Site iconSite icon Janayugom Online

വയനാട് ദുരന്തം; ദുരിതബാധിതരുടെ പുനരധിവാസ നടപടികൾ പുരോഗമിക്കുന്നു: മുഖ്യമന്ത്രി

വയനാട് ഉരുൾപൊട്ടലിൽ ദുരിതബാധിതരായവരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികൾ പുരോ​ഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുനരധിവാസത്തിന്റെ വിവിധ വശങ്ങൾ ദുരന്ത ബാധിത പ്രതികരണ രം​ഗത്തെ വിദ​ഗ്ധരുമായും ദുരന്ത മേഖലയിലെ ജനപ്രതിനിധികളുമായും ചർച്ച ചെയ്യാൻ തീരുമാനിച്ചു. അതിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ബന്ധപ്പെട്ട എല്ലാവരിൽ നിന്നുമുള്ള അഭിപ്രായം അറിയാനാണ് തീരുമാനം. അഭിപ്രായം ശേഖരിച്ച ശേഷം പുനരധിവാസ പദ്ധതിക്ക് അന്തിമരൂപം നൽകുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

729 കുടുംബങ്ങളാണ് ക്യാമ്പുകളിലുണ്ടായിരുന്നത്. നിലവിൽ 219 കുടുംബങ്ങൾ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. മറ്റുള്ളവർ വാടകവീടുകളിലേക്കും കുടുംബവീടുകളിലേക്കും മാറി. ഇവർക്ക് സർക്കാർ അനുവദിച്ച വാടക തുക നൽകും. 75 സർക്കാർ ക്വാർട്ടേഴ്സുകൾ താമസയോ​ഗ്യമാക്കിയിട്ടുണ്ട്. ഇവയിൽ 83 കുടുംബങ്ങളെ താമസിപ്പിക്കാനാകും. സർക്കാർ കണ്ടെത്തിയ 177 വീടുകൾ വാടകയ്ക്ക് നൽകാൻ ഉടമസ്ഥർ തയാറായിട്ടുണ്ട്. അതിൽ 123എണ്ണം ഇപ്പോൾ തന്നെ താമസയോ​ഗ്യമാണ്. 105 വാടകവീടുകൾ ഇതിനകം നൽകി കഴിഞ്ഞു. വീടുകൾ കണ്ടെത്തുന്നതിൽ കാര്യമായ തടസം ഇല്ല.

മരണപ്പെട്ട 59 പേരുടെ ആശ്രിതർക്ക് 6 ലക്ഷം രൂപ വീതം വിതരണം ചെയ്തു. 691 കുടുംബങ്ങൾക്ക് അടയന്തര സഹായമായി 10,000 രൂപ നൽകി. 172 പേരുടെ മരണാനന്തര ചടങ്ങുകൾക്ക് 10, 000 രൂപ അനുവദിച്ചു. 119 പേരെയാണ് കണ്ടെത്താനുള്ളത്. 91 പേരുടെ ബന്ധുക്കളിൽ നിന്ന് ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

updat­ing…

Exit mobile version