Site iconSite icon Janayugom Online

ചെറുതായൊരു വെടിയുതിര്‍ക്കലും വലിയ വലിയ വെടിയൊച്ചകളും

“…എവിടെയാണു ഞാന്‍? മാനവത്വത്തിന്റെ ശവകുടീരത്തിലേകനായ്, ഭ്രാന്തനായ്! എവിടെയാണു ഞാന്‍?… പാരതന്ത്ര്യത്തിന്റെ കടപുഴക്കിയ ദേശികന്‍ ഭസ്മമായ്!” വയലാര്‍ ‘ആ രാജഘട്ടില്‍’ എന്ന കവിതയില്‍ ഇങ്ങനെ കുറിച്ചു. പാരതന്ത്ര്യത്തിന്റെ കടപുഴക്കിയ ദേശികന്‍ ഭസ്മമായ്, അണയാത്ത തീജ്വാലയായ് നിലകൊള്ളുന്ന രാജഘട്ടില്‍, മാനവത്വത്തിന്റെ ശവകുടീരത്തില്‍ ഇന്നും നിത്യേന പതിനായിരങ്ങള്‍ ഏകതാബോധത്തോടെ വന്നു നില്‍ക്കുന്നു. ആ മഹാത്മാവിന്റെ എഴുപത്തിയഞ്ചാം രക്തസാക്ഷിത്വദിനത്തിലും നവമാധ്യമങ്ങളില്‍ സംഘപരിവാര വക്താക്കളുടെ ഹൃദയശൂന്യവും നീചവുമായ വാക്കുകള്‍ നിരന്തരം അലയടിക്കുന്നു. ‘എന്താണ് ഹിന്ദു മഹാസഭ ചെയ്ത തെറ്റ്? ചെറുതായൊന്ന് വെടിവച്ച് ഗാന്ധിയെ കൊന്നു എന്നതൊഴിച്ചാല്‍ ചെയ്ത കൊടുംപാതകം എന്താണ്?” കേരളത്തിലെ ബിജെപി വക്താവിന്റെ വാക്കുകളാണിത്. ചെറുതായൊന്ന് വെടിവച്ച് ഗാന്ധിയെ കൊന്നത് പാതകമായി കാണാത്തവര്‍ വലുതായൊന്ന് വെടിവച്ചാല്‍ എന്താകുമായിരുന്നു അവസ്ഥ? 1948 ജനുവരി 30 സായാഹ്നത്തിലേത് ചെറുതായുള്ള വെടിയുതിര്‍ക്കലല്ല. ‘എന്റെ ജീവിതമാണ് എന്റെ സന്ദേശം’ എന്ന് ആവര്‍ത്തിച്ചുപറഞ്ഞ ഗാന്ധിജിയുടെ ഹൃദയത്തിലേക്കുതിര്‍ത്ത വെടിയുണ്ടകള്‍ ഇന്ത്യയുടെ മാര്‍ത്തടത്തെ തകര്‍ത്തവയായിരുന്നു. “ഓര്‍ക്കുവാന്‍ കഴിയുമോ വായനക്കാരേ, നിങ്ങള്‍— ക്കാ കൊടും കൊലയുടെ വേതാള നടനങ്ങള്‍?” വയലാര്‍ ചോദിക്കുന്നു. ഇന്നും ആ നിറതോക്കുകള്‍ നിലത്തുവയ്ക്കാത്തവര്‍ വലിയ വലിയ വെടിയൊച്ചകള്‍ മുഴക്കി ഇന്ത്യയുടെ ഹൃദയത്തെ പിളര്‍ക്കുന്ന വേതാളനൃത്തമാടുന്നു.

