Site iconSite icon Janayugom Online

കരഞ്ഞുകലങ്ങിയ കണ്ണുമായി പുതുപ്പള്ളിയുടെ കാത്തിരിപ്പ്

ങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന്റെ ഈ വരവ് തിരിച്ചുപോകാനുള്ളതല്ല. എങ്കിലും കാത്തിരിപ്പിലാണ് പുതുപ്പള്ളിക്കാരൊന്നടങ്കം. നെഞ്ചുനീറി കരയുന്ന അവരുടെ കണ്ണുകള്‍ കലങ്ങിമറിഞ്ഞിരിക്കുന്നു. ഇനിയും എത്രനേരം കാത്തിരിക്കണം തങ്ങളുടെ സ്വന്തം കുഞ്ഞൂഞ്ഞിനെ കാണാന്‍. ജനങ്ങള്‍ക്കിടയില്‍ സമയത്തിനും ആരോഗ്യത്തിനും ഒരു വിലയും കല്പിക്കാത്ത ഉമ്മന്‍ ചാണ്ടിക്കായി പുതുപ്പള്ളി എത്രനേരം വേണമെങ്കിലും കാത്തിരിക്കുമായിരിക്കും. അദ്ദേഹം തങ്ങളുടെ മാത്രമല്ല, ഒരിക്കലും തിരിച്ചുപോകാനാവാത്ത ആ വഴിത്താരയില്‍ നിറഞ്ഞുനില്‍ക്കുന്ന മനുഷ്യരുടേതുകൂടിയാണ്. അവര്‍ ആവോളം കാണട്ടെ, എത്രവൈകിയാലും കുഞ്ഞൂഞ്ഞ് ഇവിടേക്കെത്തും… പുതുപ്പള്ളിയുടെ മനസ് ഇങ്ങനെ പറയുകയാണ്.

പുതുപ്പള്ളി കരോട്ടെ വള്ളക്കാലില്‍ വീട്ടില്‍ നിന്ന് തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലേക്ക് പോയെങ്കിലും കുഞ്ഞൂഞ്ഞിന് ഇവിടം സ്വര്‍ഗം തന്നെയായിരുന്നു. അദ്ദേഹം പോകുന്നിടത്ത് ഒരു കുഞ്ഞു പുതുപ്പള്ളി തീര്‍ക്കും. അതാണ് തലസ്ഥാനത്തെ ജഗതിയിലേതും. പുതുപ്പള്ളിയുടെ ഞായറാഴ്ചകള്‍ കുഞ്ഞൂഞ്ഞിന്റെയും നാട്ടുകാരുടെയും കൂട്ടായ്മയുടേതായിരുന്നു. ഇനിയില്ല അങ്ങനെയൊരു പതിവ്. എങ്കിലും ഉമ്മന്‍ ചാണ്ടിക്ക് പുതുപ്പള്ളിയുമായി വേര്‍പ്പെടാനാവില്ല. സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയുടെ മുറ്റത്ത് പ്രത്യേകമായി തയ്യാറാക്കുന്ന കല്ലറയില്‍ പുതുപ്പള്ളിയുടെ സ്നേഹാദരവോടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ് അന്തിയുറങ്ങും.

കല്യാണം കൂടാനും മരിപ്പിനും പേര് വിളിച്ച് വിശേഷം ചോദിക്കാനും ഇനി കുഞ്ഞൂഞ്ഞെത്തില്ല. വരുന്നത് ചേതനയറ്റ ശരീരം മാത്രമായി. രാവിലെ ഏഴരയോടെയാണ് തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍ നിന്ന് സ്വന്തം നാടായ പുതുപ്പള്ളിയിലേക്ക് ഉമ്മന്‍ചാണ്ടിയെയും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പുറപ്പെട്ടത്. ഈ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ (സമയം ഉച്ചക്ക് 12.30) തിരുവനന്തപുരം വെമ്പായത്ത് എത്തിയിട്ടേയുള്ളൂ. ഈ 40 കിലോമീറ്റര്‍ പിന്നിട്ടപ്പോഴേക്കും അനേകായിരങ്ങള്‍ക്കുമേല്‍ മഴയും വെയിലും വീണിരിന്നു. എന്നിട്ടും ഇരുവശവുമായി കാത്തുനില്‍ക്കുകയാണ് പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞിനെ കാണാന്‍ തലസ്ഥാന ജില്ലയിലുള്ളവരും.

ഇനിയും താണ്ടുവാന്‍ ദൂരമേറെയുണ്ട്. കോട്ടയത്തെ ഡിസിസി ആസ്ഥാനത്തേക്കാണ് ആദ്യം എത്തുക. അവിടെനിന്നാകും തെരുനക്കര മൈതാനത്തേക്ക് കൊണ്ടുവരിക. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുള്ള ഒട്ടനവധി ആളുകള്‍ ഇതിനകം തന്നെ തിരുനക്കരയിലെത്തിയിട്ടുണ്ട്. അവിടെ നിന്ന് പുതുപ്പള്ളിയിലേക്ക് എത്തുന്നത് എപ്പോഴാണെന്ന് ഇനിയും പറയുക അസാധ്യം. അതുവരെ പുതുപ്പള്ളി ക്ഷമയോടെ കാത്തിരിക്കും…

Eng­lish Sam­mury: Pudu­pal­ly Wait­ing , For Oom­men Chandy

Exit mobile version