Site iconSite icon Janayugom Online

വിനോദസഞ്ചാരികളുടെ പറുദീസയാകാൻ വയലട ഒരുങ്ങി; ഉദ്ഘാടനം ജനുവരി 29 ന്

kozhikodekozhikode

മലബാറിന്റെ ഗവി എന്നറിയപ്പെടുന്ന വയലടയിലെത്തുന്ന സഞ്ചാരികൾക്കായി കൂടുതൽ അടിസ്ഥാന സൗകര്യങ്ങളൊരുങ്ങി. 3.04 കോടി രൂപയാണ് വയലടയുടെ ഒന്നാം ഘട്ട വികസനത്തിനായി സർക്കാർ അനുവദിച്ചത്. പവലിയൻ, പ്രധാന കവാടം, സൂചനാ ബോർഡുകൾ, ലാന്റ്സ്കേപ്പിംഗ്, ഇരിപ്പിടങ്ങൾ, ഫുഡ് കോർട്ട്, കോഫീഷോപ്പ്, സോളാർ ലൈറ്റ്, ശുചിമുറി, ഫെസിലിറ്റേഷൻ സെന്റർ, വ്യൂ പോയിന്റ് തുടങ്ങിയവയാണ് പദ്ധതിയിൽ ഉൾപ്പെട്ട പ്രധാന ഘടകങ്ങൾ. സ്വകാര്യ വ്യക്തികളിൽ നിന്നും വിട്ടുകിട്ടിയ സ്ഥലത്താണ് വയലട റൂറൽ ടൂറിസം ഡെവലപ്മെന്റ് പദ്ധതിയുടെ ഒന്നാം ഘട്ടം നടപ്പിലാക്കിയത്. പ്ലോട്ടുകളിൽ ആയാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. 

വിനോദസഞ്ചാര വകുപ്പ് കോഴിക്കോട് ഡി ടി പി സി മുഖന നടപ്പാക്കുന്ന ഈ പദ്ധതിയുടെ നിർവ്വഹണ ഏജൻസി കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി-ലിമിറ്റഡ് (കെ ഇ എൽ) ആണ്. പദ്ധതിയുടെ ഉദ്ഘാടനം 29 ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും. വിനോദ സഞ്ചാര മേഖലക്ക് ഏറെ കരുത്ത് പകരുന്നതാണ് വയലടയിലെ വികസന പ്രവർത്തനങ്ങൾ. ബാലുശ്ശേരിയിൽ നിന്ന് ഏകദേശം പന്ത്രണ്ട് കിലോമീറ്റർ അകലെയാണ് വയലട. സമുദ്രനിരപ്പിൽ നിന്ന് 1400 അടി ഉയരത്തിലുള്ള വയലടയിലെ തണുത്ത കാലാവസ്ഥയും സഞ്ചാരികളെ ഏറെ ആകർഷിക്കുന്നുണ്ട്.

ഏറ്റവും മുകളിൽ നിന്ന് നോക്കിയാൽ കൂരാച്ചുണ്ട്, പേരാമ്പ്ര പട്ടണങ്ങളുടെ വിശാലമായ കാഴ്ചയും കാണാം. നിറയെ ചെറിയ മലകൾ ഉള്ളതിനാൽ ട്രെക്കിംഗിന് ഏറെ അനുയോജ്യമാണ് ഇവിടം. വയലടയിലെ ഏറ്റവും ഉയരമുള്ള മലയാണ് കോട്ടക്കുന്ന് മല. വ്യൂപോയിന്റ് എത്തിയാൽ കക്കയം റിസർവോയറുൾപ്പെടെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാനാവും. കോഴിക്കോട് നിന്ന് ബാലുശ്ശേരി വഴിയും താമരശ്ശേരി ഭാഗത്ത് നിന്ന് എസ്റ്റേറ്റ് മുക്ക് വഴിയും വയലട വ്യൂപോയിന്റ് എത്താവുന്നതാണ്.

Eng­lish Sum­ma­ry: Way­al­a­da is all set to become a tourist’s par­adise; The inau­gu­ra­tion is on Jan­u­ary 29

You may also like this video

Exit mobile version