Site iconSite icon Janayugom Online

വിഷാദം തടവിലാക്കിയവരുടെ ലോകം

vishadamvishadam

ലപ്പോഴും
നിനച്ചിരിക്കാതൊരിരുട്ട്
അവരെ വന്നു പൊതിയും
ദൂരെ,
അശാന്തിയുടെ
തീരത്തിരുന്നാരോ
ദുഖസാന്ദ്രമായി വീണമീട്ടും.
ശരമേറ്റ് നെഞ്ച് പിളർന്ന
വെള്ളരിപ്രാവിന്റെ
കരിഞ്ഞ മാംസത്തിന്റെ മണം
മൂക്കുതുളച്ചെത്തും
വിരിഞ്ഞു നിൽക്കുന്ന
ഓരോ പൂവിലും
പൊഴിഞ്ഞു വീണ
നഷ്ടവസന്തങ്ങളെയും
ഇണപ്രാവിന്റെ
നീലിച്ച ഹൃദയത്തെയും കണ്ടെത്തും
ചേക്കേറാൻ കൂടുതേടും
കിളികളുടെ കലപിലയിൽ
കണ്ടൻപൂച്ച പിടിച്ച
കോഴിക്കുഞ്ഞിന്റെ
ശിരസറ്റ ഉടലിലെ
ഉറുമ്പിൻ പറ്റത്തെ
ഓർത്തെടുക്കും
രാപ്പകലുകളുടെ
ഓരോ ചലനവും
കരഞ്ഞു വീർത്ത
കൺപോളകൾ
വെളിച്ചത്തിലേക്കു
തുറക്കും പോലെ
ദുസഹമാവും
അടച്ചിട്ട
ആനന്ദത്തിനപ്പുറമിരുന്ന്
ജീവിതഭാരത്തിന്റെ
നിശാവസ്ത്രമഴിച്ച്
പ്രണയം
മരണവുമായി
ഇണചേരുന്ന
സുന്ദര മുഹൂർത്തങ്ങളെക്കുറിച്ച്
സ്തുതിഗീതം മൂളും
ശ്മശാനത്തിന്റെ
മൗനസംഗീതത്തിനപ്പുറം
അണിഞ്ഞൊരുങ്ങിയൊരു സന്തോഷം
മൺചുവർ ചാരിയിരുന്ന്
ഖവാലി താളത്തിനൊത്ത്
മാടി വിളിക്കും 

Exit mobile version