വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ നാഗാലാൻഡിലും മേഘാലയയിലും നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. കനത്ത സുരക്ഷയിലാണ് രണ്ടിടത്തും വോട്ടെടുപ്പ് നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. നാഗാലാന്‍ഡിലെ 60ല്‍ 59 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ഒരു സീറ്റിലെ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് വോട്ടെടുപ്പ് 59 മണ്ഡലങ്ങളിലേക്ക് ചുരുങ്ങിയത്. നാഗാലാന്‍ഡില്‍ നാല് സ്ത്രീകളും 19 സ്വതന്ത്രരുമുൾപ്പെടെ 183 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. 13 ലക്ഷത്തോളം വോട്ടര്‍മാര്‍ സംസ്ഥാനത്തുണ്ട്. ആകെ 2315 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയും (എൻഡിപിപി) ബിജെപിയും ചേര്‍ന്ന ഭരണസഖ്യത്തെയാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് നേരിടുന്നത്. ബിഹാറില്‍ നിന്നുള്ള ലോക്ജനശക്തി പാര്‍ട്ടി (പസ്വാന്‍) 16 മണ്ഡലങ്ങളില്‍ മത്സരിക്കുന്നു. എന്‍ഡിപിപി-ബിജെപി സഖ്യത്തില്‍ നിന്നും സീറ്റ് നിഷേധിക്കപ്പെട്ടവരാണ് എല്‍ജെപിയുടെ സ്ഥാനാര്‍ത്ഥികള്‍. കൂടാതെ പുതുതായി രൂപീകരിക്കപ്പെട്ട റൈസിങ് പീപ്പിള്‍സ് പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും നാഗാലാന്‍ഡില്‍ മത്സരരംഗത്തുണ്ട്.
മേഘാലയയിലും സ്ഥാനാര്‍ത്ഥിയുടെ മരണത്തെത്തുടര്‍ന്ന് ഒരു മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിയിരുന്നു. ആകെ 3,419 പോളിങ് സ്റ്റേഷനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ 900 പോളിങ് സ്റ്റേഷനുകള്‍ പ്രശ്നബാധിതമാണെന്നും അധികൃതര്‍ അറിയിച്ചു. മേഘാലയയില്‍ ആകെ 21,75,236 വോട്ടര്‍മാരാണുള്ളത്. 369 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നു. പുരുഷവോട്ടര്‍മാരെക്കാള്‍ വനിതാ വോട്ടര്‍മാരെന്ന പ്രത്യേകതയും സംസ്ഥാനത്തിനുണ്ട്. 81,443 പേര്‍ പുതിയ വോട്ടര്‍മാരാണ്. രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് നാല് വരെയാണ് വോട്ടെടുപ്പ്. ത്രിപുര അടക്കം മൂന്ന് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം അടുത്തമാസം രണ്ടിനാണ് പുറത്തുവരിക.
English Sammury: Voting has started in Nagaland and Meghalaya