Site iconSite icon Janayugom Online

രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു

ഓണം പ്രമാണിച്ച് എല്ലാ ഗുണഭോക്താക്കൾക്കുമുള്ള രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 212 കോടി രൂപയുമുൾപ്പെടെ 1,762 കോടി രൂപയുമാണ് ഇതിനായി അനുവദിച്ചത്.

60 ലക്ഷത്തോളം പേർക്കാണ് 3,200 രൂപ വീതം പെൻഷൻ ലഭിക്കുക. ഓഗസ്റ്റ് 23 നുള്ളിൽ പെൻഷൻ വിതരണം പൂർത്തിയാക്കും. സാമൂഹ്യസുരക്ഷാ പെൻഷനുകൾക്ക് കേന്ദ്ര സർക്കാർ നൽകേണ്ട വിഹിതം മുടങ്ങി രണ്ട് വർഷമായിട്ടും പെൻഷൻ വിതരണം മുടങ്ങാതെ കൊണ്ടുപോകാൻ എൽഡിഎഫ് സർക്കാരിനായത് അഭിമാനകരമായ കാര്യമാണ്.

എല്ലാത്തരം ധനസഹായങ്ങളും തങ്ങളുടെ പിഎഫ്എംഎസ് സോഫ്റ്റ്‌വെയർ വഴി തന്നെയാകണമെന്ന കേന്ദ്ര സർക്കാർ നിബന്ധന പൂർത്തിയാക്കിയിട്ടും 2021 ജനുവരി മുതൽ സംസ്ഥാന സർക്കാർ എൻഎസ്എപി ഗുണഭോക്താക്താക്കൾക്ക് വിതരണം ചെയ്ത ധനസഹായത്തിന്റെ കേന്ദ്രവിഹിതമായ 580 കോടി രൂപ ഇതുവരെ ലഭിച്ചിട്ടില്ല. 6,88,329 പേർക്കാണ് മാത്രമാണ് എൻഎസ്എപി വഴി കേന്ദ്ര സഹായം ലഭിക്കുന്നത്.

കേന്ദ്ര വിഹിതം ലഭിക്കാതിരുന്നിട്ടും 2021 ജനുവരി മുതൽ എൻഎസ്എപി ഗുണഭോക്താക്കൾ ഉൾപ്പെടെ പെൻഷൻ അർഹതയുള്ള എല്ലാ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്കും മുഴുവൻ തുകയും സംസ്ഥാന സർക്കാർ നൽകി വരുന്നു. ജനങ്ങൾക്ക് നൽകിയ ഉറപ്പു വിട്ടുവീഴ്ചയില്ലാതെ സർക്കാർ പാലിക്കുകയാണെന്നും ഒരുമിച്ച് ഒരേ മനസ്സോടെ മുന്നോട്ടു പോകാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Eng­lish Sam­mury: Dis­tri­b­u­tion of wel­fare pen­sion for two months has started

Exit mobile version