Site icon Janayugom Online

പാശ്ചാത്യ ഉപരോധം ഇന്ത്യക്ക് ഗുണകരമായി; റഷ്യന്‍ വിപണിയിലേക്ക് ഇന്ത്യ

പശ്ചാത്യരാജ്യങ്ങളുടെ ഉപരോധത്തെ തുടര്‍ന്ന് റഷ്യന്‍ വിപണിയിലുണ്ടായ വിടവ് നികത്താനൊരുങ്ങി ഇന്ത്യന്‍ കമ്പനികള്‍. ഉക്രെയ്‌നിലെ പ്രത്യേക സൈനിക നടപടിക്ക് പിന്നാലെ യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്ക, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളും റഷ്യക്ക് ഉപരോധം ഏര്‍പ്പെടുത്തുകയായിരുന്നു. ഉപരോധത്തെ തുടര്‍ന്ന് റഷ്യന്‍ വിപണിയില്‍ വന്ന കുറവുകള്‍ നികത്തി കച്ചവടം ഉറപ്പിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യന്‍ കമ്പനികള്‍. മരുന്ന് മുതല്‍ എഫ്എംസിജി ഉല്പന്നങ്ങള്‍ വരെ റഷ്യന്‍ വിപണിയില്‍ ഇന്ത്യ ഇറക്കിക്കഴിഞ്ഞു. ഇന്ത്യന്‍ കമ്പനികള്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ബ്രിക്സ് ബിസിനസ് ഫോറത്തില്‍ റഷ്യന്‍ പ്രസി‍‍‍ഡന്റ് വ്ലാഡിമിര്‍ പുടിന്‍ പറഞ്ഞിരുന്നു. 

ഉപരോധത്തിന് പിന്നാലെ ആപ്പിള്‍, ഇകേയ, മക്ഡൊണാള്‍ഡ്സ് തുടങ്ങിയ കോര്‍പറേറ്റ് ഭീമന്‍മാര്‍ റഷ്യ വിട്ടിരുന്നു. ബെര്‍ഗര്‍ പെയിന്റ്സ്, ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ്, സിസിഎല്‍ പ്രൊഡക്ട്സ് ഇന്ത്യ ലിമിറ്റഡ്, തുടങ്ങിയ കമ്പനികളെല്ലാം റഷ്യന്‍ വിപണി ലക്ഷ്യമിട്ട് കഴിഞ്ഞു.
ഇന്ത്യയുടെ ആയുധ പങ്കാളിയായ റഷ്യ ഉക്രെയ്‌നില്‍ സൈനിക നടപടി ആരംഭിച്ചപ്പോള്‍ ഇന്ത്യ അപലപിക്കാന്‍ തയ്യാറായിരുന്നില്ല. ആഗോള ഇന്ധന വില കുതിച്ചുയരുമ്പോഴും കുറഞ്ഞവിലയില്‍ റഷ്യന്‍ എണ്ണ ഇന്ത്യക്ക് ലഭ്യമായി. പശ്ചാത്യരാജ്യങ്ങളുടെ ഉപരോധത്തിന് പിന്നാലെ ഇന്ത്യയും ചൈനയും വാങ്ങുന്ന ഇന്ധനത്തിന്റെ അളവ് വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. അതേസമയം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉള്‍പ്പെടെയുള്ള സ്വകാര്യ റിഫൈനറികള്‍ക്കാണ് റഷ്യന്‍ കമ്പനികളുമായി കരാറുള്ളത്. 

റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതി ഏപ്രില്‍ മുതല്‍ 50 മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. ഏപ്രിലില്‍ ഇറക്കുമതി ചെയ്ത മൊത്തം എണ്ണയില്‍ 10 ശതമാനവും റഷ്യയില്‍നിന്നാണ്. 2021 ലും 2022 ലെ ആദ്യപാദത്തിലും 0.2 ശതമാനം മാത്രമായിരുന്നു റഷ്യന്‍ എണ്ണയുടെ പങ്കാളിത്തം. എണ്ണ ഇറക്കുമതിയില്‍ സൗദി അറേബ്യയെ പിന്തള്ളി റഷ്യ ഇറാഖിന് പിന്നില്‍ ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരുമായി. യുഎസിനും ചൈനയ്ക്കും ശേഷം, ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവാണ് ഇന്ത്യ, ഇതില്‍ 85 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. ആഗോളവിലയേക്കാള്‍ ബാരലിന് 25 ഡോളര്‍ കുറവിലാണ് ഇന്ത്യക്ക് റഷ്യ എണ്ണ നല്‍കുന്നത്. റഷ്യന്‍ എണ്ണയുടെ 40 ശതമാനവും റിലയന്‍സ് ഇന്‍ഡസ്ട്രീസും റോസ്നെഫ്റ്റ് പിന്തുണയുള്ള നയാര എനര്‍ജിയുമാണ് വാങ്ങിയിട്ടുള്ളത്. 

Eng­lish Summary:Western sanc­tions ben­e­fit­ed India; India to the Russ­ian market
You may also like this video

Exit mobile version