Site iconSite icon Janayugom Online

മോഡി പ്രചരിപ്പിക്കുന്ന ദേശീയത കാപട്യത്തിന്റെ ശബ്ദം: ബിനോയ് വിശ്വം

ഭരണഘടനയെ അറിയാതെ മോഡി സർക്കാർ പ്രചരിപ്പിക്കുന്ന ദേശീയത കാപട്യത്തിന്റെ ശബ്ദമാണെന്ന് തിരിച്ചറിയണമെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി പറഞ്ഞു. എഐടിയുസി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ‘ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പല ഉദ്ദേശ്യങ്ങൾ വെച്ച് ഭരണഘടനയെ പരിവർത്തനപ്പെടുത്തുകയാണ് ഇന്നിവിടെ ചെയ്യുന്നത്. ജനങ്ങളാണ് രാജ്യത്തിന്റെ യഥാർത്ഥ തമ്പ്രാക്കളെന്ന് തിരിച്ചറിയാതെ പോകുന്നതാണ് രാജ്യത്തിന്റെ പ്രധാന ഭീഷണി. 

ഭരണഘടന രൂപീകരണ സമയത്ത് കമ്മ്യുണിസ്റ്റുകാരുടെ പങ്ക് എന്താണെന്ന് അറിയാത്ത ബിജെപിക്ക് അതിനെ മഹത്വവൽക്കരിക്കാൻ പോലും അർഹതയില്ല. മുല്യബോധങ്ങളെ തള്ളിപ്പറയുന്ന പാരമ്പര്യമാണ് ബിജെപിയുടെത്. ബ്രീട്ടീഷ് ആധിപത്യത്തെ അംഗീകരിക്കാൻ മടികാട്ടിയില്ല. ബി ജെ പിയും ആർ എസ് എസും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് വീണ്ടും തെളിയിച്ച് കൊണ്ടിരിക്കുകയാണ്. ഭരണഘടനയുടെ അന്തസത്തായ മൂല്യങ്ങളെ കാറ്റിൽപ്പറത്തി ഭേദഗതി വരുത്തുന്ന സ്ഥിതി രാജ്യത്തെ അപകടത്തിലേക്ക് നയിക്കുകയാണ്. ദേശസ്നേഹം പഠിപ്പിക്കുന്ന ഒരു സ്കൂളും മോഡിയോ അമിത് ഷായോ തുറക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. 

എഐടിയുസി ദേശീയ കൗൺസിലംഗം പി വി സത്യനേശൻ അധ്യക്ഷത വഹിച്ചു. എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, എഐടിയുസി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സി ദിവാകരൻ, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ, എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കബീർ, വിപ്ലവ ഗായിക പി കെ മേദിനി എന്നിവർ പങ്കെടുത്തു. ആർ സുരേഷ് സ്വാഗതവും വി സി മധു നന്ദിയും പറഞ്ഞു.

Eng­lish Summary:Voice of nation­al­ism hypocrisy prop­a­gat­ed by Modi: Binoy Viswam
You may also like this video

Exit mobile version