൊലീസും നാട്ടുകാരും വാതിൽ തകർത്ത് അകത്തുകടന്ന് കുടുക്ക് അറുത്തുമാറ്റി ആശുപത്രിയിൽ എത്തിച്ചതിനാൽ രക്ഷപെട്ടു. ശരണ്യയുടെ സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
പാല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ വ്യക്തി തലവടിയിലെ പലരുടെ കയ്യിൽ നിന്നും വിസയ്ക്ക് പണം വാങ്ങിയതായി സൂചനയുണ്ട്. ഏജൻസിയെക്കുറിച്ച് എടത്വാ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. എസ്ഐ എൻ രാജേഷിനാണ് അന്വേഷണ ചുമതല.