Site iconSite icon Janayugom Online

വയനാട് പുനരധിവാസം: ഭൂമി ഏറ്റെടുക്കലിന്‌ സ്റ്റേയില്ല

മുണ്ടക്കൈ — ചൂരല്‍മല പുനരധിവാസം തടസപ്പെടാന്‍ പാടില്ലെന്ന് ഹൈക്കോടതി. ഭൂമി ഏറ്റെടുക്കുന്ന നടപടിക്ക് സ്റ്റേ നല്‍കാന്‍ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു.
ഏറ്റെടുക്കുന്ന ഭൂമിക്ക് പണം നല്‍കണമെന്ന ഹാരിസണ്‍സിന്റെ വാദം കോടതി അംഗീകരിച്ചില്ല. സര്‍ക്കാരിന്റെ പണം സ്വകാര്യ വ്യക്തിക്ക് നല്‍കിയാല്‍ തിരിച്ചുപിടിക്കാന്‍ പ്രയാസമാകും. പുനരധിവാസ വിഷയത്തില്‍ പൊതുതാല്പര്യം സംരക്ഷിക്കപ്പെടണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ബാങ്ക് ഗാരന്റി നല്‍കണമെന്ന ഉത്തരവ് ചോദ്യം ചെയ്ത് ഹാരിസണ്‍സ് നല്‍കിയ അപ്പീലിലാണ് നടപടി. അതേസമയം നിയമ പ്രശ്നത്തില്‍ ഡിവിഷന്‍ ബെഞ്ച് വാദം കേള്‍ക്കും.
ചൂരൽമല‑മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ടൗൺഷിപ്പ് നിർമ്മിക്കാനായി ഭൂമി ഏറ്റെടുക്കാമെന്ന് സിംഗിൾ ബെഞ്ച് നേരത്തെ വിധിച്ചിരുന്നു. എസ്റ്റേറ്റ് ഉടമകളുടെ ഹർജി തള്ളിക്കൊണ്ടായിരുന്നു സുപ്രധാന വിധി. എസ്റ്റേറ്റ് ഭൂമികൾക്ക് നഷ്ടപരിഹാരം നൽകികൊണ്ട് ഏറ്റെടുക്കാമെന്നായിരുന്നു ഉത്തരവ്. ലാൻഡ് അക്വിസിഷൻ നിയമപ്രകാരമായിരിക്കും ഭൂമി ഏറ്റെടുക്കുകയെന്നും ഹൈക്കോടതി ഉത്തരവിൽ പറഞ്ഞിരുന്നു.
എസ്റ്റേറ്റ് ഭൂമി ടൗൺഷിപ്പിനായി അളന്നുതിട്ടപ്പെടുത്തുന്നതിന് സർക്കാരിന് വേണ്ട സഹായം ചെയ്തു കൊടുക്കണം. നഷ്ടപരിഹാരത്തിൽ തർക്കം ഉണ്ടെങ്കിൽ എസ്റ്റേറ്റ് ഉടമകൾക്ക് നിയമനടപടികളുമായി മുന്നോട്ടുപോകാമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ഹാരിസൺസ് മലയാളം ലിമിറ്റഡും എൽസ്റ്റോണ്‍ എസ്റ്റേറ്റുമായിരുന്നു ഏറ്റെടുക്കലിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
ഉത്തരവിന്റെ പിറ്റേന്ന് മുതൽ നടപടികൾ ആരംഭിക്കാമെന്നും ഭൂമി അളന്നു തിട്ടപ്പെടുത്താമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഭൂമിയേറ്റെടുപ്പിനായി സർക്കാരിന് അനുമതി നൽകിയ ഉത്തരവിനെതിരെയാണ് അപ്പീലുമായി ഹാരിസൺസ് മലയാളം ലിമിറ്റഡ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് 13ന് വീണ്ടും പരിഗണിക്കും.

Exit mobile version