Site iconSite icon Janayugom Online

സുപ്രീം കോടതി വിധി: ചാരന്മാരുടെ കരണത്തിലേറ്റ പ്രഹരം

pegasus and modipegasus and modi

സൈമണ്‍ കവിയുടെ ‘വേദവിഹാര’ത്തില്‍ നോഹയുടെ പ്രസംഗം ഉദാഹരിച്ചുകൊണ്ട് ഇങ്ങനെ എഴുതുന്നു:
‘വിഷയഭോഗങ്ങളിലില്ലൊരു തൃപ്തി, യവ
സുഷിരമുള്ള പാത്രം പോലെയാണതില്‍ പകര്‍-
ന്നൊഴിക്കും ഭോഗനീരം നിമിഷം കൊണ്ട് ചോര്‍ന്നു
കഴിയും കഥ പിന്നെ പാനപാത്രവുമുടഞ്ഞീടും.’

കഥ കഴിയാന്‍ പോവുകയാണെന്ന് തോന്നുന്നു. ഭോഗതീരം അല്പം വൈകിയാണെങ്കിലും ചോര്‍ന്നുപോകുന്നു. സുഷിരമേറെയുള്ള പാനപാത്രം വീണുടഞ്ഞിരിക്കുന്നു. പെഗാസസ് ചാരപ്പണിയിലെ സുപ്രീം കോടതിയുടെ ഇടക്കാല വിധി ഈ വരികളെ സാക്ഷ്യപ്പെടുത്തുന്നു. സുപ്രീം കോടതിയെപ്പോലെ ഒരു അത്യുന്നത നീതിപീഠത്തെ പോലും ഇരുട്ടില്‍ നിര്‍ത്തുവാനും യഥാര്‍ത്ഥ വസ്തുതകള്‍ പൂഴ്ത്തിവയ്ക്കുവാനും നിരന്തരം പരിശ്രമിച്ച നരേന്ദ്രമോഡിയും അമിത്ഷായുമടങ്ങുന്ന സംഘപരിവാര ഫാസിസ്റ്റുകള്‍ക്ക് മുഖത്തേറ്റ കനത്ത പ്രഹരമാണ് സുപ്രീം കോടതിയുടെ ഇടക്കാല വിധി.

