Site icon Janayugom Online

കാലാവസ്ഥാ കെടുതികള്‍ക്ക് നഷ്ടപരിഹാര നിധി

disaster

കാലാവസ്ഥാ വ്യതിയാനങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്ന വികസ്വര രാജ്യങ്ങള്‍ക്ക് നഷ്ടപരിഹാര സഹായം നല്‍കാന്‍ സമ്പന്നരാജ്യങ്ങളുമായി ധാരണ. ഈജിപ്തില്‍ നടന്ന യുഎന്നിന്റെ കോണ്‍ഫറന്‍സ് ഓഫ് ദ പാര്‍ട്ടീസ് (സിഒപി 27) ഉച്ചകോടിയില്‍ അവസാന മണിക്കൂറുകളിലാണ് ഇതു സംബന്ധിച്ച് ലോകരാജ്യങ്ങള്‍ ധാരണയിലെത്തിയത്. ഉച്ചകോടിയുടെ സമാപന പ്ലീനറിയിലെ ചര്‍ച്ചകള്‍ 40 മണിക്കൂറോളം നീണ്ടുനിന്നു.
വികസ്വര രാജ്യങ്ങളും പരിസ്ഥിതി സംഘടനകളും ദീർഘകാലമായി ഉന്നയിച്ച ആവശ്യമാണ് സിഒപി 27 അംഗീകരിച്ചിരിക്കുന്നത്. സമ്പന്നരാഷ്ട്രങ്ങളുടെ ക്രമാതീതമായ മാലിന്യങ്ങളും പ്രകൃതിനശീകരണ പ്രവർത്തനങ്ങളുമാണ് പലയിടങ്ങളിലും രൂക്ഷമായ പ്രകൃതിദുരന്തങ്ങൾക്ക് വഴിവച്ചിട്ടുള്ളതെന്നും ദരിദ്രരാജ്യങ്ങൾക്ക് ഇത്തരം പ്രകൃതി ദുരന്തങ്ങൾ കൂടി താങ്ങാനുള്ള കഴിവില്ലെന്നും നഷ്ടപരിഹാരമെന്ന നിലയിൽ ദുരന്തബാധിത രാജ്യങ്ങളെ സഹായിക്കേണ്ട ഉത്തരവാദിത്തം സമ്പന്ന രാജ്യങ്ങൾ കാണിക്കണമെന്നും യുഎന്നിൽ നിരന്തരവാദം ഉയർന്നിരുന്നു. 

കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുണ്ടായ ഏറ്റവും മോശമായ ദിവസങ്ങളിലൂടെ കടന്നുപോകുന്നതിനിടെയാണ് നഷ്ടപരിഹാരമെന്ന ആവശ്യം ശക്തമായത്. 39 ദ്വീപ് രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ അസോസിയേഷന്‍ ഓഫ് സ്മാള്‍ ഐലന്റ് സ്റ്റേറ്റ്സിന്റെ സമ്മര്‍ദ്ദത്തിന് മുന്നില്‍ വികസിതരാജ്യങ്ങള്‍ മുട്ടുമടക്കുകയായിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച വിശാല കരാര്‍ രൂപീകരിച്ചിട്ടില്ല. ചര്‍ച്ചയ്ക്കുവന്ന മറ്റ് വിഷയങ്ങളിലൊന്നും കാര്യമായ പുരോഗതിയുണ്ടാക്കാന്‍ ഉച്ചകോടിക്ക് സാധിച്ചിട്ടുമില്ല.
അമേരിക്കയാണ് നിലവിൽ ഏറ്റവുമധികം ഹരിത ഗൃഹവാതകങ്ങൾ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നത്. രാത്രി ഏറെ നീണ്ട ചർച്ചകൾക്കൊടുവിൽ ഫണ്ട് നൽകാമെന്ന് അമേരിക്ക സമ്മതിക്കുകയായിരുന്നു. തീരുമാനം അംഗീകരിച്ചാൽ നിയമപരമായ ബാധ്യത രാജ്യത്തിനുണ്ടാകുമെന്ന് ഭയന്നാണ് സമ്പന്നരാജ്യങ്ങളെല്ലാം കരാറിനെ എതിര്‍ത്തിരുന്നത്. എന്നാൽ പുതിയ കരാര്‍ അനുസരിച്ച് ഈ തുക നൽകുന്നതിന് രാജ്യങ്ങൾക്ക് നിയമപരമായ ബാധ്യത ഉണ്ടാവില്ല. സഹായത്തിനുള്ള പണം എങ്ങനെ കണ്ടെത്തണം, ഏതൊക്കെ രാജ്യങ്ങൾ സംഭാവന നൽകണം, ഈ പണം എങ്ങനെ വിനിയോഗിക്കണം എന്ന് തീരുമാനിക്കാനായി കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. 24 രാജ്യങ്ങളിലെ പ്രതിനിധികളെയാണ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുക.

വെള്ളപ്പൊക്കം, വരള്‍ച്ച തുടങ്ങിയ കാലാവസ്ഥാ ദുരന്തങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായം നല്‍കണമെന്ന് ദ്വീപ് രാജ്യങ്ങള്‍ ഉള്‍പ്പെടെ യുഎന്നിന് മുന്നില്‍ ആവശ്യം ഉന്നയിച്ചിരുന്നു. 1992 ലാണ് ആദ്യമായി ഇത്തരത്തിലൊരു ആവശ്യം മുന്നോട്ട് വയ്ക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ നഷ്ടപരിഹാര നിധി എന്ന ആവശ്യം വെള്ളിയാഴ്ച ഏകദേശം അംഗീകരിച്ചിരുന്നു. എന്നാല്‍ നഷ്ടപരിഹാരനിധിയിലേക്ക് ഒറ്റയ്ക്ക് പണം നല്‍കാനാകില്ലെന്നും കൂടുതല്‍ രാജ്യങ്ങള്‍ സംഭാവന ചെയ്യണമെന്നും യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു.
50,000 കോടി ഡോളര്‍ നഷ്ടപരിഹാര സഹായനിധിയിലേക്ക് സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രതിവര്‍ഷം 20,000 കോടി ഡോളര്‍ വീതം സമാഹരിക്കാനും ലക്ഷ്യമിടുന്നതായി സിഒപി 27 പ്രസിഡന്റ് എച്ച് ഇ സമീഷ് ഷൗക്രി പറഞ്ഞു. നീതി ഉറപ്പാക്കുന്നതിലേക്കുള്ള നിര്‍ണായകമായ കാല്‍വയ്പാണ് നഷ്ടപരിഹാര നിധി രൂപീകരിക്കാനുള്ള തീരുമാനമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറ‌ഞ്ഞു. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. 

Eng­lish Sum­ma­ry: Weath­er Dam­age Com­pen­sa­tion Fund

You may also like this video

Exit mobile version