വിഴിഞ്ഞം ആഴക്കടൽ തുറമുഖം പുതുതലമുറ വികസനത്തിന്റെ പ്രതീകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യയുടെ സമുദ്ര അടിസ്ഥാന സൗകര്യങ്ങളിൽ ഒരു പ്രധാന പുരോഗതിയാണ് വിഴിഞ്ഞം. ട്രാന്‍സ്ഷിപ്പ് ഹബ് നിലവിലുള്ള ക്ഷമതയില്‍നിന്നു വരുംകാലത്ത് മൂന്നിരട്ടിയായി വര്‍ധിപ്പിക്കും. അതിലൂടെ ലോകത്തിലെ വലിയ വലിയ ചരക്കുകപ്പലുകള്‍ക്ക് വളരെ വേഗത്തില്‍ വിഴിഞ്ഞത്ത് എത്തിച്ചേരാൻ കഴിയും. ഇത് സാമ്പത്തിക സുസ്ഥിരത കെട്ടിപ്പടുക്കുന്നതിന് പ്രയോജനപ്പെടും.
വിഴിഞ്ഞം പദ്ധതി രാജ്യത്തിന്റെ അഭിമാനമാണെന്നും പുരോഗതിയിലേക്കുള്ള ചുവടുവെപ്പാണെന്നും അദ്ദേഹം പറഞ്ഞു. കേരളം രാജ്യപുരോഗതിക്ക് വലിയ പങ്കുവഹിച്ചു. കേരളത്തിന് ഇനിയും വലിയ പങ്കുവഹിക്കാനുണ്ട്. സാമ്പത്തിക പുരോഗതിക്ക് തുറമുഖം ആവശ്യമാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം അദാനി അതിവേഗം പൂര്‍ത്തിയാക്കി. 30 വര്‍ഷമായി ഗുജറാത്തില്‍ അദാനിയുടെ തുറമുഖം പ്രവര്‍ത്തിക്കുന്നു. എന്നാല്‍, ഇത്രയും വലിയ തുറമുഖം നിര്‍മ്മിച്ചത് കേരളത്തിലെ വിഴിഞ്ഞത്താണ്. ഇക്കാര്യത്തില്‍ ഗുജറാത്തിലെ ജനങ്ങളുടെ പരാതി അദ്ദേഹം കേള്‍ക്കേണ്ടിവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു
കേരളം ആഗോള സമുദ്ര മേഖലയുടെ കേന്ദ്രമായി മാറണം. ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടണം. ഇതിനായി കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുമായി കൈകോർത്ത് പ്രവർത്തിക്കും. കേരളത്തിലെ ജനങ്ങളുടെ കഴിവുകൾ രാജ്യത്തിന്റെ സമുദ്ര മേഖലയെ മുന്നോട്ട് നയിക്കും. സാഗർമാല പദ്ധതിയിലൂടെയും പിഎം ഗതിശക്തി പദ്ധതിയിലൂടെയും തുറമുഖങ്ങളുടെ അടിസ്ഥാന സൗകര്യവും കണക്റ്റിവിറ്റിയും സാധ്യമാക്കി. ഇന്ത്യയുടെ തീരദേശ സംസ്ഥാനങ്ങളും നമ്മുടെ തുറമുഖ നഗരങ്ങളും വികസിത ഭാരതത്തിന്റെ വളർച്ചയുടെ പ്രധാന കേന്ദ്രങ്ങളായി മാറുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി വ്യക്തമാക്കി

