ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന് മൂന്നാഴ്ചയ്ക്കകം ദുരന്തബാധിതര്‍ക്ക് താല്‍ക്കാലിക പുനരധിവാസം ഉറപ്പാക്കി സംസ്ഥാന സര്‍ക്കാര്‍. ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന 630 കുടുംബങ്ങളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. 160 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിശ്ചയിച്ചു നല്‍കി. പുനരധിവസിപ്പിച്ചതില്‍ 26 എണ്ണം സര്‍ക്കാര്‍ കെട്ടിടങ്ങളാണ്. നിലവില്‍ അഞ്ച് ക്യാമ്പുകളില്‍ 97 കുടുംബങ്ങളാണ് തുടരുന്നത്. മേപ്പാടി, മുപ്പൈനാട്, വൈത്തിരി, കല്പറ്റ, മുട്ടില്‍, അമ്പലവയല്‍, മീനങ്ങാടി, വേങ്ങപ്പള്ളി, പൊഴുതന തുടങ്ങിയ തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിലാണ് കൂടുതലായി പുനരധിവാസം നടന്നത്. ദുരന്തബാധിതരുടെ താല്പര്യം കൂടി പരിഗണിച്ചാണിത്.
304 അതിഥിത്തൊഴിലാളികളെ മാതൃസംസ്ഥാനത്തേക്ക് അയച്ചു. ബാക്കിയുള്ളവരെ സുരക്ഷിതമായ തൊഴിലിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. 211 തോട്ടം തൊഴിലാളി കുടുംബങ്ങളില്‍ 54 കുടുംബങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ക്യാമ്പുകളിലുള്ളത്. സുരക്ഷിതമായ തൊഴിലിടങ്ങളിലേക്കും വാടക വീടുകളിലേക്കുമാണ് ഇവരെ മാറ്റിപ്പാര്‍പ്പിച്ചത്.
സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകള്‍, സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന വാടകവീടുകള്‍, ദുരന്തബാധിതര്‍ സ്വന്തം നിലയില്‍ കണ്ടെത്തിയ വാടകവീടുകള്‍, ബന്ധുവീടുകള്‍ എന്നിവിടങ്ങളിലേക്ക് താല്‍ക്കാലികമായി മാറുന്ന മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും എല്ലാ ആനുകൂല്യങ്ങളും സര്‍ക്കാര്‍ ഉറപ്പാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കട്ടില്‍, ഡൈനിങ് ടേബിള്‍, കസേരകള്‍, അലമാര, ബെഡ്, ബെഡ്ഷീറ്റ്, തലയണ എന്നിവയ്ക്ക് പുറമേ ക്ലീനിങ് ലോണ്ടറി കിറ്റുകള്‍ അടുക്കള സാധനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റ്, ഭക്ഷണസാമഗ്രികളുടെ കിറ്റ് തുടങ്ങിയവയും എത്തിച്ചു നല്‍കുന്നുണ്ട്. കൂടാതെ സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച 6000 രൂപ മാസ വാടകയും നല്‍കും.
ദുരന്തബാധിതര്‍ക്ക് പൂര്‍ണസജ്ജമായ സ്ഥിര പുനരധിവാസം ഉറപ്പാക്കുന്നതിന് മുന്നോടിയായാണ് താല്‍ക്കാലിക പുനരധിവാസം വളരെ വേഗം സാധ്യമാക്കുന്നത്. കുടുംബാംഗങ്ങളുടെ എണ്ണം, ആവശ്യങ്ങള്‍, മുന്‍ഗണനകള്‍ എന്നിവ അടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകളും വാടക വീടുകളും അനുവദിക്കുന്നത്. അതേസമയം വയനാട് ഉരുൾപൊട്ടൽ സംബന്ധിച്ച് ഭൗമശാസ്ത്രജ്ഞൻ ജോൺമത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ദുരന്തനിവാരണ അതോറിട്ടിക്ക് റിപ്പോർട്ട് സമർപ്പിച്ചു. രണ്ട് റിപ്പോർട്ടുകളാണ് നൽകിയത്. 12 സ്ഥലങ്ങൾ സന്ദർശിച്ച് പുനരധിവാസത്തിനുള്ള അഞ്ച് സ്ഥലങ്ങൾ കണ്ടെത്തിയെന്ന് റിപ്പോർട്ടിലുണ്ടെന്നാണ് സൂചന.