ഇന്ത്യയെ പരിപൂര്‍ണമായി വില്‍ക്കുന്ന ബജറ്റും ഇന്ത്യയെ ചാരവലയത്തില്‍ തളയ്ക്കുവാന്‍ വെെദേശികശക്തികളെ നിഗൂഢമായ നിലയില്‍ അനുവദിക്കുകയും ചെയ്ത പെഗാസസും ഒടുവില്‍ നാം കാണുന്ന വെടിയുണ്ട വര്‍ഷമാണ്. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഡിജിറ്റല്‍ ബജറ്റ് ഇന്ത്യയെ പരിപൂര്‍ണമായി കുത്തക മുതലാളിമാര്‍ക്ക് വിറ്റഴിക്കുന്നതിന് ത്വരിതവേഗത വര്‍ധിപ്പിക്കുന്നതാണ്. വ്യോമയാനമേഖല പരിപൂര്‍ണമായി കുത്തകകള്‍ക്ക് വിറ്റഴിച്ചതിനു പിന്നാലെ ലെെഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ നൂറ് ശതമാനം ഓഹരികളും കുത്തകമുതലാളിമാര്‍ക്ക് കെെമാറുന്ന നടപടി വേഗത്തിലാക്കുമെന്നതാണ് ബജറ്റില്‍ ‘അഭിമാനപൂര്‍വം’ നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ചിരിക്കുന്നത്. ‘അമൃതകാലം’ എന്ന് ചെല്ലപ്പേരിട്ടവതരിപ്പിച്ച ബജറ്റ്, കാല്‍നൂറ്റാണ്ട് മുന്‍കൂട്ടി കണ്ട് അവതരിപ്പിക്കുന്നതാണെന്ന് മധുരം പുരട്ടിയ വാക്കുകളാല്‍ ഗീര്‍വാണം മുഴക്കിയെങ്കിലും ‘അമൃതകാല’മല്ല വിഷമയ ദുഷ്കരകാലമാണ് ഈ ഡിജിറ്റല്‍ ബജറ്റ് മുന്നോട്ടുവയ്ക്കുന്നത്. കോര്‍പറേറ്റ് ശക്തികള്‍ക്ക് സഹായഹസ്തമൊരുക്കുന്ന ബജറ്റാണിത്. സാധാരണക്കാരെയും ദരിദ്രരെയും കര്‍ഷകരെയും പട്ടിണിക്കാരെയും പാടേ തിരസ്കരിച്ച് കുത്തകവംശത്തിനായി തയാറാക്കിയ സാമ്പത്തിക അജണ്ടയാണ് ബജറ്റിലൂടെ അനാവരണം ചെയ്യപ്പെട്ടത്. പൊതുമേഖലയില്‍ കൂടുതല്‍ ധനനിക്ഷേപം എന്ന് ഡിജിറ്റല്‍ ബജറ്റ് വാചാലമാകുന്നുണ്ട്. കൂടുതല്‍ ധനനിക്ഷേപം പൊതുമേഖലയില്‍ നിക്ഷേപിച്ചതിനുശേഷം സ്വകാര്യ കുത്തക മുതലാളിമാര്‍ക്ക് കെെമാറി അവരുടെ ഖജനാവിന്റെ വിസ്തൃതിയും ധനസമൃദ്ധിയും വര്‍ധിപ്പിക്കുക മാത്രമാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. നരേന്ദ്രമോഡിയെ അമാനുഷികനായി ചിത്രീകരിക്കുന്ന പതിവ് അജണ്ട നിര്‍മ്മലാ സീതാരാമന്റെ ബജറ്റിലും ആവര്‍ത്തിച്ചു. അമൃതകാലത്തിലെ പി എം ഗതിശക്തി, പ്രധാനമന്ത്രി ആവാസ് യോജന… എന്നിങ്ങനെ പ്രധാനമന്ത്രി പ്രകീര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടു. സബ്സിഡികള്‍ ആകെ എടുത്തുകളഞ്ഞു. എല്‍പിജി