വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ വഖഫ് സ്വത്തുകള്‍ പുനര്‍ വിജ്ഞാപനം ചെയ്യില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. വഖഫ് ബോര്‍ഡില്‍ മുസ്ലിങ്ങളല്ലാത്തവരെ ഉള്‍പ്പെടുത്തില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പരമോന്നത കോടതിയെ ബോധിപ്പിച്ചു. ഹര്‍ജികള്‍ പരിഗണിക്കവേ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസിഹ് എന്നിവര്‍ക്ക് മുന്നില്‍ ഇക്കാര്യം ബോധിപ്പിച്ചത്. ഒരു നിയമം നടപ്പിലാക്കുന്നത് സംബന്ധിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് വിശദമായ വാദം കേള്‍ക്കല്‍ ആവശ്യമാണെന്ന് ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു.
നേരത്തെ ചീഫ് ജസ്റ്റിസായിരുന്ന സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിഷയത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. വിശദമായ വാദം കേള്‍ക്കല്‍ ആവശ്യമായ വിഷയത്തില്‍ അടുത്ത ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച് വാദം കേള്‍ക്കുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് ഹര്‍ജികള്‍ ഇന്നലെ പരിഗണിച്ചത്. 1995ലെ വഖഫ് നിയമത്തിന്റെ സാധുത ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ സ്വതന്ത്രമായി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് വ്യക്തമാക്കി. ഇടക്കാലാശ്വാസം സംബന്ധിച്ച വിഷയത്തില്‍ ഈ മാസം 20ന് വിശദമായി വാദം കേള്‍ക്കുമെന്നും ബെഞ്ച് പറഞ്ഞു. തുടര്‍ന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, അന്തിമ വിധി വരുന്നത് വരെ വഖഫ് സ്വത്തുകള്‍ പുനര്‍ വിജ്ഞാപനം ചെയ്യില്ലെന്നും ബോര്‍ഡില്‍ അമുസ്ലിങ്ങളെ ഉള്‍പ്പെടുത്തില്ലെന്നും ഉറപ്പുനല്‍കിയത്.

