Site iconSite icon Janayugom Online

നഷ്ടമായത് അതുല്യ ചലച്ചിത്ര പ്രതിഭയെ: ബിനോയ് വിശ്വം

അതുല്യനായ ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണിന്റെ നിര്യാണത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അനുശോചിച്ചു. അരവിന്ദനെന്ന മഹാപ്രതിഭയ്ക്കൊപ്പം ഛായാഗ്രാഹകനായി സിനിമാ രംഗത്തെത്തിയ അദ്ദേഹം നാല്പതോളം ചലച്ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചുകൊണ്ട് തന്റെ പ്രതിഭ അടയാളപ്പെടുത്തി. പിന്നീട് പിറവി എന്ന സിനിമയിലൂടെ സംവിധാനരംഗത്തെത്തിയ അദ്ദേഹം ലോകം ശ്രദ്ധിച്ച സംവിധായകനായി. ദേശീയ, അന്തർദേശീയ പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ പിറവിക്കുശേഷം സംവിധാനം ചെയ്ത ഓരോ സിനിമകളും ഒന്നിനൊന്ന് മെച്ചപ്പെട്ടവയായിരുന്നു.

കേരള രാജ്യാന്തര ചലച്ചിത്രമേള, ചലച്ചിത്ര വികസന കോര്‍പറേഷന്‍ — അക്കാദമി എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി മികച്ച സംഘാടകനെന്ന നിലയിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു. തന്റെ രാഷ്ട്രീയ ബോധ്യങ്ങളെ സിനിമയില്‍ അവതരിപ്പിക്കുന്നതിലും പൊതു ഇടങ്ങളില്‍ രാഷ്ട്രീയ പക്ഷപാതിത്വം വിളിച്ചുപറയുന്നതിലും മടി കാട്ടാതിരുന്ന സിനിമാ പ്രവര്‍ത്തകനായിരുന്നു ഷാജി എന്‍ കരുണ്‍. അദ്ദേഹത്തിന്റെ വേര്‍പാട് ചലച്ചിത്ര രംഗത്തിനുമാത്രമല്ല പൊതുസമൂഹത്തിനും വലിയ നഷ്ടമാണുണ്ടാക്കിയതെന്നും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും ബിനോയ് വിശ്വം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Exit mobile version