സംഘപരിവാര ഫാസിസ്റ്റ് ഭരണത്തെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ്‍ എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ഇടക്കാല വിധി പ്രഖ്യാപിച്ചതെന്നത് ജനാധിപത്യത്തോടും ഭരണഘടനാ തത്വങ്ങളോടും തല്പരരായ ദേശാഭിമാനികള്‍ക്ക് ആശ്വാസം പകരുന്നതാണ്. സര്‍വാധിപത്യ പ്രവണതയെ വിമര്‍ശിച്ചുകൊണ്ടാണ് വിധി പ്രസ്താവം ആരംഭിച്ചത്. ‘വ്യക്തികള്‍ പറയുന്നതെന്തെന്ന് കേള്‍ക്കുക, അവര്‍ കാണുന്നതെന്തെന്ന് കാണുക, അവര്‍ ചെയ്യുന്നതെന്തെന്ന് അറിയുക’ എന്നു പറഞ്ഞ കോടതി സര്‍വാധിപത്യ ഭരണകൂടങ്ങളുടെ ഒളിഞ്ഞുനോട്ടരീതി ഇന്ത്യയില്‍ പരീക്ഷിക്കുന്നുവെന്നും നിരീക്ഷിച്ചു. സര്‍വാധിപത്യ ഭരണകൂട രീതികളെക്കുറിച്ച് ചൂണ്ടിക്കാട്ടുവാന്‍ ആംഗലേയ എഴുത്തുകാരന്‍ ജോര്‍ജ് ഓര്‍വെല്‍ എഴുതിയ ‘1984’ എന്ന നോവലിലെ ശകലങ്ങള്‍ കൂടി സുപ്രീം കോടതി ഉദ്ധരിച്ചു. ‘നിങ്ങള്‍ക്കൊരു രഹസ്യം സൂക്ഷിക്കണമെന്നുണ്ടെങ്കില്‍ അത് നിങ്ങളില്‍ നിന്നുതന്നെ മറച്ചുവയ്ക്കണം.’ ഈ ഉദ്ധരണിയിലൂടെ പെഗാസസ് ഇടപാടില്‍ നരേന്ദ്രമോഡി ഭരണകൂടം നിരന്തരം വച്ചുപുലര്‍ത്തുന്ന അതിനിഗൂഢതയെ തുറന്നുകാണിക്കുകയാണ് ഉന്നത നീതിപീഠം. പെഗാസസ് വാങ്ങിയിട്ടുണ്ടോ, ചാരവൃത്തി നടത്തിയിട്ടുണ്ടോ എന്നിങ്ങനെ ഗുരുതരമായ ചോദ്യങ്ങള്‍ ഉയരാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഇസ്രായേല്‍ ചാരസംഘടനയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ചാരപ്രവര്‍ത്തനം നടത്തുകയും രാജ്യരഹസ്യങ്ങളിലേക്കും വ്യക്തികളുടെ സ്വകാര്യതയിലേക്കും ഭരണഘടനാ സ്ഥാപന പ്രവര്‍ത്തന രീതികളിലേക്കും സൈനിക മേധാവികളിലേക്കും ചാരപ്രവര്‍ത്തനം വ്യാപിപ്പിച്ചുവോ എന്നുമുള്ള ഗുരുതര പ്രശ്നം ഉയര്‍ന്നുവരുമ്പോള്‍ മൗനത്തിന്റെ വത്മീകത്തിലായിരുന്നു, പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും. പിന്നാലെ ഇന്ത്യന്‍ ജനാധിപത്യത്തെ കളങ്കപ്പെടുത്താനുള്ള പരിശ്രമമെന്ന പതിവ് അടവുതന്ത്രവുമായി മോഡിയും അമിത്ഷായും അനുചരന്‍മാരും രംഗത്തെത്തി. അതിനു പിന്നാലെ ചാരസംഘടനയായ എന്‍എസ്ഒ ഗ്രൂപ്പ് ചോര്‍ത്തലിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വ്യാജവും രാഷ്ട്രീയപ്രേരിതവുമാണെന്ന് പ്രസ്താവിച്ചു. കേന്ദ്ര സര്‍ക്കാരിന്റെയും ചാരസംഘടനയുടെയും മനപ്പൊരുത്തം ഈ പ്രസ്താവനകളില്‍ നിന്നുതന്നെ വ്യക്തമാണ്.


ഇതുകൂടി വായിക്കൂ:പെഗാസസ്: സുപ്രീം കോടതി തീരുമാനം കേന്ദ്രത്തിന് മുന്നറിയിപ്പ്


നാല്‍പത്തിയഞ്ച് രാഷ്ട്രങ്ങളില്‍ ഒരേ ഘട്ടത്തില്‍ ചാരപ്പണി നടത്തിയ പെഗാസസ് ഇന്ത്യയില്‍ സുപ്രീം കോടതി ജഡ്ജിമാരെയും മോഡിസര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ചോര്‍ത്തി. ഫാസിസ്റ്റ് അജണ്ടകള്‍‍ മാത്രം നയിക്കുന്നവര്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ കൂടി അട്ടിമറിക്കുന്നതിന്റെ ഭാഗമാണിത്. രാഷ്ട്രീയ നേതാക്കളും തങ്ങളെ വിമര്‍ശിക്കുകയും നെറികേടുകള്‍ പുറത്തുകൊണ്ടുവരുകയും ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം തങ്ങളെ വാഴ്ത്തുന്ന മാധ്യമ പ്രവര്‍ത്തകരും ചാരക്കണ്ണുകളുടെ ഇരകളായി. മോഡിക്കും ഷായ്ക്കും സ്വന്തം മന്ത്രിമാരെയും പാര്‍ട്ടി നേതാക്കളെയും പോലും വിശ്വാസമില്ലാത്തതുകൊണ്ട് വൈദേശിക ചാരസംഘടനയുടെ നിരീക്ഷണത്തിലാക്കി.