സബ്സിഡി അടുത്ത വര്‍ഷവും നല്കില്ല. പെട്രോളിന്റെയും ഡീസലിന്റെയും മണ്ണെണ്ണയുടെയും വില ഉയരും. ‘വന്ദേ ഭാരത്’ എന്ന് ബജറ്റിലൂടെ ഉദ്ഘോഷിക്കുമ്പോഴും ഈ കേന്ദ്ര സര്‍ക്കാര്‍ ഭാരതത്തെ വന്ദിക്കുന്നില്ല. മൂന്ന് വര്‍ഷത്തിനുള്ളില്‍ 400 വന്ദേഭാരത് തീവണ്ടികള്‍ ഓടിക്കുന്നതുകൊണ്ട് ഇന്ത്യ പുരോഗമിക്കുകയില്ല. റയില്‍വേ ട്രാക്കുകളുടെ വികസനം ഇപ്പോഴും കിനാവു മാത്രമാണ്. ഐതിഹാസികമായ കര്‍ഷകപ്രക്ഷോഭം ഇന്ത്യ കണ്ടു. കെെക്കുഞ്ഞുങ്ങളടക്കം ആ പ്രക്ഷോഭത്തില്‍ പങ്കെടുത്തു. എഴുന്നൂറിലേറെ കര്‍ഷകര്‍ വീരമൃത്യു വരിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അനൂപ് മിശ്രയുടെ പുത്രന്‍ ആശിഷ് മിശ്ര വാഹനമിടിച്ചുകയറ്റി നാലു കര്‍ഷക പോരാളികളെയും ഒരു മാധ്യമ പ്രവര്‍ത്തകനെയും കൊന്നുതള്ളി. ഈ ഡിജിറ്റല്‍ ബജറ്റ് കര്‍ഷകപ്രക്ഷോഭത്തെയൊ മരണമടഞ്ഞ കര്‍ഷകരെയൊ അഭിമുഖീകരിക്കുകയൊ അഭിസംബോധന ചെയ്യുകയൊ ചെയ്തില്ല. കോര്‍പ്പറേറ്റുകള്‍ക്ക് സര്‍ചാര്‍ജ് പന്ത്രണ്ടില്‍ നിന്നും ഏഴ് ശതമാനമായി കുറച്ച കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക വിഹിതത്തില്‍ വന്‍ കുറവ് വരുത്തുകയും ചെയ്തു. ഒരു ലക്ഷത്തിലേറെ കോടിയുടെ കാര്‍ഷിക വിഹിതം കുറച്ചുകൊണ്ടുള്ളതാണ് ഡിജിറ്റല്‍ ബജറ്റ്.


ഇതുകൂടി വായിക്കാം; നരേന്ദ്രമോഡിയുടെ ഇന്ത്യ യഥാര്‍ത്ഥ ചിത്രം എന്ത്?


2021–22ലെ ബജറ്റില്‍ 4,74,750 കോടി രൂപ കാര്‍ഷികമേഖലയില്‍ വകയിരുത്തിയിരുന്നതെങ്കില്‍ പുതിയ ബജറ്റില്‍ 8,70,383 കോടി രൂപ കുറച്ചു. വിള ഇന്‍ഷുറന്‍സിനുള്ള തുകയും വെ‍ട്ടിക്കുറച്ചു. 16,989 കോടി രൂപ വിള ഇന്‍ഷുറന്‍സിന് നല്കിയിരുന്നത് 16,000 കോടിയായി വെട്ടിച്ചുരുക്കി. തൊഴിലുറപ്പ് പദ്ധതിവിഹിതവും വെട്ടിക്കുറച്ചു. 96,000 കോടിയുടെ വിഹിതം 73,000 കോടിയായി കുറച്ചു. തീര്‍ത്തും സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കുമെതിരായ വെടിയുതിര്‍ക്കലാണ് നിര്‍മ്മലാ സീതാരാമന്റെ മോഡി വാഴ്ത്തുപാട്ടിന്റെ ഡിജിറ്റല്‍ ബജറ്റ്. കോവിഡ് മഹാമാരിയുടെ കാലത്ത് ഒരു കര്‍ഷക രക്ഷാ പാക്കേജുമില്ല. മിനിമം താങ്ങുവിലയും വെെദ്യുത സബ്സിഡിയും