Site iconSite icon Janayugom Online

പശ്ചിമ ബംഗാളിൽ വഖഫ് പ്രതിഷേധം അക്രമാസക്തമായി; പൊലീസ് വാഹനം കത്തിച്ചു, നിരവധി പേർക്ക് പരിക്ക്

പശ്ചിമബംഗാളിൽ വഖഫ് നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം വീണ്ടും അക്രമാസക്തമായി. പശ്ചിമ ബംഗാളിലെ സൌത്ത് 24 പർഗാനാസ് ജില്ലയിലെ ഭംഗറിൽ ഇന്ന് ഐഎസ്എഫ് അനുകൂലികളും പൊലീസുമായി ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്കേറ്റു. പ്രതിഷേധക്കാർ പൊലീസിൻറെ വാഹനം കത്തിച്ചു.

വഖഫ് നിയമ ബേദഗതിക്കെതിരെ പാർട്ടി നേതാവും ഭംഗർ എംഎൽഎയുമായ നൌഷാദ് സിദ്ദിഖ് നയിക്കുന്ന പ്രതിഷേധ റാലിയിൽ പങ്കെടുക്കാനായി കൊൽക്കത്തയിലെ രാംലീല മൈതാനത്തേക്ക് പോകുകയായിരുന്ന ഐഎസ്എഫ് അനുകൂലികളെ പൊലീസ് തടഞ്ഞതാണ് സംഘർഷത്തിന് വഴിയൊരുക്കിയത്.  ജനക്കൂട്ടം പൊലീസ് ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചതോടെ ഇരു വിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടുകയും സംഘർഷം രൂക്ഷമാകുകയുമായിരുന്നു.

രാംലീല മൈതാനിയിൽ നടന്ന പ്രതിഷേധ റാലിക്ക് പൊലീസ് അനുമതി ഇല്ലാത്തതിനാൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി ചാർജ് നടത്തുകയായിരുന്നുവെന്നും ഇതിൽ ഒരു ഐഎസ്എഫ് പ്രവർത്തകൻറെ തലയ്ക്ക് പരിക്കേറ്റതായും ദൃക്സാക്ഷികൾ പറഞ്ഞു.

Exit mobile version