വോട്ട് മോഷണം, ബിഹാര്‍ എസ്ഐആര്‍ വിഷയങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഇന്ത്യാ സഖ്യം പ്രതിഷേധം ശക്തമാക്കുന്നു. തിങ്കളാഴ്ച പ്രതിപക്ഷ നേതാക്കള്‍ ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനമായ നിര്‍വചന്‍ സദനിലേക്ക് മാര്‍ച്ച് നടത്തും. ബിഹാറിലെ സൂക്ഷ്മപരിശോധന ചോദ്യം ചെയ്തുള്ള നിരവധി ഹര്‍ജികള്‍ ചൊവ്വാഴ്ചയാണ് സുപ്രീം കോടതി വാദം കേള്‍ക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലും നടത്താനിരിക്കുന്ന, പ്രത്യേക പരിശോധനയ്ക്കെതിരെ സംയുക്ത പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ ഇന്ത്യ സഖ്യം പദ്ധതിയിടുന്നു. ജൂലൈ 21ന് വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍ ബിഹാറിലെ വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര സൂക്ഷ്മപരിശോധന (എസ്ഐആര്‍) യുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍ പാര്‍ലമെന്റ് നടപടികള്‍ സ്തംഭിക്കുകയാണ്. ഓപ്പറേഷന്‍ സിന്ദൂര്‍, പഹല്‍ഗാം ആക്രമണം എന്നിവ ചര്‍ച്ച ചെയ്ത 28, 29, 30 തീയതികളില്‍ മാത്രമാണ് പ്രതിഷേധം ഒഴിവാക്കിയത്.
എസ്ഐആര്‍ നടപ്പാക്കുമ്പോള്‍ ലക്ഷക്കണക്കിന് വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ഇവരുടെ പൗരത്വം റദ്ദാക്കാന്‍ കളമൊരുക്കുകയും ചെയ്യും. ദരിദ്രരെയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെയും ന്യൂനപക്ഷങ്ങളെയും ഒഴിവാക്കുന്നതിനായി ബിജെപിയും തെരഞ്ഞെടുപ്പ് കമ്മിഷനും തമ്മില്‍ ഗൂഢാലോചന നടത്തുന്നതായി പ്രതിപക്ഷം കരുതുന്നു. പാര്‍ശ്വവല്‍കൃതര്‍ക്ക് വോട്ടവകാശം നിഷേധിക്കുന്നതിനെതിരെ പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധം നടത്തിയിരുന്നു. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കര്‍, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ എന്നിവര്‍ക്ക് ദിവസേന നോട്ടീസുകള്‍ നല്‍കി. തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വയംഭരണ ഭരണഘടനാ സ്ഥാപനമായതിനാല്‍ അവരുടെ നടപടികള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ കഴിയില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.
വോട്ട് മോഷണം സംബന്ധിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ മറുപടി നല്‍കിയിട്ടില്ല, സഖ്യം വിട്ടുനിന്ന ആംആദ്മി പാര്‍ട്ടി ഈ വിഷയത്തില്‍ സഹകരിക്കാന്‍ തീരുമാനിച്ചതും പ്രതിപക്ഷത്തിന് ഉണര്‍വായി. തൃണമൂല്‍ കോണ്‍ഗ്രസും വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍ പ്രതിപക്ഷ പ്രതിഷേധത്തിനൊപ്പമുണ്ട്. ബിഹാറിലും ഇന്ത്യ സഖ്യം പ്രതിഷേധങ്ങള്‍ നടത്തിവരുന്നുണ്ട്. ആര്‍ജെഡി നേതാവ് തേജസ്വി യാദവും രാഹുല്‍ ഗാന്ധിയും ബിഹാറില്‍ നിന്നുള്ള ഇന്ത്യ സഖ്യ പാര്‍ട്ടികളുടെ നേതാക്കളും ഈ മാസം അവസാനം സംസ്ഥാനത്തുടനീളം യാത്ര നടത്തും. ബിജെപി-തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഗൂഢാലോചന ഉയര്‍ത്തിക്കാട്ടാന്‍ പട്നയിലെ ഗാന്ധിമൈതാനത്ത് റാലി നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു.

