Site iconSite icon Janayugom Online

വാട്ടർ മെട്രോ സംവിധാനം ഗുജറാത്തിലേക്ക്

കൊച്ചിയിൽ ജനം കൈനീട്ടി സ്വീകരിച്ച വാട്ടർ മെട്രോ സംവിധാനം ഗുജറാത്തിലും നടപ്പിലാക്കാൻ ഒരുങ്ങുന്നു. സൂറത്ത് നഗരമാണ് താപി നദിയിൽ ഈ പദ്ധതി നടപ്പിലാക്കാൻ ശ്രമം തുടങ്ങിയത്. കൊച്ചി വാട്ടർ മെട്രോയുടെ പ്രവർത്തനം കണ്ടുപഠിക്കാൻ സൂറത്ത് മുനിസിപ്പൽ കോർപറേഷൻ (എസ്എംസി) അധികൃതർ അടുത്ത ദിവസം കൊച്ചിയിലെത്തും. 

സൂറത്തിൽ 33 കിലോമീറ്റർ നീളമുള്ള വാട്ടർ മെട്രോ സംവിധാനം നടപ്പിലാക്കാനാണ് പദ്ധതി. ഗതാഗതക്കുരുക്ക് കുറയ്ക്കാനും പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. നിലവിൽ 70 ലക്ഷത്തോളം വരുന്ന സൂറത്തിലെ വർധിച്ചുവരുന്ന ജനസംഖ്യ കണക്കിലെടുത്താണ് പദ്ധതി. ഇതിനിടെ കൊച്ചി വാട്ടർ മെട്രോ ഒന്നര വർഷം പിന്നിടുമ്പോൾ യാത്രക്കാരുടെ എണ്ണം 30 ലക്ഷം കടന്നു. പൊതുഗതാഗത മേഖലയിലെ നാഴികക്കല്ലായി മാറിയ വാട്ടർ മെട്രോ വിനോദസഞ്ചാരികൾക്ക് പുറമെ കൊച്ചിക്കാർക്കും ഏറെ സഹായകമായിട്ടുണ്ടെന്നാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധന സൂചിപ്പിക്കുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
10 ടെർമിനലുകളിലായി ആറു റൂട്ടുകളിലേക്ക് കൊച്ചി വാട്ടർ മെട്രോ സർവീസ് നടത്തുന്നുണ്ട്. വാട്ടർ മെട്രോ വിനോദ സഞ്ചാര മേഖലയ്ക്കും ഗുണം ചെയ്യുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. കൂടുതൽ ടെർമിനലുകളുടെ നിർമ്മാണം പൂർത്തിയാക്കി ആ റൂട്ടുകളിൽ കൂടി ബോട്ടുകൾ ഇറക്കി സർവീസ് വിപുലീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി രാജീവ് വ്യക്തമാക്കി. 

നിലവിൽ സർവീസ് നടത്തുന്ന റൂട്ടുകളിൽ ഏറ്റവും കൂടുതൽ യാത്രക്കാരുള്ളത് ഹൈക്കോർട്ട്-ഫോർട്ടുകൊച്ചി റൂട്ടിലാണ്. വിനോദസഞ്ചാരികളുടെ ബാഹുല്യമാണ് ഈ റൂട്ടിനെ ഹിറ്റാക്കിയത്. എന്നാൽ ആവശ്യത്തിന് ബോട്ടുകളില്ലാത്തത് സർവീസിനെ ബാധിക്കുന്നുണ്ട്. അവധി ദിവസങ്ങളിൽ ദീർഘനേരം ക്യൂനിന്നാണ് യാത്രക്കാർ ടിക്കറ്റെടുക്കുന്നത്. കൂടുതൽ ബോട്ടുകൾ എത്തുന്നതോടെ ഈ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. 

Exit mobile version