Site iconSite icon Janayugom Online

ഉള്ളുലഞ്ഞ് കേരളം: 125 മൃതദേഹങ്ങള്‍ കണ്ടെടുത്തു

AirforceAirforce

പ്രകൃതിയുടെ സംഹാരതാണ്ഡവത്തില്‍ വിറങ്ങലിച്ച് നൊന്തുപൊള്ളി വയനാട്. കേരളത്തെ നടുക്കിയ മഴ ദുരന്തങ്ങളിലൊന്നില്‍ ചൂരൽമല, മുണ്ടക്കൈ എന്നിവിടങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ വന്‍ ജീവനാശം. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്കും രണ്ടിനുമിടയിലാണ് ചൂരൽമലയിൽ ഉരുൾപൊട്ടലുണ്ടായത്. പിന്നാലെ പുലർച്ചെ നാലുമണിയോടെ മുണ്ടക്കൈയിൽ രണ്ടാമതും ഉരുൾപൊട്ടി. വൻശബ്ദത്തോടെ മൂന്നുതവണ ഉരുൾപൊട്ടലുണ്ടായതായി പ്രദേശവാസികൾ പറഞ്ഞു.

മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങൾ തകർന്നു തരിപ്പണമായി. വൻ പാറകളും മരത്തടികളും കുത്തിയൊഴുകി ജനവാസകേന്ദ്രങ്ങളപ്പാടെ ഇല്ലാതായി. നൂറുകണക്കിന് വീടുകളും കെട്ടിടങ്ങളും തകർന്നു. ഉരുൾപൊട്ടലുണ്ടായത് പുലർച്ചെയായതിനാൽ ദുരന്തത്തിനിരയായവരിൽ ഏറെപ്പേർക്കും എന്താണ് സംഭവിച്ചതെന്ന് പോലും അറിയാനായില്ല. ചൂരൽമല പട്ടണത്തിന്റെ ഭൂരിഭാഗവും നാമാവശേഷമായി. വെള്ളാർമല ജിവിഎച്ച്എസ്എസ് കെട്ടിടം ഭൂരിഭാഗവും തകർന്നു. ചൂരൽമലയിൽ നിന്നും മുണ്ടക്കൈയിലേക്കുള്ള പാലം ഒഴുകിപ്പോയത് പ്രതിസന്ധി വർധിപ്പിച്ചു. വൈകിട്ടോടെ താല്‍ക്കാലിക പാലം നിര്‍മ്മിച്ചാണ് മുണ്ടക്കൈയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. ഉരുൾപൊട്ടി ഒഴുക്കിൽപ്പെട്ട നിരവധിപേരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും ചാലിയാറിലൂടെ പോത്തുകൽ ഭാഗത്തെത്തിയത് ഫയർഫോഴ്സും പൊലീസും രക്ഷാപ്രവർത്തകരും വീണ്ടെടുത്ത് നിലമ്പൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. 

അഗ്നിരക്ഷ, ദുരന്തനിവാരണ സേനകളും നാട്ടുകാരും ചേർന്നാണ് പുലർച്ചെ മുതൽ രക്ഷാപ്രവർത്തനം നടത്തിയത്. ഉച്ചയോടെ സൈന്യവും രംഗത്തെത്തി. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ്, മേപ്പാടി കുടുംബാരോഗ്യകേന്ദ്രം, സുൽത്താൻബത്തേരി താലൂക്ക് ആശുപത്രി, കല്പറ്റ ജനറൽ ആശുപത്രി എന്നിവിടങ്ങളിലായി പരിക്കേറ്റവരെ പ്രവേശിപ്പിച്ചു. രാത്രി വൈകുവോളവും തുടര്‍ന്ന രക്ഷാപ്രവര്‍ത്തനത്തിനിടെ കണ്ടെത്തിയ ആളുകളെയും മൃതദേഹങ്ങളും വഹിച്ചുള്ള ആംബുലന്‍സുകള്‍ ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരുന്നു. 

ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: സിപിഐ

ന്യൂഡല്‍ഹി: വയനാട് ഉരുൾപൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ദുരന്തത്തിൽ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തിയ സെക്രട്ടേറിയറ്റ് കേരളത്തിലെയും വയനാട്ടിലെയും ജനങ്ങളോട് ഐക്യദാർഢ്യം അറിയിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുകാൻ എല്ലാ വിഭാഗം ജനങ്ങളോടും സെക്രട്ടേറിയറ്റ് അഭ്യർത്ഥിച്ചു.

ദുരിതാശ്വാസത്തിന് സജീവമായി രംഗത്തിറങ്ങുക: ബിനോയ് വിശ്വം

തിരുവനന്തപുരം: വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ട ജനങ്ങളെ സഹായിക്കാൻ എല്ലാ പാർട്ടി ഘടകങ്ങളും സജീവമായി രംഗത്തിറങ്ങാൻ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭ്യർത്ഥിച്ചു. അപകടത്തിൽ രക്ഷപ്പെടുത്തിയ നിരവധി പേർ ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും കഴിയുകയാണ്. ഇവർക്കാവശ്യമായ വസ്തുക്കൾ സമാഹരിച്ച് കല്പറ്റയിൽ എത്തിക്കണമെന്നും ബിനോയ് വിശ്വം അഭ്യർത്ഥിച്ചു.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ഇന്നലെ നടത്താനിരുന്ന സി അച്യുതമേനോൻ പ്രതിമാ അനാച്ഛാദന പരിപാടിയും സംസ്ഥാന എക്സിക്യൂട്ടീവ് യോഗവും മാറ്റിവച്ചിരുന്നു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തിൽ പാർട്ടി നേതാക്കൾ ഇന്ന് ദുരന്തഭൂമിയിലെത്തും. 

Eng­lish Sum­ma­ry: Wayanad dis­as­ter; : 125 dead bod­ies recovered

You may also like this video

Exit mobile version