പൊതുസമൂഹത്തില്‍ നിന്നും മാധ്യമ ലോകത്തില്‍ നിന്നും യഥാര്‍ത്ഥ വസ്തുതതകള്‍ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ടപ്പോഴും പാര്‍ലമെന്റില്‍ ആവശ്യമുയര്‍ന്നപ്പോഴും രാഷ്ട്രപതിയെ നേരില്‍ ‘ദര്‍ശിച്ച്’ പ്രതിപക്ഷം ആവശ്യമുന്നയിച്ചപ്പോഴും ചാരസംഘടനയ്ക്ക് കുടപിടിക്കുകയായിരുന്നു നരേന്ദ്രമോഡിയും സംഘവും. നിര്‍വാഹമില്ലാതെ വന്നപ്പോഴാണ് എഡിറ്റേഴ്സ് ഗില്‍ഡും മാധ്യമപ്രവര്‍ത്തകരായ എല്‍ റാമും ശശികുമാറും ജോണ്‍ ബ്രിട്ടാസും സുപ്രീം കോടതിയെ സമീപിച്ചത്. പെഗാസസ് സോഫ്റ്റ്‌വേര്‍ വില്പന, കൈമാറ്റം, ഉപയോഗം എന്നിവ അടിയന്തരമായി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് അഞ്ഞൂറിലേറെ വ്യക്തികള്‍ ചീഫ് ജസ്റ്റിസിന് കത്തയയ്ക്കുകയും ചെയ്തു. സുപ്രീം കോടതി പലയാവര്‍ത്തി വിശദീകരണമാവശ്യപ്പെട്ടിട്ടും മറുപടി നല്കാന്‍ സന്നദ്ധമാവാത്ത കേന്ദ്രഭരണ സംവിധാനം നീതിന്യായ വ്യവസ്ഥയെ അപഹസിക്കുകയും വെല്ലുവിളിക്കുകയുമായിരുന്നു.


ഇതുകൂടി വായിക്കൂ:സുരക്ഷയുടെ പേരില്‍ എന്തും ചെയ്യാനാവില്ല: പെഗാസസിൽ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി


സുപ്രീം കോടതി ഇടക്കാല ഉത്തരവില്‍ തന്നെ ചൂണ്ടിക്കാട്ടി; ‘ഒളിഞ്ഞുനോട്ട ആരോപണങ്ങള്‍ നേരിട്ടപ്പോള്‍ വസ്തുതകള്‍ ആരാഞ്ഞപ്പോള്‍ വസ്തുതകള്‍ കോടതിയോട് പറയാന്‍പോലും സര്‍ക്കാര്‍ തയാറായില്ല. ഒടുവില്‍ നല്കിയ ‘പരിമിത സത്യവാങ്മൂല’ത്തെയും ഉന്നത നീതിപീഠം പരിഹസിച്ചു.
സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത കേന്ദ്ര സര്‍ക്കാരിനെ രക്ഷിക്കുവാന്‍ പെഗാസസ് കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്നും ആയതിനാല്‍ വെളിപ്പെടുത്താനാവില്ലെന്നുമാണ് കോടതിയില്‍ ആവര്‍ത്തിച്ചത്. ആ വിതണ്ഡവാദത്തിനേറ്റ തിരിച്ചടി കൂടിയാണ് സുപ്രീം കോടതിയുടെ ഇടക്കാലവിധി. രാജ്യസുരക്ഷ എന്നത് സ്വന്തം രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളെയും അഴിമതി പരമ്പരകളെയും പൗരാവകാശ ധ്വംസനങ്ങളെയും ഭരണഘടനാ ലംഘനങ്ങളെയും രാജ്യത്തെ വിറ്റഴിക്കല്‍ നയത്തെയും ന്യായീകരിക്കുവാനുള്ള കവച തന്ത്രമായി ദുരുപയോഗം ചെയ്യുവാന്‍ സംഘപരിവാര്‍ ശക്തികള്‍ അധികാരത്തിലെത്തിയ കാലം മുതല്‍ തുടങ്ങിയതാണ്. ഇടക്കാല വിധിയില്‍ ആ കുതന്ത്രത്തിനും കനത്ത പ്രഹരമേറ്റു.