പരിഗണിച്ചതേയില്ല. ഡ്രോണ്‍ അല്ല കര്‍ഷകദുരിതത്തിന്റെ പരിഹാരം. വിലകുറയുന്നത് വജ്രം, രത്നം, മൊബെെല്‍ ചാര്‍ജര്‍, മീഥെെല്‍ ആല്‍ക്കഹോള്‍, അസറ്റിക്ക് ആസിഡ് എന്നിവയ്ക്കാണ്. അതേസമയം കുടയ്ക്കുള്‍പ്പെടെ വില കൂടും. പാവം ഭാരതീയര്‍ വജ്രവും രത്നവും മീഥെെല്‍ ആല്‍ക്കഹോളും കഴിച്ചല്ല ദെെനംദിന ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത് എന്ന് മോഡിയും സംഘവും അറിയുന്നില്ലേ…? ഇന്ത്യയെ വിറ്റഴിക്കുന്നതിനൊപ്പം, ദരിദ്ര നാരായണന്‍മാരെ അവഗണിച്ചും അവഹേളിച്ചും കുത്തക മുതലാളിമാര്‍ക്കായുള്ള സാമ്പത്തികനയം നടപ്പാക്കിയും മുന്നേറുന്ന നരേന്ദ്രമോഡി ഭക്തര്‍ പെഗാസസ് വാങ്ങി വെെദേശിക ചാരശക്തികള്‍ക്ക് ഇന്ത്യയെ ബലികൊടുക്കുകയും ചെയ്യുന്നു. ഇസ്രയേല്‍ ഇന്ത്യയുടെ സര്‍വതും കയ്യടക്കുന്നതിന്റെ അവസ്ഥ നരേന്ദ്രമോഡിയും സംഘവും സൃഷ്ടിച്ചിരിക്കുന്നു. ‘മൊസാദ്’ ഉള്‍പ്പെടെയുള്ള ലോകദ്രോഹ സംഘങ്ങളുമായി ഇവര്‍ കെെകോര്‍ത്തു പിടിക്കുകയും ചെയ്യുന്നു. രാജ്യസുരക്ഷയെപോലും അപായപ്പെടുത്തുന്ന നിലയില്‍ സുപ്രീം കോടതി ജഡ്ജിമാരുടെയും പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളുടെയും വിവരങ്ങള്‍ ചോര്‍ത്തി അഭിരമിക്കുമ്പോള്‍ രാജ്യദ്രോഹികള്‍ രാജ്യം ഭരിക്കുന്ന ദുരവസ്ഥയെ നാം മുഖാമുഖം കാണുന്നു. ഇന്ത്യയെ വീണ്ടും വീണ്ടും വെടിവച്ചു മലര്‍ത്തുകയാണ് സംഘപരിവാര ഫാസിസ്റ്റുകള്‍. ഇന്ത്യയെ സ്വാശ്രയത്വത്തിലേക്കും മതേതര മാനവികതയിലേക്കും ആനയിക്കുവാന്‍ പരിശ്രമിച്ച ഗാന്ധി ഇന്ന് തമസ്കരണത്തിന്റെയും മറവിയുടെയും യവനികയ്ക്കുള്ളിലാണ്. ഡിജിറ്റല്‍‍ ബജറ്റുകള്‍ സ്വാശ്രയത്വവും സ്വാതന്ത്ര്യവും പണയപ്പെടുത്തുന്നു. ഹൃദയവ്യഥയുടെ ഈ കവിവാക്യം ചൊല്ലി കരയുവാനേ, മാറില്‍ തൊട്ട് വിതുമ്പുവാനേ നമുക്കാവൂ. ‘ആരാണ് ഗാന്ധി? നിഴല്‍ച്ചുള്ളിയൂന്നി ചരിത്രത്തിലെങ്ങോ നടന്നവന്‍’ .….….….….….….….….….. കനവായിരുന്നുവോ ഗാന്ധി? കഥയായിരുന്നുവോ ഗാന്ധി? ചരിത്രത്തിലെങ്ങോ നടന്ന, കനവും കഥയുമല്ലാത്ത ഗാന്ധിയെ വീണ്ടെടുക്കുമ്പോഴേ ഇന്ത്യയെ പണയപ്പെടുത്തുന്നവരെ പൊരുതി തോല്‍പ്പിക്കുവാനാവൂ.

Exit mobile version