Site iconSite icon Janayugom Online

വയനാട് പുനരധിവാസം;മാതൃകാ ടൗൺഷിപ്പിന്റെ നിര്‍മ്മാണം ആരംഭിച്ചു

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ സംസ്ഥാന സർക്കാർ ഒരുക്കുന്ന മാതൃകാ ടൗൺഷിപ്പിന്റെ പ്രവൃത്തികൾ ആരംഭിച്ചു. കല്പറ്റ ബൈപാസിനടുത്ത് നേരത്തെ ഏറ്റെടുത്ത്, മുഖ്യമന്ത്രി തറക്കില്ലിട്ട എൽസ്റ്റൺ എസ്റ്റേറ്റിലാണ് ഇന്നലെ രാവിലെയോടെ കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക് സൊസൈറ്റിയിലെ തൊഴിലാളികളെത്തി പ്രവൃത്തികൾ ആരംഭിച്ചത്. എസ്റ്റേറ്റിലെ തൈകളും അടിക്കാടുകളും വെട്ടിമാറ്റിയ സംഘം സർവേ നടപടികളും പൂർത്തീകരിച്ചു.

കളക്ടർ ഡി ആർ മേഘശ്രീയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി, സർക്കാർ ഏറ്റെടുത്തതായി എസ്റ്റേറ്റ് ഭൂമിയിൽ നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് പ്രവൃത്തികൾ തുടങ്ങിയത്. ഭൂമി ഏറ്റെടുക്കുന്നതിനായി ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 26 കോടി രൂപ ഹൈക്കോടതി രജിസ്റ്റർ ജനറലിന്റെ അക്കൗണ്ടിൽ മുമ്പ് കെട്ടി വെച്ചിരുന്നു. അത് കൂടാതെ കഴിഞ്ഞ ദിവസം ഹൈക്കോടതി 17 കോടി രൂപകൂടി കെട്ടിവയ്ക്കാൻ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിട്ടി യോഗം ചേർന്ന് ഹൈക്കോടതി നിർദേശിച്ച തുക കെട്ടിവയ്ക്കുകയും ദുരന്തനിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുകയുമായിരുന്നു. എൽസ്റ്റൺ എസ്റ്റേറ്റിലെ 64 ഏക്കറിലാണ് ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിലെ ജനങ്ങൾക്കായി മാതൃകാ ഭവനം ഉയരുക. ഏഴ് സെന്റ് ഭൂമിയും അതിൽ 1000 ചതുരശ്ര അടി വിസ്തൃതിയിലുള്ള വീടുമാണ് ഓരോ ദുരന്ത ബാധിതര്‍ക്കും ലഭിക്കുക.

ഒറ്റക്കെട്ടായി പൂർത്തിയാക്കും: മുഖ്യമന്ത്രി

വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നത് ഒറ്റക്കെട്ടായി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വെല്ലുവിളികൾ മറികടന്ന് പുനരധിവാസം പൂർത്തീകരിക്കാൻ പ്രതിജ്ഞാബദ്ധമായി സർക്കാർ മുന്നോട്ടുപോവുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ദുരന്തബാധിതർക്കായുള്ള മാതൃകാ ടൗൺഷിപ്പിന്റെ നിർമ്മാണം ആരംഭിച്ചു. ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് പുതുക്കിയ ന്യായവില പ്രകാരമുള്ള അധിക നഷ്ടപരിഹാരമായ 17.77 കോടി രൂപ കോടതിയിൽ കെട്ടിവച്ച് എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിക്കുന്ന മാതൃകാ ടൗൺഷിപ്പിനുള്ള ഭൂമി സർക്കാർ ഏറ്റെടുത്തു. മുൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 26 കോടി രൂപ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന്റെ അക്കൗണ്ടിൽ മുമ്പ് കെട്ടിവച്ചിട്ടുണ്ടായിരുന്നു. അത് കൂടാതെയാണ് ഈ തുക കൂടി കെട്ടിവച്ച് ഭൂമി ഏറ്റെടുത്തത്. ഹൈക്കോടതി ഉത്തരവ് വെള്ളിയാഴ്ച രാത്രി ഏഴിന് ശേഷമാണ് ലഭിച്ചത്. തുടർന്ന് വയനാട് ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം രാത്രിയിൽ തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കി. ഏറ്റെടുത്ത ഭൂമിയിൽ നിർമ്മാണ പ്രവൃത്തികൾ ഇന്നലെ ആരംഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version