‘ദേശീയ സുരക്ഷ’ എന്നു പറഞ്ഞ് എന്നും കോടതിയെ കബളിപ്പിക്കുവാനാവില്ലെന്ന് പറഞ്ഞ കോടതി അതിന്റെ പേരില്‍ സര്‍ക്കാരിനു രക്ഷപ്പെടാനാവില്ലെന്നും രാജ്യസുരക്ഷ എന്നു പറഞ്ഞാലുടനെ ഭയന്നു പിന്‍മാറുന്നതല്ല കോടതികള്‍ എന്നുകൂടി പറഞ്ഞത്’ നരേന്ദ്രമോഡി സര്‍ക്കാരിന്റെ കബളിപ്പിക്കല്‍ തന്ത്രം സുപ്രീം കോടതിക്ക് ബോധ്യപ്പെട്ടതുകൊണ്ടാണ്. തെഹല്‍ക്കാ കേസിന്റെ കാര്യത്തിലും ദേശസുരക്ഷ പറഞ്ഞാണ് കോടതിയില്‍ നിന്ന് മോഡി സര്‍ക്കാര്‍ രക്ഷപ്പെട്ടത്. പെഗാസസ് കേസില്‍ ഫ്രാന്‍സിലും ഇസ്രയേലിലും ഹംഗറിയിലും അന്വേഷണം നടക്കുമ്പോഴാണ് ഇന്ത്യയില്‍ നിരുത്തരവാദപരമായി ഭരണാധികാരികള്‍ പെരുമാറുന്നതെന്നും അതില്‍ തന്നെ ദുരൂഹതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.

സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിലൂടെ കോടതി മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘവും സാങ്കേതിക വിദഗ്ധ സമിതിയും നിലവില്‍ വരുമ്പോള്‍ മോഡിയുടെയും സംഘത്തിന്റെയും ചങ്കിടിപ്പേറും. സ്വന്തം നിലയില്‍ അന്വേഷണ സംഘത്തെ വയ്ക്കാന്‍ തയാറെന്ന് നില്‍ക്കകള്ളിയില്ലാതെ മോഡി സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നു. അതിനെയും സുപ്രീം കോടതി അപഹസിച്ചു. കുറ്റാരോപിതര്‍ തന്നെ അന്വേഷിച്ചാല്‍ ഫലമെന്താകും എന്ന് ചോദിച്ചുകൊണ്ടാണ് കോടതി സ്വന്തം നിലയില്‍ അന്വേഷണം പ്രഖ്യാപിച്ചത്.

ഫാസിസ്റ്റ്‌വല്‍ക്കരണത്തിന്റെ ഭാഗമായി ജുഡിഷ്യറിയെയും കാല്‍ക്കീഴിലാക്കുവാന്‍ നരേന്ദ്രമോഡി പരിശ്രമിച്ചിരുന്നു. അയോധ്യാ ഭൂമി സംഘപരിവാറിന് പതിച്ചു നല്കുകയും കേന്ദ്രസര്‍ക്കാര്‍ അനുകൂല നിലപാടെടുക്കുകയും ചെയ്ത ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് രാജ്യസഭാ സ്ഥാനം പാരിതോഷികമായി നല്കി. പക്ഷേ എല്ലാ ന്യായാധിപരും വിനീതദാസന്‍മാരല്ലെന്ന് എന്‍ വി രമണ ഉള്‍പ്പെട്ട സുപ്രീം കോടതി ബെഞ്ചിലെ ന്യായാധിപര്‍ തെളിയിക്കുന്നു. കണ്ണുകെട്ടിനില്‍ക്കുന്ന നീതിദേവത അന്ധയല്ല. കാഴ്ചയുടെ പ്രകാശ രേണുക്കള്‍ പ്രസരിപ്പിക്കുന്ന നീതിയുടെയും സത്യത്തിന്റെയും പ്രതീകമാണ്.
‘മാനം കറുത്തു വെളുക്കും പാവമെന്‍
മാനസം മാപ്പു സാക്ഷി…
മാപ്പുസാക്ഷി…’
എന്നു വിലപിച്ചാല്‍പോലും മോഡിയെ മാപ്പുസാക്ഷിയായി മതേതര ജനാധിപത്യ ഇന്ത്യ അംഗീകരിക്കുകയില്ല. ഒറ്റുകാരുടെ പട്ടികയില്‍പ്പെടുത്തും ജനങ്ങള്‍.

Exit mobile version