മതനിരപേക്ഷതയും ഫെഡറൽ സംവിധാനവും സംരക്ഷിക്കുന്ന നയങ്ങളും നാടിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങളുമാണ് കേരള സർക്കാർ നടപ്പാക്കുന്നതെന്നും ഇതിന് കരുത്തു പകരുന്നതിനായി തദ്ദേശ തെരെഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു. എറണാകുളം പ്രസ് ക്ലബില്‍ മീറ്റ് ദ പ്രസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാടിന്റെ നേട്ടങ്ങളുടെ അടിത്തറ അധികാര വികേന്ദ്രീകരണമാണ് .
പ്രാദേശിക സർക്കാരുകൾക്ക് പണവും അധികാരവും കൈവന്നു. കേരളത്തെ അതിദാരിദ്ര്യ മുക്തമാക്കി മാറ്റാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. അതിന് കഴിഞ്ഞത് നല്ലനിലയിൽ തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടൽ ഉണ്ടായത് കൊണ്ട് കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളെ കൂടുതൽ ശാക്തീകരിക്കുകയാണ് ലക്ഷ്യം. കൺമുന്നിൽ കാണുന്ന മാറ്റങ്ങൾ അത് സാക്ഷ്യപ്പെടുത്തുന്നു. കൊച്ചി മെട്രോ, വാട്ടർ മെട്രോ എന്നിവ കേരളത്തിന്റെയാകെ അഭിമാനമാണ്. മാലിന്യ സംസ്കരണരംഗത്തെ നേട്ടത്തിന്റെ ഉദാഹരണമാണ് പച്ചപ്പിലേക്ക് തിരിച്ചുപോകുന്ന ബ്രഹ്മപുരമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തില്‍ സർക്കാർ നൽകിയ വിസിമാരുടെ പാനൽ തള്ളിയ ഗവർണറുടെ നടപടി സുപ്രീ കോടതി വിധിയുടെ ലംഘനമെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. സുപ്രീം കോടതി നിർദ്ദേശപ്രകാരമാണ് പട്ടിക നൽകിയത്. കോടതി തീരുമാനത്തിന് വിധേയമായി തുടർ നടപടികൾ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ പശ്ചാത്തല വികസനത്തിനായി പ്രവർത്തിക്കുന്ന കിഫ്‌ബി ആർ ബി ഐ യുടെ നിബന്ധനകൾക്കും മാനദണ്ഡങ്ങൾക്കും വിധേയമായാണ് പ്രവർത്തിക്കുന്നതെന്നും രണ്ടും കൈയ്യും ഉയർത്തി കിഫ്‌ബി നടത്തിയ പ്രവർത്തനങ്ങൾ ഞങ്ങൾ ചെയ്തതാണ് എന്ന് പ്രഖ്യാപിക്കുമെന്നും കിഫ്‌ബിഐയ്‌ക്കെതിരായ ഇ ഡി നോട്ടീസിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പ്രതികരിച്ചു.
ശബരിമല സ്വര്‍ണമോഷണ കേസില്‍ ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം നടക്കുകയാണ് . അന്വേഷണത്തിൽ തൃപ്തിയുണ്ട്. തെറ്റ് ചെയ്ത ആരെയും സംരക്ഷിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസ് ക്ലബ് പ്രസിഡന്റ് ആർ ഗോപകുമാർ സ്വാഗതവും സെക്രട്ടറി എം ഷജിൽകുമാർ നന്ദിയും പറഞ്ഞു.

