ടേക്ക് ഓഫിനിടെ വീൽ നഷ്ടമായതിനെത്തുടർന്ന് മുംബൈ വിമാനത്താവളത്തിൽ ലാൻഡിംഗ് നടത്തി സ്പൈസ് ജെറ്റ് വിമാനം. ടേക്ക് ഓഫിനിടെ വിമാനത്തിൻറെ വീൽ ഊരിപ്പോകുകയായിരുന്നു. 75 യാത്രക്കാരുമായി ഗുജറാത്തിലെ കണ്ട്ല വിമാനത്താവളത്തിൽ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന വിമാനത്തിൻറെ പിൻചക്രങ്ങളിൽ ഒന്ന് ഊരിപ്പോകുകയായിരുന്നു.
വിമാനം പറന്നുയർന്നതോടെ ഒരു കറുത്ത വസ്തു താഴേക്ക് വീഴുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ തുടർന്ന് നടത്തിയ പരിശോധനയിലാണ് വീൽ ഊരിപ്പോയത് കണ്ടെത്തിയത്. തുടർന്ന് പൈലറ്റിനെ വിവരമറിയിക്കുകയും മുംബൈ വിമാനത്താവളത്തിൽ അടിയന്തര ജാഗ്രത നിർദേശം നൽകുകയുമായിരുന്നു. തുടർന്ന് വിമാനം സുരക്ഷിത ലാൻഡിംഗ് നടത്തി. യാത്രക്കാർ സുരക്ഷിതരാണെന്ന് വിമാനക്കമ്പനി അറിയിച്ചു.

