വയനാട് പ്രകൃതിദുരന്തത്തെ തുടർന്നുള്ള രക്ഷാപ്രവർത്തനവും പുനരധിവാസവും അനന്യമായ മാതൃകകളായി എന്നും ലോകം പരിഗണിയ്ക്കുമെന്ന് റവന്യൂമന്ത്രി കെ രാജൻ പറഞ്ഞു. വടകരയ്ക്കടുത്ത് ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ മുപ്പത്തിനാലാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സ്നേഹവും കാരുണ്യവും ചുരത്തിയ നിറമാറുമായ്, അമ്മ നഷ്ടപ്പെട്ട ഏതെങ്കിലും കുഞ്ഞുങ്ങളുണ്ടെങ്കിൽ മുലപ്പാൽ നൽകാൻ തയ്യാറാണെന്ന് പറഞ്ഞ അമ്മമാരാണ് കേരള പുനരധിവാസത്തിന്റെ അടിസ്ഥാന മാതൃകയെന്നും മന്ത്രി പറഞ്ഞു. ചൂരൽമലയിൽ ആദ്യം എത്തിയ സർക്കാർ വിഭാഗം പൊലീസായിരുന്നു. ഒഴുകിപ്പോയ പാലത്തിന് പകരം സംവിധാനം സൈന്യം ഒരുക്കും മുമ്പ് ഉള്ള സാധ്യതകൾ ഉപയോഗിച്ച് പൊലീസ് സാഹസികമായ രക്ഷാപ്രവർത്തനം നടത്തിയെന്നും ഒരുപാട് ജീവനുകൾ അതുവഴി രക്ഷിക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിടപ്പാടം നഷ്ടപ്പെട്ടവർക്കായി ഒരുക്കുന്ന ടൗൺഷിപ്പ് പുനരധിവാസത്തിന്റെ ഏറ്റവും നല്ല മാതൃകയാവുമെന്നും മന്ത്രി പറഞ്ഞു.
പൊലീസിലെ ജോലി ഭാരമുൾപ്പെടെയുള്ള എല്ലാ പ്രശ്നങ്ങളിലും ന്യായമായ പരിഹാരം സർക്കാർ ഉറപ്പ് വരുത്തുമെന്നും അദ്ദേഹം ഉറപ്പ് നൽകി. കെ പി ഒ എ സംസ്ഥാന പ്രസിഡന്റ് ആർ പ്രശാന്ത് അധ്യക്ഷത വഹിച്ചു. ക്രമസമാധാന വിഭാഗം എ ഡി ജി പി എം ആർ അജിത്കുമാർ, പയ്യോളി നഗരസഭാ ചെയർമാൻ വി കെ അബ്ദുറഹ്‌മാൻ, പൊലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എസ് ആർ ഷിനോദാസ് എന്നിവർ പ്രസംഗിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി ആർ ബിജു പ്രവർത്തന റിപ്പോർടും ട്രഷറർ കെ എസ് ഔസേഫ് വരവ് ചെലവ് കണക്കും ജോയിൻ സെക്രട്ടറി പി പി മഹേഷ് നയരേഖയും വൈസ് പ്രസിഡന്റുമാരായ വി ഷാജി പ്രമേയങ്ങളും കെ ആർ ഷെമിമോൾ അനുസ്മരണ പ്രമേയവും അവതരിപ്പിച്ചു. പ്രേംജി കെ നായർ സ്വാഗതവും എം ആർ ബിജു നന്ദിയും പറഞ്ഞു. ഇന്ന് റിപ്പോർട്ടിൻ മേൽ ചർച്ച നടക്കും. ശനിയാഴ്ച കാലത്ത് പത്ത് മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന സെമിനാർ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.