Site iconSite icon Janayugom Online

വിഷ്ണുപ്രിയ വധം: പ്രതി ശ്യാംജിത് കുറ്റസമ്മതം നടത്തി

കണ്ണൂരിലെ പാനൂരിൽ യുവതിയെ വീട്ടില്‍ അതിക്രമിച്ച് കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്യാംജിത് കുറ്റസമ്മതം നടത്തിയതായി റിപ്പോര്‍ട്ടുകള്‍. മാനന്തേരി സ്വദേശിയായ ശ്യാംജിതിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. യുവതി പ്രണയം നിരസിച്ചതിനുപിന്നിലെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണു പ്രിയ (23)യാണ് ശ്യാംജിതിന്റെ ക്രൂരകൃത്യത്തിന് ഇരയായത്. പാനൂരിലെ ന്യൂക്ലിയസ് ആശുപത്രിയിലെ ഫാർമസി വിഭാഗത്തിലെ ജീവനക്കാരിയായിരുന്നു കൊല്ലപ്പെട്ട വിഷ്ണുപ്രിയ. ഇവരുടെ അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്കായി കുടുംബവീട്ടിലായിരുന്നു യുവതി. ഇന്ന് രാവിലെ വസ്ത്രം മാറാനും മറ്റുമായി സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു. മകൾ തിരികെ വരാൻ വൈകിയതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് വിഷ്ണുപ്രിയയെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ വീട്ടിനകത്ത് കണ്ടെത്തിയത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം സമീപവാസികളിൽ നിന്ന് വിവരം തിരക്കി. ഒരാൾ മുഖംമൂടി ധരിച്ച് പോകുന്നത് കണ്ടെന്ന് സമീപവാസികളിലൊരാൾ മൊഴി നൽകി. തുടർന്ന് വിഷ്ണുപ്രിയയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. ഇതിനുപിന്നാലെയാണ് പ്രതി ശ്യാംജിതാണെന്ന് തിരിച്ചറിഞ്ഞത്. 

Eng­lish Sum­ma­ry: Vish­nupriya mu rder: Accused Shyamjit confesses

You may like this video also

Exit mobile version