Site icon Janayugom Online

പമ്പയില്‍ തുഴയെറിയാന്‍ വെള്ളമില്ല ഉതൃട്ടാതി ജലമേള ജലരേഖയാകുമോ…

പമ്പാനദിയില്‍ ജലനിരപ്പ് താഴ്ന്നു. സെപ്റ്റംബര്‍ രണ്ടിന് നടക്കേണ്ട ആറന്മുള ഉതൃട്ടാതി ജലമേള നടക്കുമോയെന്ന് ആശങ്ക. ജലമേള നടക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പമ്പാ നദിയില്‍ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നത്. വരും ദിവസങ്ങളില്‍ മഴക്കായി കാത്തിരിക്കുകയാണ് ഉതൃട്ടാതി ജലമേളയുടെ ആരാധകര്‍. ചെന്നിത്തല മുതൽ റാന്നി ഇടക്കുളം വരെയുള്ള 52 കരകളിലെ പള്ളിയോടങ്ങളാണ് വള്ള സദ്യകളിലും ഉതൃട്ടാതി ജലമേളയിലും പങ്കെടുക്കുന്നത്.

ജലമേള നടക്കുന്ന നദിയുടെ മിക്ക പ്രദേശങ്ങളും പള്ളിയോടങ്ങള്‍ക്ക് തുഴഞ്ഞ് നീങ്ങാന്‍ പറ്റാത്ത അവസ്ഥയിലാണ് . പലയിടങ്ങളിലും മണ്‍പുറ്റുകള്‍ പൊങ്ങിനില്‍ക്കുകയാണ്. ഇനിയും മഴ കനിഞ്ഞില്ലെങ്കില്‍ ജലമേള ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടാകും. ഇപ്പോള്‍ വഴിപാട് വള്ള സദ്യക്കുള്ള പള്ളിയോടങ്ങള്‍ പമ്പാനദിയില്‍ വള്ളപ്പാട്ട് പാടി തുഴയുന്നുണ്ടെങ്കിലും വരും ദിവസങ്ങളില്‍ മഴ കനിഞ്ഞില്ലെങ്കില്‍ ഭക്തരുടെ വഴിപാട് വള്ള സദ്യകളും പേരിന് വേണ്ടി നടത്തേണ്ടി വരും. പമ്പാ നദിയിലെ മണ്‍പുറ്റ് നീക്കുന്നതിനായി സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിന്റെ പണികള്‍ നടക്കുന്നുണ്ട്. ഇതിനുമുമ്പ് 2017ലാണ് മത്സരവള്ളം നടന്നത്.

പമ്പാ നദിയില്‍ ജലനിരപ്പ് താഴ്ന്നാല്‍ ശബരിഗിരി ജലവൈദ്യുത പദ്ധതിയില്‍നിന്നും പുറംതള്ളുന്ന വെള്ളം മണിയാര്‍ ഡാമില്‍ സംഭരിച്ച് വള്ളംകളി നടക്കുന്ന ഒരു ദിവസം മുമ്പ് വെള്ളം കക്കാട്ടാറ്റിലൂടെ തുറന്നുവിട്ട് പമ്പാനദിയിലെ ജലവിതാനം ക്രമീകരിച്ചാണ് വള്ളംകളി സംഘടിപ്പിക്കന്നത്. എന്നാല്‍ നിലവിലെ ജലവിതാനം ക്രമാതീതമായി താഴ്ന്നതിനാല്‍ മണിയാര്‍ ഡാമില്‍നിന്നും ആവശ്യത്തിന് വെള്ളം തുറന്നുവിട്ടാലും രണ്ടടിവരെ ജലനിരപ്പ് ഉയര്‍ത്താനേ കഴിയുകയുള്ളു. ഇത് ആവേശം അലതല്ലുന്ന മത്സര വള്ളംകളിക്ക് സാധ്യമാകുകയുമില്ല ഇനിയും കാലവര്‍ഷം കനിയുമെന്ന കത്തിരിപ്പിലാണ് ആരാധകര്‍ .

Eng­lish Sam­mury: Water scarci­ty in Pam­pa, Uthru­tati Jal Mela in concern

Exit mobile version