Site iconSite icon Janayugom Online

വയനാട്, കോഴിക്കോട് ജില്ലകളിലെ യാത്രാദുരിതത്തിന് പരിഹാരമാകും; ആനക്കാംപൊയിൽ‑കള്ളാടി–മേപ്പാടി തുരങ്കപാത നിർമാണ പ്രവൃത്തിക്ക് ഇന്ന് തുടക്കം

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ‑കള്ളാടി–മേപ്പാടി തുരങ്കപാത നിർമാണ പ്രവൃത്തിക്ക് ഇന്ന് തുടക്കമാകും. വയനാട്, കോഴിക്കോട് ജില്ലകളിലെ യാത്രാദുരിതത്തിന് പരിഹാരമാകുന്ന പദ്ധതിയുടെ നിർമ്മാണ പ്രവൃത്തി ഇന്ന് വൈകിട്ട് നാല് മണിക്ക് കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ സെന്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വരുന്നതോടെ ഇരു ജില്ലകള്‍ക്കുമിടയില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സൗകര്യത്തോടെ യാത്രചെയ്യാനാകുമെന്നാണ് പ്രതീക്ഷ. താമരശ്ശേരി ചുരത്തിനപ്പുറം മറ്റൊരു യാത്രാപാത ഒരുങ്ങുന്നതോടെ വയനാട് ഇന്ന് നേരിടുന്ന ഗതാഗത അസൗകര്യങ്ങള്‍ക്ക് വലിയ പരിഹാരമാകും.

 

 

ഗതാഗതസൗകര്യങ്ങളിലെ ഈ കുതിപ്പ് കേവലം വയനാടിനും കോഴിക്കോടിനുമിടയില്‍ ഒതുങ്ങുന്നില്ലെന്നതാണ് പ്രധാനം. ചരക്കുഗതാഗതത്തില്‍ നിര്‍ണായകസ്ഥാനം വഹിക്കാന്‍ തുരങ്കപാതയ്ക്കാകും. വിഴിഞ്ഞം, വല്ലാര്‍പാടം തുറമുഖങ്ങളെ ബംഗളൂരുവുമായി ബന്ധിപ്പിക്കുന്ന സുപ്രധാനപാതയായി ഇതുമാറും. വയനാട് ജില്ലയിൽ 5.58 കിലോമീറ്ററും കോഴിക്കോട് ജില്ലയിൽ 3.15 കിലോമീറ്ററും നീളം വരുന്ന ഈ പാതക്ക് ആകെ 8.735 കിലോമീറ്റർ ആണ് ദൂരമുള്ളത്. മറിപ്പുഴ (കോഴിക്കോട്) മുതൽ മീനാക്ഷി പാലം (വയനാട്, കള്ളാടി) വരെ അപ്രോച്ച് റോഡ്‌ ഉൾപ്പെടെ 8.735 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കപാതയുടെ 8.11 കിലോമീറ്റർ ദൂരം ഇരട്ട തുരങ്കങ്ങളാണ്. പദ്ധതിയിൽ ഇരുവഴിഞ്ഞി പുഴക്ക് കുറുകെ രണ്ട് പ്രധാന പാലങ്ങളും മറ്റ് മൂന്ന് ചെറുപാലങ്ങളും ഉൾപ്പെടും. ആറ് വളവുകളുള്ള റൂട്ടിൽ ഓരോ 300 മീറ്ററിലും ഇരട്ട തുരങ്കങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാതയും (ക്രോസ്സ് പാസ്സേജ്) ഉണ്ടാവും. പദ്ധതിയുടെ ആകെ ചെലവ് 2134.50 കോടി രൂപയാണ്. പദ്ധതിക്കായി 33 ഹെക്ടർ ഭൂമിയാണ്‌ ഏറ്റെടുക്കുന്നത്. 5771 മീറ്റർ വനമേഖലയിലൂടെയും 2964 മീറ്റർ സ്വകാര്യ ഭൂമിയിലൂടെയുമാണ് തുരങ്കപാത കടന്നു പോകുന്നത്.

Exit mobile version