Site iconSite icon Janayugom Online

വിഷന്‍ 2031; ഭക്ഷ്യവകുപ്പിന്റെ സംസ്ഥാനതല സെമിനാര്‍ ഒക്ടോബര്‍ 10ന്, ധനമന്ത്രി ഉദ്ഘാടനം ചെയ്യും

കേരളത്തിന്റെ ഭാവി വികസന ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുന്ന ‘വിഷൻ 2031’ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ സെമിനാർ ഒക്ടോബർ 10ന് നടത്തുമെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു. രാജ്യത്തിനാകെ മാതൃകയായ പൊതു വിതരണ സംവിധാനവും വിപണി ശൃംഖലയുമാണ് കേരളത്തിലുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യ ഭദ്രത ഉറപ്പാക്കാനും വിശപ്പ് രഹിത കേരളം സൃഷ്ടിക്കാനും നിലവിലെ സർക്കാരിന് കഴിഞ്ഞു. സപ്ലൈക്കോയുടെ 1600ൽ അധികം വിൽപ്പനശാലകളിലൂടെ അവശ്യസാധനങ്ങളുടെ ലഭ്യതയും കുറഞ്ഞ വിലയും ഉറപ്പുവരുത്തുന്നുണ്ട്. സപ്ലൈക്കോയുടെ സുവർണ ജൂബിലി ആഘോഷിക്കുന്ന ഈ സന്ദർഭത്തിലാണ് സെമിനാർ സംഘടിപ്പിക്കുന്നതെന്നും, നവകേരളം പോഷക ഭദ്രതയുടെ കേരളം കൂടിയായിരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒക്ടോബർ 10ന് രാവിലെ 10 മണിക്ക് നിശാഗന്ധിയിൽ നടക്കുന്ന സെമിനാർ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അധ്യക്ഷത വഹിക്കും. വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം വകുപ്പിന്റെ നേട്ടങ്ങൾ അവതരിപ്പിക്കും.

തുടർന്ന്, ‘ആഗോള ഭക്ഷ്യഭദ്രതാ ഭൂപടത്തിൽ കേരളത്തിന്റെ സ്ഥാനം’ എന്ന വിഷയത്തിൽ സെമിനാർ നടക്കും. ഉച്ചയ്ക്ക് 2 മണി മുതൽ കനകക്കുന്ന് കൊട്ടാരം ഓഡിറ്റോറിയത്തിൽ ‘ഭക്ഷ്യ ഭദ്രതയിൽ നിന്നും പോഷക ഭദ്രതയിലേക്ക്’, ‘ഉപഭോക്തൃ മേഖല ചൂഷണ മുക്തം, സംതൃപ്തം’ എന്നീ വിഷയങ്ങളിൽ പാനൽ ചർച്ചകളും നടക്കും. വൈകിട്ട് 4 മണിക്ക് പാനൽ റിപ്പോർട്ട് അവതരണം മന്ത്രി ജി. ആർ. അനിൽ നിർവഹിക്കും. വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരും പ്രതിനിധികളും സെമിനാറിൽ പങ്കെടുക്കും.

Exit mobile version